രോഹിത് വെമുല ആക്ട് നടപ്പാക്കണം: മുനീബ് കാരക്കുന്ന്

പ്രതിഷേധ ധർണ്ണ ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

മലപ്പുറം: ദലിത് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും വിവേചനങ്ങൾക്ക് ഇരയാക്കിക്കൊണ്ടിരിക്കുന്ന വംശീയബോധങ്ങൾക്കെതിരായ സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തണമെന്നും ക്യാമ്പസുകൾ വിദ്യാർത്ഥി സൗഹൃദങ്ങളാവണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ആവശ്യപ്പെട്ടു.

നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെഎസ്ആർടിസി ബസ്റ്റാന്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറെ പ്രതീക്ഷകളോടെ കലാലയങ്ങളിലേക്ക് കയറിവരുന്ന നിതിൻരാജിനെ പോലുള്ളവരുടെ ജീവത്യാഗം ഏറെ ദുഃഖകരമാണെന്നും ഇത്തരം സംഭവങ്ങൾ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണന്നും വംശീയ ആക്രമണങ്ങളെ നിയമപരമായി നേരിടാൻ ‘രോഹിത് വെമുല ആക്ട്’ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ധർണ്ണയിൽ കെഡിഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ പി ചിന്നൻ, ദളിത് ലീഗ് മണ്ഡലം പ്രസിഡണ്ട് നീലൻ കോഡൂർ, വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം ഇ.സി. ആയിശ, വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം പ്രസിഡണ്ട് ജലീൽ കോഡൂർ, ബ്ലോക്ക് മെമ്പർ സാജിത അബൂബക്കർ, ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലം സെക്രട്ടറി ഡോ. അമാനുല്ല പെരിമ്പലം, വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം മണ്ഡലം കൺവീനർ അമീന ടി എന്നിവർ സംസാരിച്ചു.

പാർട്ടി മണ്ഡലം സെക്രട്ടറിമഹ്ബൂബുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് രമ്യ രമേശ് സ്വാഗതവും മലപ്പുറം മുനിസിപ്പൽ ആക്ടിംഗ് പ്രസിഡണ്ട് അബ്ദുസ്സമദ് തൂമ്പത്ത് നന്ദിയും പറഞ്ഞു.

Leave a Comment

More News