സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം; അടിയന്തിര നടപടി വേണം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: സാധാരണക്കാരായ രോഗികൾക്ക് ആശ്രയമായ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് ഗണ്യമായി വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ആശ്രയമാകുന്നത് സർക്കാർ ആശുപത്രികൾ മാത്രമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അപൂർവം ചില മരുന്നുകൾ ഒഴികെ, അവശ്യ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ലഭ്യമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം, പെട്ടെന്ന് മരുന്നുകളുടെ ദൗർലഭ്യം പ്രകടമാകുന്നത് സംശയകരമാണ്. ചില കേന്ദ്രങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ, കൃത്രിമമായി മരുന്ന് ക്ഷാമം സൃഷ്ടിക്കുന്നതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ബഹുനില മന്ദിരങ്ങളും ആധുനിക ചികിത്സാ ഉപകരണങ്ങളും ആവശ്യമായ മരുന്നുകളും സർക്കാർ ആശുപത്രികളിൽ ലഭ്യമാണ് എന്നത് ചില സ്വകാര്യ ആശുപത്രി സംരംഭകരുടെ ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ ആശുപത്രികളിലെ ജീവൻരക്ഷാ മരുന്നുകൾ അടക്കമുള്ള മരുന്നുകളുടെ ദൗർലഭ്യം, കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണോ എന്ന് പരിശോധിക്കേണ്ടതാണ്. സാധാരണ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ, ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തി ഉണർന്ന് പ്രവർത്തിക്കണമെന്ന് കാരുണ്യ ചികിത്സാ പദ്ധതി മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയായ കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.

Leave a Comment

More News