കരിമ്പൂച്ചകളും വാഹനവ്യൂഹവുമില്ല; വെറും സാധാരണക്കാരനെപ്പോലെ പിണറായി വിജയന്‍ കണ്ണൂര്‍ റയില്‍‌വേ സ്റ്റേഷനില്‍!

കണ്ണൂർ: കരിമ്പൂച്ചകളുടെയോ വാഹനവ്യൂഹത്തിന്റേയോ ഗണ്‍‌മാന്‍‌മാരുടെയോ അകമ്പടിയില്ലാതെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂര്‍ റയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യാന്‍ അദ്ദേഹം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുമ്പോൾ എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ഇരിക്കുന്ന പിണറായി വിജയനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷും സമീപത്ത് മറ്റൊരു യാത്രക്കാരനും ഉണ്ട്.

മുഖ്യമന്ത്രിയായിരുന്ന കാലത്തെ സുരക്ഷാ ക്രമീകരണങ്ങളുമായും ഔദ്യോഗിക പ്രോട്ടോക്കോളുകളുമായും താരതമ്യം ചെയ്ത് പലരും ചിത്രം പങ്കിടുന്നു. മുമ്പുണ്ടായിരുന്ന സുഖസൗകര്യങ്ങളില്ലാതെ, ട്രെയിൻ കാത്തിരിക്കുന്ന ഒരു സാധാരണ യാത്രക്കാരനെപ്പോലെ അദ്ദേഹം ഇപ്പോൾ ഒരു ബെഞ്ചിൽ ഇരിക്കുന്ന കാഴ്ചയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നതെന്ന് സോഷ്യൽ മീഡിയയിലെ പ്രധാന പ്രതികരണം.

രാഷ്ട്രീയവും സാമൂഹികവുമായ വ്യാഖ്യാനങ്ങളും ചിത്രത്തിന് നല്‍കുന്നുണ്ട്. ജനാധിപത്യത്തിന്റെ സ്വഭാവത്തെയും അധികാരത്തിന്റെ ക്ഷണിക സ്വഭാവത്തെയും ചിത്രം ഓർമ്മിപ്പിക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. മറുവശത്ത്, മുൻ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് പലരും പ്രതികരിച്ചു. പഴയ ഔദ്യോഗിക ചിത്രങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുന്ന ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Leave a Comment

More News