പ്രവാസി വെൽഫെയർ വോളിബോൾ ടൂർണമെന്റ്: കൈനറ്റിക് കിംഗ് ജേതാക്കൾ

പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രഥമ ഏഷ്യന്‍ വോളിബാൾ ടൂർണമെന്റിൽ ജേതാക്കളായ കൈനറ്റിക്  കിംഗ്ടീം

ദോഹ: പ്രവാസി വെൽഫെയ൪  കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സ്പോർട്‌സ് ക്ലബ്ബുമായി സഹകരിച്ച്  സംഘടിപ്പിച്ച പ്രഥമ ഏഷ്യന്‍  വോളീബാൾ ടൂർണമെന്റിൽ കൈനറ്റിക് കിംഗ് ജേതാക്കളായി. അമിഗോസ് വോളി ക്ലബ്ബിനെയാണ്‌ ഫൈനലില്‍ കൈനറ്റിക് കിങ്ങ് പരാജയപ്പെടുത്തിയത്. ടീം തമിഴ്നാടിനെയും എം.സി.സി ഖത്തറിനെയും തോല്പിച്ചാണ്‌ ഇരു ടീമുകളും കലാശപ്പോരാട്ടത്തിന്‌ യോഗ്യത നേടിയത്. പ്രവാസിസമൂഹങ്ങൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ ഖത്തറിലെ പ്രമുഖ പ്രവാസി വോളി ക്ലബ്ബുകള്‍ മാറ്റുരച്ചു. മലയാളി ടീമുകള്‍ക്കൊപ്പം തമിഴ്നാട്, കര്‍ണ്ണാടക, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ടീമുകളും   ടൂർണമെന്റിനെത്തി. കൈനറ്റിക് കിങ്ങിന്റെ ദിയാനത്ത് അലിയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

സമാപനച്ചടങ്ങിൽ വിജയികൾക്ക് കാശ് അവാർഡും ട്രോഫികളും വിതരണം ചെയ്തു.  ഇന്ത്യൻ സ്‌പോർട്സ് സെന്റർ പ്രസിഡണ്ട് ഇ.പി. അബ്ദുറഹ്‌മാൻ, വൈസ് പ്രസിഡണ്ട് സിതേന്ദു പാല്‍, ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹ്‌മദ്, ഐ.എസ്.സി മാനേജിംഗ് കമ്മറ്റിയംഗങ്ങളായ അസീം എം.ടി, ഹംസ, പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ, ഇ൯കാസ് ജനറല്‍ സെക്രട്ടറി വർക്കി ബോബൻ, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, മുഖ്യ പ്രായോജകരായ ഓട്രോള്‍ ടെക്നോളജീസ് ജനറല്‍ മാനേജര്‍ മുഹമ്മദ് ആരിഷ്, ക്യു.എഫ്.എം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് റാസിഖ് നാരങ്ങോളി, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ അബ്ദുറഹീം വേങ്ങേരി, ജനറല്‍ കണ്‍വീനര്‍ മജീദ് ആപറ്റ, സംഘാടക സമിതിയംഗങ്ങളായ നജ്മല്‍ തുണ്ടിയില്‍, ബാസിം കൊടപ്പന, മുജീബ് എം.കെ തുടങ്ങിയവർ നേതൃത്വം നല്‍കി. പ്രമുഖ റഫറി അമീർ കളി നിയന്ത്രിച്ചു. ഹാമിൽട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂൾ ഇൻഡോർ കോർട്ടിൽ നടന്ന വാശിയേറിയ മത്സരങ്ങള്‍ക്ക് കായിക പ്രേമികളും പൊതുജനങ്ങളുമടക്കം നൂറുകണക്കിന് പേര്‍ സാക്ഷികളായി. കേന്ദ്ര, കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമപദ്ധതികളില്‍ അംഗമാകാനുള്ള കൗണ്ടറും ഒരുക്കിയിരുന്നു.

Leave a Comment

More News