കാലിഫോർണിയ:കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ വണ്ടി നിർത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കൊന്ന ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം തടവുശിക്ഷ.. 2021 ഫെബ്രുവരിയിൽ ഫ്രെസ്‌നോയിൽ വച്ചുണ്ടായ ഒരു കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാനാണ് മൂന്ന് കുട്ടികളുടെ അമ്മയായ ജൂലിയാന റാമോസ് (26) തന്റെ വാഹനം നിർത്തിയത്. എന്നാൽ, ഈ സമയം അവിടെയെത്തിയ പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധനായ ഡോ. ജെയിംസ് കൊമാസി തന്റെ എസ്‌യുവി ജൂലിയാനയുടെ മേൽ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിറ്റേറ്റ ഉടൻ തന്നെ ജൂലിയാന സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
അപകടത്തിന് ശേഷം വണ്ടിയിൽ നിന്നിറങ്ങി നോക്കിയ ഡോക്ടർ, പിന്നീട് പോലീസിനെ അറിയിക്കാതെ സംഭവസ്ഥലത്തുനിന്ന് കാറുമായി കടന്നുകളയുകയായിരുന്നു.
വർഷങ്ങൾ നീണ്ട കോടതി നടപടികൾക്കൊടുവിൽ, മനഃപൂർവമല്ലാത്ത നരഹത്യക്കും അപകടമുണ്ടാക്കി നിർത്താതെ പോയതിനും ഡോ. ജെയിംസ് കൊമാസി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാൽ പ്രതിക്ക് വെറും 8 മാസം തടവും പ്രൊബേഷനും മാത്രമാണ് കോടതി ശിക്ഷയായി വിധിച്ചത്.
പ്രതിയുടെ പ്രായവും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്ത പശ്ചാത്തലവും കണക്കിലെടുത്താണ് ശിക്ഷ ചുരുക്കിയതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഒരു ഡോക്ടറായിട്ടുപോലും അപകടത്തിൽപ്പെട്ടയാളെ റോഡിലിട്ട് കടന്നുകളഞ്ഞ പ്രതിക്ക് നൽകിയ ഈ ലഘുവായ ശിക്ഷയ്ക്കെതിരെ ജൂലിയാനയുടെ കുടുംബം കടുത്ത അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി.
