ഇനി ഇവിടെ എന്ത് (കവിത): ഷാഹുൽ പണിക്കവീട്ടിൽ

ഓർമ്മിക്കാൻ പ്രത്യേകിച്ച് ഒന്നും ഇല്ലാത്തവന്റെ
ഉടയതമ്പുരാൻ ആരാണ്?
ഉറങ്ങാൻ ഇടമില്ലാത്തവന്റെ,
ഉടുക്കാൻ ഇല്ലാത്തവന്റെ,
ഉണ്ണാൻ വകയില്ലാത്തവന്റെ
ഉടമയും യജമാനനും ആരാണ്?
​മടുപ്പിന്റെ ഇടനാഴിയിൽ
മുഷിഞ്ഞു നാറുന്ന ഇന്നലെകൾ,
ജീവിതമെഴുതി ചുരുട്ടി കൂട്ടിയെറിഞ്ഞ
മൂലയിൽ ചോര നുണയുന്ന ചോളനുറുമ്പുകൾ.

അഴിഞ്ഞാട്ടങ്ങളുടെ അലുക്കുകളും
അട്ടഹാസങ്ങളുടെ ചില്ലുകളും
ചിതറികിടക്കുന്ന പോർമുഖം.
​ലഹരി നുരഞ്ഞ ഓർമ്മയിൽ
വീണു കിടക്കുന്ന ചഷകങ്ങൾ,
ആർത്തി കൊത്തിയുണക്കിയ
എച്ചിൽ പാത്രങ്ങൾ.
ആളൊഴിഞ്ഞ കസേരയിലെ
ആൾമാറാട്ടങ്ങൾ…
പൊട്ടിച്ചിരിയുടെ ചിതറിയ ചില്ലുകൾ,
ആരവങ്ങളടങ്ങിയ
രാത്രിയുടെ ഊർധ്വശ്വാസം!
​ഒറ്റപ്പെടലിന്റെ ദുർഗന്ധം മണക്കുന്നു,

അയാൾ ചുറ്റും നോക്കി…
അനാഥത്വവും അവഗണനയും
ആഘോഷമാക്കി കടന്നു പോകുന്നവനെ
കാത്തു കിടക്കുന്ന സമയരഥം…
​ശരിയുടെ അഗാധഗർത്തം
അയാളെ ആകർഷിച്ചു!

Leave a Comment

More News