സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതൽ മരംമുറി വരെ: ജയശങ്കര്‍ പിള്ള

മലയാള പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിൽ സത്യത്തിനുവേണ്ടി അധികാരത്തോട് ഏറ്റുമുട്ടിയ ധീരനായ പത്രാധിപനെന്ന നിലയിൽ അനശ്വരമായ സ്ഥാനമാണ് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയ്ക്കുള്ളത്. 1878 മെയ് 25-ന് നെയ്യാറ്റിൻകരയിൽ ജനിച്ച രാമകൃഷ്ണപിള്ള ചെറുപ്പത്തിൽ തന്നെ എഴുത്തിലും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലും ആഴത്തിലുള്ള താൽപര്യം പ്രകടിപ്പിച്ചു. കേരളദർപ്പണം, കേരളപഞ്ചിക, മലയാളി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം 1906-ൽ വക്കം അബ്ദുൽ ഖാദർ മൗലവി സ്ഥാപിച്ച സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപനായി. ആ കാലഘട്ടത്തിൽ തിരുവിതാംകൂർ ഭരണകൂടത്തിന്റെ ദുർനടപടികളെയും, അധികാരികളുടെ അഴിമതിയെയും സ്വജനപക്ഷപാതത്തെയും ഭരണത്തിലെ അനീതികളെയും അദ്ദേഹം നിർഭയമായി വിമർശിച്ചു. അതുകൊണ്ടുതന്നെ സ്വദേശാഭിമാനി എന്ന പത്രത്തിന്റെ പേര് പിന്നീട് രാമകൃഷ്ണപിള്ളയുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായി മാറി. യഥാർത്ഥത്തിൽ “സ്വദേശാഭിമാനി” എന്നത് ആദ്യം പത്രത്തിന്റെ പേരായിരുന്നു. എങ്കിലത്‌ പിന്നീട് ആ പത്രത്തിലൂടെ അദ്ദേഹം ഉയർത്തികാട്ടിയ നിർഭയമായ ശബ്ദവും,പത്ര ധർമ്മവും മുൻനിർത്തി അദ്ദേഹത്തെ “സ്വദേശാഭിമാനി രാമകൃഷ്ണപിള്ള” എന്ന പേരിൽ കേരളത്തിന്റെ മാധ്യമചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതപ്പെട്ടു.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയിൽ രാമകൃഷ്ണപിള്ളയുടെ സംഭാവന വളരെ പ്രധാനപ്പെട്ടതാണ്. പത്രപ്രവർത്തനത്തെ കേവലം വാർത്ത പ്രസിദ്ധീകരിക്കുന്ന ഒരു തൊഴിൽ എന്നതിലുപരി സമൂഹത്തെ ബോധവൽക്കരിക്കുന്ന ഒരു പൊതുസേവനമായും,ധര്മ്മമായും അദ്ദേഹം കണ്ടു. സാമൂഹിക പരിഷ്കാരം, ഭരണപരിഷ്കാരം, വിദ്യാഭ്യാസം, പൊതുജനാവകാശം, രാഷ്ട്രീയബോധം തുടങ്ങിയ വിഷയങ്ങൾ പൊതുജനചർച്ചയുടെ ഭാഗമാക്കുന്നതിൽ അദ്ദേഹത്തിന്റെ പത്രപ്രവർത്തനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലളിതവും ശക്തവുമായ ഭാഷയിൽ സങ്കീർണമായ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങൾ സാധാരണ വായനക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹം നിരന്തരം ശ്രമിച്ചു. മലയാള പത്രഭാഷയുടെ വളർച്ചയിലും എഡിറ്റോറിയൽ എഴുത്തിന്റെ ശക്തിയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നാളിതുവരെയുള്ള മാധ്യമവിദ്യാർത്ഥികൾക്കും,പ്രവർത്തകർക്കും അത് വഴികാട്ടിയുമാണ് .

രാമകൃഷ്ണപിള്ളയുടെ മാധ്യമചിന്തയുടെ മറ്റൊരു വലിയ സംഭാവനയാണ് “വൃത്താന്തപത്രപ്രവർത്തനം” എന്ന കൃതി. പത്രപ്രവർത്തനത്തിന്റെ രീതിശാസ്ത്രവും ഉത്തരവാദിത്വവും വിശദീകരിക്കുന്ന ഈ കൃതി മലയാളത്തിലെ ആദ്യകാല പത്രപ്രവർത്തന പഠനങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഒരു പത്രപ്രവർത്തകൻ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ വാർത്ത എഴുതരുതെന്നും വിവിധ സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് വസ്തുത പരിശോധിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കോടതി, പൊലീസ്, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, പൊതുമരാമത്ത് തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും വിഷയത്തിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കുകയും വേണമെന്ന അദ്ദേഹത്തിന്റെ ചിന്ത ഇന്നത്തെ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനതത്വങ്ങളുമായി ഏറെ സാമ്യമുള്ളതാണ്. വാർത്ത നൽകുന്ന വ്യക്തിക്ക് പൊതുകാര്യങ്ങളിൽ താൽപര്യവും അറിവും സത്യാന്വേഷണ മനോഭാവവും പക്ഷപാതരഹിതമായ സമീപനവും ആവശ്യമാണ് എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ മാധ്യമചിന്ത നൽകുന്നത്. എന്നാൽ ഇതാണ് കാതലായ മാധ്യമ പ്രവർത്തനരീതി എന്നിരിക്കെ സമകാലിക മാധ്യമങ്ങളും,പ്രവർത്തകരും,അവരുടെ സഘടനകളും ഒരു വിരോധാഭാസമായി നിലകൊള്ളുന്നു.

സത്യസന്ധമായ മാധ്യമപ്രവർത്തനം എന്നത് ഒരു രാഷ്ട്രീയ പാർട്ടിയോടും, വ്യക്തിയോടും, അധികാര കേന്ദ്രങ്ങളോടും, വാന്ജയ-കച്ചവടക്കാരോടും,മതങ്ങളോടും പ്രത്യേകമായ അടുപ്പമോ അകൽച്ചയോ പുലർത്തുന്നതല്ല. അധികാരം ആരുടേതായാലും അതിനെ ചോദ്യം ചെയ്യാനുള്ള ധൈര്യമാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം. ഭരണപക്ഷം തെറ്റുചെയ്യുമ്പോൾ ചോദ്യം ചെയ്യുകയും പ്രതിപക്ഷം തെറ്റുചെയ്യുമ്പോഴും അതേ മാനദണ്ഡത്തിൽ ചോദ്യം ചെയ്യുകയും ചെയ്യുക എന്നതാണ് യഥാർത്ഥ മാധ്യമനിഷ്പക്ഷതയുടെ നിലപാട്. വാർത്തയും അഭിപ്രായവും വേർതിരിക്കുക, ആരോപണവും തെളിയിക്കപ്പെട്ട വസ്തുതയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുക, വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കുക, ബന്ധപ്പെട്ട വ്യക്തിക്ക് പ്രതികരിക്കാൻ അവസരം നൽകുക, തെറ്റായ വിവരം നൽകിയാൽ തിരുത്തുക എന്നതിലുപരി തെറ്റായതോ,മനപൂർവം അപകീർത്തിപ്പെടുത്തുന്നതോ ആയ വാർത്തകൾ നല്കാതിരിയ്ക്കുക എന്നതും മാധ്യമധർമ്മത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്.

മാധ്യമധർമ്മം എന്നത് സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും സംയോജനമാണ്. ഒരു വാർത്ത ഒരാളുടെ വ്യക്തിജീവിതത്തെയും സാമൂഹിക പ്രതിച്ഛായയെയും രാഷ്ട്രീയഭാവിയെയും ബാധിക്കാം. അതിനാൽ വാർത്ത പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഉത്തരവാദിത്വവും മാധ്യമപ്രവർത്തകനുണ്ടാകണം. ദുർബലരുടെ ശബ്ദം അധികാരകേന്ദ്രങ്ങളിലേക്ക് എത്തിക്കുക, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അഴിമതിയും അധികാരദുർവിനിയോഗവും പുറത്തുകൊണ്ടുവരിക, സമൂഹത്തിലെ അനീതികളെക്കുറിച്ച് പൊതുചർച്ച സൃഷ്ടിക്കുക എന്നിവ മാധ്യമത്തിന്റെ ജനാധിപത്യപരമായ ഉത്തരവാദിത്വങ്ങളാണ്. എന്നാൽ ഇന്ന് കാണുന്ന മലയാള മാധ്യമങ്ങൾ ഇതിൽ എത്ര കണ്ടു പ്രശോഭിയ്ക്കുന്നു?!

ഇന്നത്തെ മലയാള മാധ്യമരംഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ തത്വങ്ങൾ കൂടുതൽ പ്രസക്തമാകുന്നു. എല്ലാ മാധ്യമങ്ങളും ഒരേ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന് പറയുന്നത് ശരിയല്ല. വ്യത്യസ്ത മാധ്യമസ്ഥാപനങ്ങൾക്ക് വ്യത്യസ്ത ഉടമസ്ഥതാ ഘടനകളും എഡിറ്റോറിയൽ നയങ്ങളും രാഷ്ട്രീയ സമീപനങ്ങളും പ്രവർത്തനരീതികളും ഉണ്ട്. എന്നാൽ രാഷ്ട്രീയ, മത താൽപര്യങ്ങൾ, ഉടമസ്ഥരുടെ സാമ്പത്തിക താൽപര്യങ്ങൾ, പരസ്യവരുമാനം, വിപണിയിലെ മത്സരം, സാമൂഹ്യമാധ്യമങ്ങളുടെ സമ്മർദ്ദം തുടങ്ങിയ ഘടകങ്ങൾ മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്ന ചർച്ച ഇന്ന് ശക്തമാണ്. ഒരു മാധ്യമസ്ഥാപനം ഒരു പ്രത്യേക രാഷ്ട്രീയ താൽപര്യത്തിന്റെ സ്ഥിരം വക്താവായി മാറുമ്പോൾ അതിന്റെ എഡിറ്റോറിയൽ സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വാഭാവികമായും ചോദ്യങ്ങൾ ഉയരും. മാധ്യമ പ്രവർത്തകരുടെ തൊഴിലിൽ അവർക്കു എത്രമാത്രം ധർമ്മവും,നീതിയും പുലർത്തുവാൻ കഴിയും എന്നത് പ്രസക്തമായ ചോദ്യമാണ്.

രാഷ്ട്രീയ അഭിപ്രായമുള്ള മാധ്യമം എന്നതും രാഷ്ട്രീയത്തിന്റെ ചട്ടുകമായി മാറുന്ന മാധ്യമം എന്നതും രണ്ടാണ്. ഒരു മാധ്യമത്തിന് വ്യക്തമായ എഡിറ്റോറിയൽ നിലപാട് ഉണ്ടായിരിക്കാം. അത് ജനാധിപത്യപരമായ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നാൽ വാർത്തയുടെ പേരിൽ രാഷ്ട്രീയ പ്രചാരണം നടത്തുകയോ, ഒരു പാർട്ടിയുടെ തെറ്റുകൾ മറച്ചുവയ്ക്കുകയും മറ്റൊരു പാർട്ടിയുടെ ചെറിയ സംഭവങ്ങൾ പോലും വലുതാക്കി അവതരിപ്പിക്കുകയും, ഒരേ സംഭവത്തിന് വ്യത്യസ്ത രാഷ്ട്രീയ പക്ഷങ്ങൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്ന സാഹചര്യം മാധ്യമവിശ്വാസ്യതയെ ബാധിക്കും. സ്വതന്ത്ര മാധ്യമം എന്ന പേരിന് അർത്ഥമുണ്ടാകണമെങ്കിൽ രാഷ്ട്രീയ അധികാരത്തിൽ നിന്നും മാത്രമല്ല, സാമ്പത്തികവും ഉടമസ്ഥതാപരവുമായ സമ്മർദ്ദങ്ങളിൽ നിന്നും, സാമ്പത്തിക കച്ചവട കൂട്ടുകെട്ടുകൾ,കറുപ്പിനെ വെളുപ്പിക്കൽ എന്നിവയിൽ നിന്നും, എഡിറ്റോറിയൽ തീരുമാനങ്ങൾക്ക് ആവശ്യമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.

ഇവിടെയാണ് “പെയ്‌ഡ്‌ ന്യൂസ്” എന്ന പ്രവണതയുടെ ഗുരുതരമായ പ്രശ്നം ഉയരുന്നത്. പണം വാങ്ങി വാർത്തയുടെ രൂപത്തിൽ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ രാഷ്ട്രീയ നേതാവിനെയോ,പൊതു പ്രവര്തകനെയോ അനുകൂലിക്കുന്നതോ,അപകീർത്തിപ്പെടുത്തുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് വാർത്തയും പരസ്യവും തമ്മിലുള്ള വിശുദ്ധമായ അതിർത്തി തകർക്കുന്നു. പരസ്യം പരസ്യമാണെന്ന് വായനക്കാരന് അറിയാം എന്നാൽ പണം വാങ്ങിയ ഉള്ളടക്കം വാർത്തയായി അവതരിപ്പിക്കുമ്പോൾ വായനക്കാരൻ/കാഴ്ച്ചക്കാരനും കേഴ്വിക്കാരനും വഞ്ചിക്കപ്പെടുകയാണ്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലത്ത് പെയ്‌ഡ്‌ ന്യൂസ് ജനങ്ങളുടെ സ്വതന്ത്രമായ വിവരാവകാശത്തെയും ജനാധിപത്യപരമായ തീരുമാനമെടുക്കലിനെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. പത്രപ്രവർത്തകന്റെ പേന വിൽക്കപ്പെടുന്ന നിമിഷം വാർത്തയുടെ വിശ്വാസ്യത മാത്രമല്ല, മാധ്യമസ്ഥാപനത്തിന്റെ ധാർമിക മൂല്യവും നഷ്ടപ്പെടുന്നു.

മാധ്യമപ്രവർത്തനത്തിൽ സാമ്പത്തിക താൽപര്യങ്ങൾക്കും രാഷ്ട്രീയ താൽപര്യങ്ങൾക്കും സ്ഥാനം ലഭിക്കുമ്പോൾ ഏറ്റവും കൂടുതൽ നഷ്ടപ്പെടുന്നത് സത്യസന്ധമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരാണ്. രാത്രിയും പകലും വസ്തുതകൾ അന്വേഷിച്ച്, അധികാരത്തിന്റെ സമ്മർദ്ദങ്ങൾ നേരിട്ട്, പൊതുതാൽപര്യത്തിനായി വാർത്ത ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകന്റെ വിശ്വാസ്യതയെ പണം വാങ്ങി വാർത്ത നൽകുന്ന ഒരാളുടെ പ്രവർത്തനം ബാധിക്കുന്നു എന്നത് വാസ്തവമാണ്. എന്നാൽ മുഴുവൻ മാധ്യമപ്രവർത്തകരെയും ഒരേ കണ്ണിലൂടെ കാണുന്നതും നീതിയല്ല. മാധ്യമരംഗത്ത് ഇപ്പോഴും സത്യസന്ധതയും ധൈര്യവും പൊതുതാൽപര്യബോധവും കാത്തുസൂക്ഷിക്കുന്ന അനേകം പ്രവർത്തകരുണ്ട്. അവരുടെ തൊഴിൽമാന്യത സംരക്ഷിക്കപ്പെടണമെങ്കിൽ മാധ്യമസ്ഥാപനങ്ങൾ കൂടുതൽ സുതാര്യമായ എഡിറ്റോറിയൽ മാനദണ്ഡങ്ങളും സ്വയംനിയന്ത്രണ സംവിധാനങ്ങളും സ്വീകരിക്കേണ്ടതുണ്ട്. പ്രേക്ഷക റീച്ഛ് കിട്ടുന്ന വാർത്തകൾ അത് സത്യമോ മിഥ്യയോ എന്തുമാകട്ടെ നൽകുന്ന മാധ്യമ റിപ്പോർട്ടർക്ക് പാരിതോഷികവും,സൽകാരങ്ങളും , സ്ഥാനക്കയറ്റവും നൽകുന്ന ചില മാധ്യമങ്ങൾ ഉണ്ട്. അവരിൽ ഭൂരിഭാഗവും അപകീർത്തിവാർത്തകൾക്കാണ് പ്രാധാന്യം നൽകുന്നത് എന്നതും നഗ്നസത്യമാണ്.

1910-ൽ തിരുവിതാംകൂർ സർക്കാർ സ്വദേശാഭിമാനി പത്രം നിരോധിക്കുകയും പ്രസ്സ് കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തുകയും ചെയ്തു. അധികാരത്തിന്റെ പ്രതികാരനടപടികൾ നേരിട്ടിട്ടും തന്റെ മാധ്യമധർമ്മത്തിൽ നിന്ന് അദ്ദേഹം പിന്മാറിയില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതം മലയാള മാധ്യമചരിത്രത്തിലെ ഒരു ധീരമായ അധ്യായമായി മാറി. പത്രത്തിന്റെ ഉടമ വക്കം മൗലവിയായിരുന്നു, എന്നാൽ പത്രാധിപരായ രാമകൃഷ്ണപിള്ളയുടെ നിർഭയമായ എഴുത്താണ് “സ്വദേശാഭിമാനി” എന്ന പേര് അദ്ദേഹത്തിന്റെ വ്യക്തിത്വവുമായി ചരിത്രപരമായി ചേർത്തത്. ഇന്ന് സമകാലിക മാധ്യമ സ്ഥാപങ്ങൾക്കു നേരിട്ട സർക്കാർ നടപടികളിൽ ഏതു വിഷയത്തെയാണ് ഒരു മാധ്യമ വേട്ടയായി നമുക്ക് കണക്കാക്കുവാൻ കഴിയുക? അധമ പ്രവർത്തികളിൽ കളങ്കിതരായവർ എങ്ങിനെയാണ് യഥാർത്ഥ ധർമ്മ പക്ഷത്തുള്ള മാധ്യമ പ്രവർത്തകരാവുക?

ഇന്ന് അച്ചടി പത്രങ്ങളിൽ നിന്ന് ടെലിവിഷനിലേക്കും ഡിജിറ്റൽ മാധ്യമങ്ങളിലേക്കും സാമൂഹ്യമാധ്യമങ്ങളിലേക്കും മാധ്യമലോകം വളരെയധികം മാറിയിരിക്കുന്നു. വാർത്തയുടെ വേഗത വർധിച്ചു; എന്നാൽ വേഗതയ്ക്കൊപ്പം തെറ്റായ വിവരങ്ങൾ പ്രചരിക്കാനുള്ള സാധ്യതയും വർധിച്ചു. ഒരു തലക്കെട്ട് മാത്രം വായിച്ച് അഭിപ്രായം രൂപപ്പെടുത്തുന്ന കാലത്ത് മാധ്യമത്തിന്റെ ഉത്തരവാദിത്വം കൂടുതൽ വലുതാണ്. “ആരാണ് ഈ വാർത്തയ്ക്ക് പിന്നിൽ?” എന്നതുപോലെ തന്നെ “ഈ വാർത്തയുടെ തെളിവെന്താണ്?”, “മറുവശം കേട്ടിട്ടുണ്ടോ?”, “ഇത് വാർത്തയാണോ അഭിപ്രായമാണോ?”, “ഇതിൽ സാമ്പത്തികമോ രാഷ്ട്രീയമോ ആയ താൽപര്യമുണ്ടോ?” എന്ന ചോദ്യങ്ങളും വായനക്കാരൻ ചോദിക്കേണ്ടതുണ്ട്. ഒപ്പം ആറാണ് ഈ മാധ്യമം നടത്തുന്നത്? എന്താണ് അവരുടെ സാമൂഹിക ഇടപെടലും, വ്യക്തി ജീവിതവും? ഇവയെല്ലാം പൊതുജനം അറിഞ്ഞിരിയ്ക്കേണ്ട , അല്ലെങ്കിൽ പൊതുജനത്തെ അറിയിച്ചിരിയ്ക്കേണ്ട ചുരുങ്ങിയ നിബന്ധനകളാണ്.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പാരമ്പര്യം അതുകൊണ്ടുതന്നെ ഒരു പഴയകാല പത്രാധിപരുടെ സ്മരണ മാത്രമല്ല. അത് ഇന്നത്തെ മാധ്യമലോകത്തോടുള്ള ,മാധ്യമ ഉടമകളോടും,പ്രവര്തകരോടുമുള്ള ഒരു നിരന്തരമായ ഓർമ്മപ്പെടുത്തലാണ്. മാധ്യമത്തിന്റെ ശക്തി അതിന്റെ അച്ചടിയന്ത്രത്തിലോ ക്യാമറയിലോ മൈക്രോഫോണിലോ ഡിജിറ്റൽ പ്ലാറ്റ്ഫോമിലോ അല്ല, സത്യത്തെ അന്വേഷിക്കാനുള്ള ധൈര്യത്തിലാണ്. അധികാരത്തെ ഭയപ്പെടാത്തതും അധികാരത്തെ അന്ധമായി പിന്തുണയ്ക്കാത്തതുമായ മാധ്യമമാണ് ജനാധിപത്യത്തിന് ആവശ്യം. പണം വാങ്ങി വാർത്ത വിൽക്കാത്തതും രാഷ്ട്രീയ താൽപര്യങ്ങൾക്ക് ,വിഘടനവാദികൾക്കു,കൊള്ളക്കാർക്കു, കൂട്ടുനിൽകാത്തതും,സത്യത്തെ വളച്ചൊടിക്കാത്തതും വായനക്കാരന്റെ വിശ്വാസത്തെ, സാമൂഹിക ഉത്തരവാദിത്വത്തെ ഏറ്റവും വലിയ സമ്പത്തായി കാണുന്നതുമായ മാധ്യമപ്രവർത്തനമാണ് യഥാർത്ഥ മാധ്യമധർമ്മം.

ഒരു നൂറ്റാണ്ടിന് മുമ്പ് രാമകൃഷ്ണപിള്ള ഉയർത്തിയ മാധ്യമധർമ്മത്തിന്റെ ചോദ്യങ്ങലും,പ്രവർത്തനങ്ങളും ഇന്നും പ്രസക്തമാണ്. മാധ്യമത്തിന്റെ സാങ്കേതികവിദ്യ മാറിയെങ്കിലും അടിസ്ഥാന ചോദ്യം മാറിയിട്ടില്ല. “വാർത്ത ആരുടെ പക്ഷത്താണ്?” എന്നതിനെക്കാൾ പ്രധാനപ്പെട്ട ചോദ്യം “വാർത്ത സത്യത്തിന്റെ പക്ഷത്താണോ?”, കള്ളപ്പണം വെളുപ്പിയ്ക്കാനും, പൊതുമുതൽ കൊള്ളയടിയ്ക്കാനും ഉള്ള “മാധ്യമം” ആയി മാറരുത് മാധ്യമരംഗംവും,മാധ്യമ പ്രവർത്തനങ്ങളും. സത്യത്തിനുവേണ്ടി നിലകൊണ്ട് അധികാരത്തെ ചോദ്യം ചെയ്യുകയും ജനങ്ങളുടെ അറിവിനെയും അവകാശങ്ങളെയും സംരക്ഷിക്കുകയും ചെയ്യുന്ന മാധ്യമപ്രവർത്തനമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മലയാളത്തിന് നൽകിയ ഏറ്റവും വലിയ മാധ്യമപാഠം.

Leave a Comment

More News