ഓർമ്മിക്കാൻ പ്രത്യേകിച്ച് ഒന്നും ഇല്ലാത്തവന്റെ
ഉടയതമ്പുരാൻ ആരാണ്?
ഉറങ്ങാൻ ഇടമില്ലാത്തവന്റെ,
ഉടുക്കാൻ ഇല്ലാത്തവന്റെ,
ഉണ്ണാൻ വകയില്ലാത്തവന്റെ
ഉടമയും യജമാനനും ആരാണ്?
മടുപ്പിന്റെ ഇടനാഴിയിൽ
മുഷിഞ്ഞു നാറുന്ന ഇന്നലെകൾ,
ജീവിതമെഴുതി ചുരുട്ടി കൂട്ടിയെറിഞ്ഞ
മൂലയിൽ ചോര നുണയുന്ന ചോളനുറുമ്പുകൾ.
അഴിഞ്ഞാട്ടങ്ങളുടെ അലുക്കുകളും
അട്ടഹാസങ്ങളുടെ ചില്ലുകളും
ചിതറികിടക്കുന്ന പോർമുഖം.
ലഹരി നുരഞ്ഞ ഓർമ്മയിൽ
വീണു കിടക്കുന്ന ചഷകങ്ങൾ,
ആർത്തി കൊത്തിയുണക്കിയ
എച്ചിൽ പാത്രങ്ങൾ.
ആളൊഴിഞ്ഞ കസേരയിലെ
ആൾമാറാട്ടങ്ങൾ…
പൊട്ടിച്ചിരിയുടെ ചിതറിയ ചില്ലുകൾ,
ആരവങ്ങളടങ്ങിയ
രാത്രിയുടെ ഊർധ്വശ്വാസം!
ഒറ്റപ്പെടലിന്റെ ദുർഗന്ധം മണക്കുന്നു,
അയാൾ ചുറ്റും നോക്കി…
അനാഥത്വവും അവഗണനയും
ആഘോഷമാക്കി കടന്നു പോകുന്നവനെ
കാത്തു കിടക്കുന്ന സമയരഥം…
ശരിയുടെ അഗാധഗർത്തം
അയാളെ ആകർഷിച്ചു!
