ഷിഫക്ക് ‘സ്പോക്കണ്‍ അറബിക് മെയ്ഡ് ഈസി’ സമ്മാനിച്ചു, പുതിയ സ്പോക്കണ്‍ അറബിക് ബാച്ച് ആരംഭിക്കാനൊരുങ്ങി ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: സ്പോക്കണ്‍ അറബിക് പഠനരംഗത്ത് ഏറെ ശ്രദ്ധേയമായ  ‘സ്പോക്കണ്‍ അറബിക് മെയ്ഡ് ഈസി’ എന്ന പുസ്തകം വി സര്‍വ് മാനേജിംഗ് ഡയറക്ടര്‍ ഷിഫക്ക്  ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങര സമ്മാനിച്ചു. കഴിഞ്ഞ ദിവസം മീഡിയ പ്ലസ് ഓഫീസില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പുസ്തകം കൈമാറിയത്.

സ്പോക്കണ്‍ അറബിക്കുമായി ബന്ധപ്പെട്ട് ഒരു ഡസനിലേറെ പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും  ‘സ്പോക്കണ്‍ അറബിക് മെയ്ഡ് ഈസി’തനിക്ക് ഏറെ പ്രിയപ്പെട്ട കൃതികളിലൊന്നാണെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഇംഗ്ലീഷില്‍ തയ്യാറാക്കിയ തന്റെ ആദ്യ പുസ്തകമെന്ന പ്രത്യേകതയ്‌ക്കൊപ്പം, മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം പ്രകാശനം ചെയ്ത പുസ്തകമെന്ന ചരിത്രപരമായ പ്രാധാന്യവും ഇതിനുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുഡ്വേഡ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

2026-ല്‍ പുസ്തകത്തിന്റെ പ്രസാധനാവകാശം സുഹൃത്ത് മുജീബിന്റെ നേതൃത്വത്തിലുള്ള എഡ്യൂമാര്‍ട്ട് പ്ലസിന് കൈമാറി. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും പുസ്തകത്തിന് കൂടുതല്‍ പ്രചാരവും ലഭ്യതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.

ഖത്തറില്‍ അറബി ഭാഷ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കായി വര്‍ഷങ്ങളായി ഡോ. അമാനുല്ല വടക്കാങ്ങര നടത്തിയിരുന്ന സ്പോക്കണ്‍ അറബിക് കോഴ്സുകളുടെ പഠനസാമഗ്രികളാണ് പിന്നീട്  ‘സ്പോക്കണ്‍ അറബിക് മെയ്ഡ് ഈസി’ എന്ന പുസ്തകമായി വികസിച്ചത്.

അറബി ഭാഷയുടെ അടിസ്ഥാനപരമായ അറിവുപോലുമില്ലാത്തവര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ആവശ്യമായ ആശയവിനിമയത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ ലളിതമായി മനസ്സിലാക്കാനും പ്രയോഗിക്കാനും സഹായിക്കുന്ന തരത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അറബി സംസാരിക്കാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ ഭാഷയിലേക്ക് പ്രവേശിക്കാനുള്ള പ്രായോഗിക വഴികാട്ടിയാണ് ഈ കൃതി.

ഖത്തറിലെ തന്റെ സാമൂഹിക ജീവിതത്തിലും സ്പോക്കണ്‍ അറബിക് കോഴ്സുകള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ടെന്ന് ഡോ. അമാനുല്ല പറഞ്ഞു. വിവിധ രാജ്യക്കാരും വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ നിരവധി പഠിതാക്കളുമായി അടുത്ത സൗഹൃദബന്ധം സ്ഥാപിക്കാന്‍ ഈ കോഴ്സുകള്‍ സഹായിച്ചു. ഭാഷാപഠനം കേവലം വാക്കുകളും വാക്യങ്ങളും പഠിക്കുന്ന പ്രക്രിയയല്ലെന്നും മനുഷ്യരെ പരസ്പരം അടുപ്പിക്കുന്ന സാംസ്‌കാരിക പാലം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ പ്ലസ് ഓഫീസ് സന്ദര്‍ശിച്ച വി സര്‍വ് മാനേജിംഗ് ഡയറക്ടര്‍ ഷിഫക്ക് അറബി ഭാഷ പഠിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്  ‘സ്പോക്കണ്‍ അറബിക് മെയ്ഡ് ഈസി’ സമ്മാനിച്ചത്. പുസ്തകം അറബി പഠനത്തിന് പ്രചോദനമാകട്ടെയെന്ന് ആശംസിച്ച ഡോ. അമാനുല്ല, പഠിതാക്കളില്‍ നിന്ന് ആവശ്യമായ താല്‍പര്യം ലഭിക്കുന്ന പക്ഷം അടുത്ത മാസം  ‘സ്പോക്കണ്‍ അറബിക് മെയ്ഡ് ഈസി” അടിസ്ഥാനമാക്കിയുള്ള പുതിയ സ്പോക്കണ്‍ അറബിക് ബാച്ച് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും അറിയിച്ചു.

പ്രവാസ ജീവിതത്തില്‍ അറബി ഭാഷയിലെ അടിസ്ഥാന ആശയവിനിമയശേഷി തൊഴില്‍, വ്യാപാരം, സാമൂഹിക ബന്ധങ്ങള്‍, ദൈനംദിന ജീവിതം തുടങ്ങിയ മേഖലകളില്‍ വലിയ ആത്മവിശ്വാസം നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാകരണസങ്കീര്‍ണതകളില്‍ കുടുങ്ങാതെ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അറബി സംസാരിക്കാന്‍ പഠിതാക്കളെ പ്രാപ്തരാക്കുകയാണ് കോഴ്സിന്റെ പ്രധാന ലക്ഷ്യം.

പുതിയ സ്പോക്കണ്‍ അറബിക് ബാച്ചില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വാട്സ്ആപ്പ് വഴി 55526275 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Leave a Comment

More News