ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 14ന്; ഗോപിനാഥ് മുതുകാടിന്റെ എം-ക്യൂബ് ഷോ പ്രധാന ആകർഷണം

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടന ആയ ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 14, വെള്ളിയാഴ്ച വൈകിട്ട് 5.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടക്കും.

കേരളത്തിന്റെ തനിമയും ഓണത്തിന്റെ ആഘോഷപ്പൊലിമയും ഒത്തുചേരുന്ന പരിപാടിയിൽ മെഗാ ചെണ്ടമേളം, മെഗാ തിരുവാതിര, വിവിധ നൃത്തനൃത്യങ്ങൾ, കലാപരിപാടികൾ എന്നിവ അരങ്ങേറും. ലോകപ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്, മെലഡി, മിഷൻ എന്നിവ സമന്വയിപ്പിച്ച എം-ക്യൂബ് ഷോ ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമാകും.

ഓഗസ്റ്റ് 14ന് വൈകിട്ട് 5.30ന് ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് വർണാഭമായ ഓണഘോഷയാത്ര, മെഗാ ചെണ്ടമേളം, മെഗാ തിരുവാതിര, വിവിധ കലാപരിപാടികൾ,മുതുകാട് ഷോ എന്നിവ അരങ്ങേറും. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് പകരുന്ന തരത്തിൽ കുടുംബസമേതം ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, കുന്നത്തുനാട് എം.എൽ.എ വി.പി. സജീന്ദ്രൻ, പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജനറൽ സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറ അനിൽ ,ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ, ഓണാഘോഷ പരിപാടികളുടെ കോ-ഓർഡിനേറ്റർമാരായ ഡോ. സൂസൻ ചാക്കോ, ജിനോയ് മാത്യു എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.

പ്രവേശനം പൂർണമായും സൗജന്യമാണ്. ടിക്കറ്റോ എൻട്രി ഫീസോ ഉണ്ടായിരിക്കുന്നതല്ല. ചിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഈ വർണാഭമായ ഓണാഘോഷത്തിലേക്ക് ചിക്കാഗോ മലയാളി അസോസിയേഷൻ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്ക്:
ജോസ് മണക്കാട്ട്: 847-830-4128
ബിജു മുണ്ടക്കൽ: 773-673-8820
അച്ചൻകുഞ്ഞ് മാത്യു: 847-912-2578

 

Leave a Comment

More News