മിടായികുന്നിലെ തണൽ മരങ്ങൾ (കഥ): ജയശങ്കര്‍ പിള്ള

മുപ്പത്തിയാറു വർഷങ്ങൾക്കു ശേഷം ദേവൻ ആ കോളേജിന്റെ പടിവാതിൽ കടന്നപ്പോൾ, സമയം ഒരു നിമിഷത്തേക്ക് പിന്നോട്ടു നടന്നതുപോലെ തോന്നി. അവൻ അറുപതുകാരനായിരിയ്ക്കുന്നു. പക്ഷേ ആ ഒരു നിമിഷത്തിൽ അവന്റെ ഉള്ളിൽ നിന്ന് ഒരു ഇരുപത്തൊന്നുകാരൻ പുറത്തുവന്നു. കോളേജ് വേനലവധിക്കായി അടച്ചിരിയ്ക്കുകയാണ്. ഒരിക്കൽ പ്രഭാതം മുതൽ സന്ധ്യവരെ വിദ്യാർത്ഥികളുടെ ചിരിയുംകളികളും മുദ്രാവാക്യങ്ങളും കൊണ്ട് നിറഞ്ഞിരുന്ന ആ കുന്നിൻ മുകളിലെ ക്യാമ്പസ് ഇപ്പോൾ വിജനമായിരിയ്ക്കുന്നു. നീണ്ട വരാന്തകളിൽ കാറ്റ് മാത്രം സഞ്ചരിക്കുന്നു. അടഞ്ഞ ക്ലാസ് മുറികളുടെ ജനലുകളിൽ വേനൽവെയിൽ പതിഞ്ഞുകിടക്കുന്നു. കാമ്പസ്സ് സജീവമാകുവാൻ ഇനി കഷ്ടിച്ച് ഒരാഴ്ചയേ ഉള്ളൂ. കൊറിവരച്ചിരുന്ന ചുവരുകൾ ചായം തേച്ചു മിനുക്കിയിരിയ്ക്കുന്നു. കുന്നിൻ മുകളിലെ ആ കോളേജിന് എഴുപതോളം വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഒരു സ്ഥാപനമെന്നതിലുപരി അത് ആ ഗ്രാമത്തിന്റെ ആത്മാഭിമാനമാണ് . തലമുറകളായി അവിടെ പഠിച്ചിറങ്ങിയവർ ലോകത്തിന്റെ പല കോണുകളിലേക്കും പോയിട്ടുണ്ടെങ്കിലും, അവരുടെ ഓർമ്മകളിൽ ആ കുന്നും, ആ കെട്ടിടങ്ങളും, വാകമരങ്ങളും, മണ്ണിന്റെ ഗന്ധവും ഇന്നും ജീവിച്ചിരിയ്ക്കുന്നു.

ദേവൻ കാമ്പസിന്റെ നടുമുറ്റത്ത് ഒറ്റയ്ക്ക് നിന്നു. തന്നെ ഒരുകാലത്തു ഏറെ സ്വാധീനിച്ച ലൈബ്രറിയുടെ കോണിൽ പ്രാവുകളുടെ കുറുങ്ങൽ,നിശബ്ദതയെ ഭേദിച്ചു ചുവപ്പും മഞ്ഞയും വാകപ്പൂക്കൾ മരങ്ങളിൽ നിറഞ്ഞുനിൽകുന്ന കാമ്പസ്സ്, മരങ്ങളിൽ അങ്ങിങ്ങു തൂങ്ങിയാടുന്ന തോരണങ്ങൾ, ഒരു ജനാധിപത്യ പ്രകൃതിയുടെ ശേഷിപ്പുകൾ. കാറ്റ് വീശുമ്പോൾ പൂക്കൾ കൊഴിഞ്ഞ് മുറ്റത്ത് ചിത്രം തീർത്തിരിയ്ക്കുന്നു. അവയിൽ ചിലത് അവന്റെ കാലിനടിയിൽ പതിഞ്ഞു. അവൻ കുനിഞ്ഞ് ഒരു വാകപ്പൂവെടുത്തു. വിരലുകൾക്കിടയിൽ അതിനെ തിരുമ്മി. ഒരു പഴയ ഗന്ധം.ഒരു പഴയ പ്രഭാതം. ഒരു പെൺകുട്ടിയുടെ ചിരി അവന്റെ ഉള്ളിലൂടെ കടന്നു പോയി.

“ദേവാ…” അവൻ പെട്ടെന്ന് തല ഉയർത്തി.

ആരും ഉണ്ടായിരുന്നില്ല. പക്ഷേ ആ ശബ്ദം അവൻ കേട്ടിരുന്നു. മുപ്പത്തിയാറു വർഷങ്ങൾക്കു ശേഷവും അതേ ശബ്ദം.

“മായ”…… അവൻ ചിരിച്ചു.

“നീ ഇപ്പോഴും എന്നെ വിളിക്കുന്നുണ്ടോ?”

കാറ്റ് മറുപടിയായി വാകമരങ്ങളെ ഇളക്കി. വാകപ്പൂക്കളുടെ വൃഷ്ടിയിൽ ദേവന്റെ കാലുകൾ വീണ്ടും ചലിയ്ക്കുകയായിരുന്നു. കോളേജിനു മുന്നിലെ റോഡിന് മറുവശത്ത് ഒരു ചെറിയ കുന്നുണ്ടായിരുന്നു.ആ കുന്നിന്റെ മുകളിൽ, മറു ചരിവിൽ , ആകാശത്തേക്ക് പടർന്നു പന്തലിച്ചുനിന്നിരുന്ന രണ്ടു പാലമരങ്ങൾ. അവൻ അവയെ ലക്ഷ്യമാക്കി നടന്നു.ജീവനക്കാരുടെ ഹോസ്റ്റൽ അടക്കം ചില പുതിയ കെട്ടിടങ്ങൾ ആ കുന്നിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു. ആ കുന്നിൻ മുകളിലെ തണൽ മരങ്ങളുടെ തണലിലായിരുന്നു അവരുടെ ലോകം.

“മിടായി കുന്ന്.”

അങ്ങനെയായിരുന്നു അവർ അതിനെ വിളിച്ചിരുന്നത്. ആ പേര് ആരാണ് ആദ്യം വിളിച്ചത് എന്ന് ആർക്കും ഓർമ്മയില്ല. പക്ഷേ പേര് അങ്ങനെ തന്നെ ഇന്നും നിലനിൽക്കുന്നു.ഒരുപക്ഷേ അവിടെ ഇരുന്ന് വിദ്യാർത്ഥികൾ നുണഞ്ഞ മിട്ടായികളുടെ പേരിലാകാം.അല്ലെങ്കിൽ അവരുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള കാലം അവിടെ ചെലവഴിച്ചതുകൊണ്ടാകാം. അതോ ഇനി പ്രണയത്തിന്റെ നറു മധുരം പകർന്ന മരത്തണൽ ആയതിനാലാണോ ?

മിട്ടായി കുന്നിൽ നിന്ന് താഴേക്ക് നോക്കിയാൽ വിശാലമായ വയലുകൾ. കാറ്റിൽ ആടുന്ന നെൽക്കതിരുകൾ. ഇടയ്ക്കിടെ വയൽവരമ്പിലൂടെ പോകുന്ന കർഷകർ. അകലെ തെങ്ങിൻതോപ്പുകൾ. അതിനപ്പുറം പച്ചപ്പിൽ ഒളിച്ചിരിക്കുന്ന വീടുകൾ. മഴക്കാലത്ത് ആ വയലുകൾ വെള്ളി നിറമാകും.വേനലിൽ മഞ്ഞനിറം. സന്ധ്യകളിൽ സ്വർണ്ണനിറം.

അവിടെ ഇരുന്നാൽ ലോകം മുഴുവൻ തങ്ങളുടെതാണെന്ന് അവർക്ക് തോന്നിയിരുന്നു. ഇന്ന് കുന്നിന്റെ ഒരു ചരുവിൽ കലാലയത്തിന്റെ പുതിയ കെട്ടിടങ്ങൾ വന്നു എങ്കിലും, കുന്നിൻ മുകളിലെ തണൽ മരവും പടിഞ്ഞാറേ താഴ്വാരവും പഴയപടി തന്നെ. പഴയതിലും കൂടുതൽ പ്രണയിനികളും,കൂട്ടുകാരും ഒത്തു ചേരാറുള്ള ഇടമാണെന്നു ഇവിടെമെന്നു പ്രകൃതി തന്നെ വിളിച്ചു പറയുന്നു.

ദേവനും രവിയും സുരേഷും ബാബുവും മണിയും, മായയും അങ്ങിനെ കൂട്ടുകാരുടെ ഒരു പറുദീസ ….കോളേജ് കഴിഞ്ഞാൽ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് വലിയ പദ്ധതികൾ.രാജ്യം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വലിയ വാദങ്ങൾ. സിനിമയെക്കുറിച്ച് അതിലും വലിയ തർക്കങ്ങൾ. പരീക്ഷയ്ക്ക് ഇനി എത്ര ദിവസം ബാക്കിയുണ്ടെന്ന് ഓർത്ത് ഉള്ള വേവലാതികൾ, എന്തിനെല്ലാമൊ വേണ്ടി തലപുകച്ചു ഊതി വിടുന്ന പുകവളയങ്ങൾ പാലമരങ്ങളുടെ ഇലകൾക്കിടയിലൂടെ ആകാശത്തേക്ക് ഉയരും.

“ഒരു ദിവസം നമ്മൾ എല്ലാവരും വലിയ ആളുകളാകും,” രവി പറയും.

“നമ്മൾ വലിയ ആളുകളാകില്ല,” ദേവൻ പറയും.

“എന്തുകൊണ്ട്?”

“നമ്മൾ ചെറുപ്പക്കാരായി തന്നെ ഇരിക്കും.” …അവർ ചിരിക്കും.

അന്ന് അവർക്ക് അറിവില്ലായിരുന്നു, മനുഷ്യൻ വളരുന്നത് ശരീരത്തിലാണ്. മനസ്സ് പലപ്പോഴും ഒരു സ്ഥലത്ത് തന്നെ കെട്ടിയിട്ട വളർത്തു മൃഗത്തെപ്പോലെയാണെന്നു

മായയെ ആദ്യമായി കണ്ട ദിവസം ദേവന് ഇന്നും ഓർമ്മയുണ്ട്. ലൈബ്രറിയുടെ മുന്നിലെ ഇടുങ്ങിയ വരാന്ത.
മഴ കഴിഞ്ഞ പ്രഭാതം. മാറിൽ ചേർത്തുവച്ച പുസ്തകങ്ങളുമായി കൂട്ടുകാരുമൊത്തു അവൾ എതിരെ നടന്നു വന്നു. മഞ്ഞ പട്ടുപാവാടയും,ദാവണിയും നീണ്ട മുടിയുടെ അറ്റത്ത് മഴത്തുള്ളികൾ. അവൾ കടന്നുപോകുമ്പോൾ മുല്ലപ്പൂവിന്റെ ഒരു നേരിയ ഗന്ധം അവനെ തഴുകി കടന്നു പോയി. അവൾ അവനെ നോക്കി മന്ദസ്മിതം തൂകി നടന്നു പോയി. പക്ഷേ ദേവന്റെ ജീവിതത്തിൽ അതൊരു വലിയ സംഭവമായിരുന്നു. അന്ന് വൈകുന്നേരം മിട്ടായി കുന്നിൽ ഇരിക്കുമ്പോൾ രവി ചോദിച്ചു:

“എന്താ നിനക്ക് ഇന്ന് ഒരു സന്തോഷം ?”

“എന്ത്?”

“മുഖത്ത് ഒരു പുതിയ വെളിച്ചം.”

ദേവൻ ഒന്നും പറഞ്ഞില്ല.

“മായയെ കണ്ടോ?”

ദേവൻ ഞെട്ടി.

“നിനക്കെങ്ങനെ അറിയാം?”

രവി പൊട്ടിച്ചിരിച്ചു.

“പ്രണയത്തിന് രഹസ്യമുണ്ടെന്ന് കരുതുന്നത് പ്രണയിക്കുന്നവന്റെ മാത്രം തെറ്റാണ്.”

അതിനുശേഷം മിടായി കുന്നും, തണലേകുന്ന പാല മരങ്ങളും അവരുടെ പ്രണയത്തിന്റെ സാക്ഷിയായി, അങ്ങിങ്ങു പൂവിട്ടു നിന്നിരുന്ന കദളിപ്പൂക്കൾ അവരെ നോക്കി ചിരിച്ചു.ആദ്യമായി അവർ അവിടെ ഒറ്റയ്ക്ക് ഇരുന്ന ദിവസം.മായയ്ക്ക് താഴെ വയലുകളിലേക്ക് നോക്കിയിരിയ്ക്കാനായിരുന്നു ഇഷ്ടം.

“ഈ വയലുകൾ കാണുമ്പോൾ എനിക്ക് ഒരു സമാധാനം തോന്നും,” അവൾ പറഞ്ഞു.

“എന്തുകൊണ്ട്?”

“അറിയില്ല. നമ്മൾ എത്ര ദൂരെയായാലും ഇവിടെയൊക്കെ തിരിച്ചു വരാൻ കഴിയുമെന്നു തോന്നും.”

ദേവൻ അവളെ നോക്കി.

“നമ്മൾ എവിടേക്കാണ് പോകുന്നത്?”

അവൾ ചിരിച്ചു.

“നിനക്കറിയാമോ?”

“ഇല്ല.”

“എനിക്കും അറിയില്ല.”

അവരുടെ ജീവിതത്തെക്കുറിച്ച് അവർക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു. പക്ഷേ എന്നും ഒരുമിച്ചായിരിക്കും എന്ന വിശ്വാസം മാത്രം അവർക്കിടയിൽ ഉണ്ടായിരുന്നു.

“നമ്മൾ വിവാഹം കഴിച്ചാൽ എവിടെ താമസിക്കും?” മായ ചോദിച്ചു.

“നമ്മുടെ നാട്ടിൽ.”

“അവിടെ? ഒരു ചെറിയ വീട് പണിയും.വീടിന്റെ മുന്നിൽ, ഒത്തിരി പൂച്ചെടികൾ, ഒരു മാവ്. തൊടിയിൽ തണൽ നൽകുന്ന ഒത്തിരി മരങ്ങൾ, …. ”

മായയുടെ മുഖത്ത് ആകാംഷ വളർന്നു. “കുട്ടികൾ?”

“രണ്ട്.”

“ആൺകുട്ടിയോ പെൺകുട്ടിയോ?”

“നിനക്ക് ഇഷ്ടമുള്ളത്.”

അവൾ ചിരിച്ചു.

“എനിക്ക് രണ്ടു പെൺകുട്ടികൾ വേണം.”

“എനിക്ക് ഒരു ആൺകുട്ടി വേണം.”

“എന്തിന്?”

“എന്റെ ബാല്യകാലം അവനിൽ വീണ്ടും ജീവിക്കാൻ.” ദേവന്റെ ആഗ്രഹങ്ങൾ ഒരു കവിത പോലെ ഒഴുകുകയായിരുന്നു.

മായ അവനെ നോക്കി.

“നിനക്ക് വയസ്സാകുമോ?”

“നിനക്കൊപ്പം ആയാൽ ഇല്ല.”

അവൾ തല താഴ്ത്തി. അവന്റെ കൈകളിൽ അമർത്തി പിടിച്ചു.ആ നിമിഷം അവരുടെ മനസ്സുകളിൽ പലതും പറയാതെ പറഞ്ഞു കഴിഞ്ഞിരുന്നു.

പക്ഷേ ദേവന്റെ കോളേജ് ജീവിതം വെറും പ്രണയം മാത്രമായിരുന്നില്ല. അത് രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്‌പിന്റെ കാലവുമായിരുന്നു. ക്യാമ്പസിലെ ചുമരുകളിൽ പലതും പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരുന്നു. ചില രാവിലെകളിൽ ക്ലാസുകളേക്കാൾ മുമ്പ് മുദ്രാവാക്യങ്ങൾ കേൾക്കാം.വിവിധ വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള വാദപ്രതിവാദങ്ങൾ, പൊതു യോഗങ്ങൾ,ചർച്ചകൾ. പ്രതിക്ഷേധങ്ങൾ, സംഘര്ഷങ്ങൾ അവൻ വിശ്വസിച്ച ആശയങ്ങൾക്കുവേണ്ടി സംസാരിക്കാൻ അവന് ഭയമില്ലായിരുന്നു.

“രാഷ്ട്രീയം പഠിക്കേണ്ടത് പുസ്തകത്തിൽ നിന്നല്ല,” അവൻ മായയോട് ഒരിക്കൽ പറഞ്ഞു.

“പിന്നെ?”

“മനുഷ്യരുടെ ജീവിതത്തിൽ നിന്ന്. രാഷ്ട്ര ചരിത്രത്തിലൂടെയാണ് ”

മായ അവനെ നോക്കി ചിരിച്ചു…..“നീ ഒരിക്കൽ ഇതൊക്കെ നടപ്പിലാക്കിയാൽ മതി .”
അവളുടെ ചിരിയിലൂടെ അവൻ സ്വപ്നങ്ങളുടെ കൂടു നെയ്യുകയായിരുന്നു.

പക്ഷേ ജീവിതം അവരുടെ സ്വപ്നങ്ങൾ കേട്ടില്ല. അവസാന വർഷ പരീക്ഷ കഴിഞ്ഞു അവർ ആ മരത്തണലിൽ അവസാനമായി ഒത്തു കൂടി അസ്തമയ സൂര്യൻ ചായക്കൂട്ടുകൾ തീർത്ത സന്ധ്യയിൽ വയലുകൾ ചുവന്നിരുന്നു. പാലമരങ്ങളുടെ നിഴൽ നീണ്ടു.

“നീ എന്നെ മറക്കുമോ?” ദേവൻ ചോദിച്ചു.

മായ തലകുലുക്കി. “ഇല്ല.”

“പിന്നെ?”

“നീ എന്നെ മറക്കരുത്.”

“എനിക്ക് കഴിയില്ല.”…

“ഞാൻ എത്ര ദൂരം പോയാലും നിന്നെ തേടി തിരിക വരും നീ എനിയ്ക്കായി കാത്തിരിയ്ക്കണം. ”

“ങും” മായയുടെ കണ്ണുകൾ നഞ്ഞിരുന്നു. അവളുടെ ശബ്ദം ഇടറിയിരുന്നു.

അത് എന്നെന്നേക്കുമായുള്ള യാത്ര പറച്ചിലാണെന്നു അവർ അറിഞ്ഞിരുന്നില്ല. പിന്നീട് കത്തുകളിലൂടെയുള്ള ബന്ധങ്ങൾ പോലും നിലച്ചു. ആരും ആരെയും പഴിക്കാതെ വഴിപിരിഞ്ഞവർ. അവസാനമായി അവനു ലഭിച്ച കത്തിൽ അവൾ ഇങ്ങനെ എഴുതി “ജീവിതം മുന്നോട്ട് കൊണ്ടുപോകണം, ദേവാ. നമ്മുടെ സ്വപ്നങ്ങൾ!! അത് സ്വപ്‌നങ്ങൾ മാത്രമാണ് .ചില സ്വപ്നങ്ങൾ ജീവിക്കാനുള്ളതല്ല. ഓർമ്മിക്കാൻ മാത്രമുള്ളതാണ്.”

അവൻ ആ കത്തിന് മറുപടി നൽകിയില്ല, ജീവിതത്തിന്റെ പുതിയ മേച്ചില്പുറങ്ങളിൾ തേടി മുപ്പത്തിയാറു വർഷങ്ങൾ കടന്നുപോയി.കുടുംബ ബന്ധങ്ങളുടെ കെട്ടുപാടുകളിൽ ഓർമ്മകൾ മാത്രം കെടാതെ അവശേഷിച്ചു. പക്ഷേ ചില മഞ്ഞു പെയ്യുന്ന രാത്രികളിൽ, എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോൾ, ജനലിനരികിൽ ഇരിക്കുമ്പോൾ, മിടായി കുന്നിലെ പാലമരങ്ങൾ അവന്റെ മനസ്സിൽ തെളിഞ്ഞു. കാമ്പസ്സിലെ കറുത്ത തൂണുകളിൽ പേനകൊണ്ട് കോറിയിട്ട വരികൾ അവൻ ഓർത്തു.തൊടിയിലെ ഇലകൊഴിഞ്ഞു തണൽ ഇല്ലാതെയായ മേപ്പിൾ മരങ്ങളെ നോക്കി അവൻ നെടുവീർപ്പിട്ടു. ഇപ്പോഴും ആ തണൽ മരങ്ങൾ ആ കുന്നിൻ മുകളിൽ കാണുമോ?.. ഇടയ്ക്കിടയ്ക്ക് തനിച്ചിരിയ്ക്കുമ്പോൾ അവന്റെ കാതുകളിൽ മായയുടെ ചിരി കേൾക്കും.

“നമ്മൾ എവിടെ താമസിക്കും?”

“ഒരു ചെറിയ വീട്…”

അവൻ ചിരിക്കും, പിന്നെ ഒറ്റയ്ക്ക് കരയും.

ഇന്ന്, പതിറ്റാണ്ടുകൾ കഴിഞ്ഞു മിടായി കുന്നിലേക്ക് നടക്കുമ്പോൾ ദേവന്റെ ഹൃദയം വേഗത്തിൽ മിടിച്ചു.
പാലമരങ്ങൾ ഇപ്പോഴും അവിടെ ഉണ്ടായിരുന്നു.വൃദ്ധമായിരിയ്ക്കുന്നു. ചില കൊമ്പുകൾ ഉണങ്ങിയിരുന്നു.
പക്ഷേ തണൽ അതേപോലെ തന്നെ .ദേവൻ മരത്തണലിൽ ഇരുന്നു.കണ്ണുകൾ അടച്ചു.

“മായേ…” അവൻ വിളിച്ചു. മറുപടിയായി അവൻ അവളുടെ ശബ്ദം കേട്ടു.
അവനു ചുറ്റും അവന്റെ കൂട്ടുകാർ ഇരിയ്ക്കുന്നതായി അവനു തോന്നി.മിടായി കുന്നിന്റെ താഴ്വരകളിൽ നിഴൽ നീണ്ടു വന്നത് അയാൾ അറിഞ്ഞതേ ഇല്ല. പറന്നു കിടക്കുന്ന വയലേലകളിൽ സന്ധ്യ ചായം ചാലിച്ചു തുടങ്ങി. അപ്പോഴാണ് പിന്നിൽ നിന്നുമൊരു വിളി അയ്യാളെ ചിന്തയിൽ നിന്നും ഉണർത്തിയത്.

സാർ.. ദേവൻ മെല്ലെ തിരഞ്ഞു നോക്കി.

വളരെ ശാലീനമായി വസ്ത്രം ധരിച്ച നീണ്ടു മെലിഞ്ഞ ഓരോ യുവതി. നീണ്ട തിളക്കമുള്ള കണ്ണുകളിൽ കാക്കപുള്ളി. ഇടതൂർന്ന നീണ്ട മുടി. കാഴ്ചയിൽ തന്നെ എവിടെയോ കണ്ടു മറന്ന മുഖം.

സാർ.. താങ്കൾ കുറെ നേരമായല്ലോ ഇവിടെ ഇരിയ്ക്കുന്നു. നേരം സന്ധ്യമയങ്ങുന്നു.

അതെ…. എന്റെ കൗമാരവും,കലാലയ ജീവിതവും, കൂട്ടുകാരൊത്തുള്ള ഒത്തുകൂടലും ഇവിടെയായിരുന്നു.
കുട്ടി.? ..കുട്ടി എന്താണ് ഇവിടെ?… ദേവൻ ചോദിച്ചു….

ഞാൻ ഇവിടുത്തെ അദ്ധ്യാപികയാണ്, കുറച്ചു നാളുകളെ ആയുള്ളൂ ജോലിയിൽ പ്രവേശിച്ചിട്ടു. ഇവിടെ അദ്ധ്യാപകരുടെ ഹോസ്റ്റലിലാണ് താമസം .കോളേജ് അടുത്തയാഴ്ച തുറക്കും, അതുകൊണ്ടു നേരത്തെ വന്നു .. അവൾ ഒറ്റ ശ്വാസത്തിൽ മറുപടി നൽകി.

ദേവൻ അവളെ സൂക്ഷിച്ചു നോക്കി,.. നല്ല പരിചയമുള്ള മുഖം, എവിടെയാണ് ഈ കുട്ടിയെ ഇതിനു മുൻപ് കണ്ടിട്ടുള്ളത്?..

.. അപ്പൊ ടീച്ചറിന്റെ സ്വദേശം ? ..

… അത് പാലക്കാട്,.. ഒറ്റപ്പാലം. പക്ഷെ എന്റെ അമ്മയുടെ വീട് ഇവിടെ അടുത്തുള്ള ഗ്രാമത്തിലാണ്. ഇപ്പൊ അവിടെ ആരും ഇല്ല. ‘അമ്മ ഇവിടാന് പഠിച്ചത്.

… ഓ … അതുശരി… ഞാനും ഈ കാലയത്തിലാണ് പഠിച്ചത്. പത്തു- മുപ്പതു വർഷങ്ങൾ മുൻപ്.

… ‘അമ്മ പറയാറുണ്ട്, ‘അമ്മ കൂട്ടുകാരുമൊത്തു ഇവിടെ ഈ തണലിൽ വന്നു ഇരിയ്ക്കാറുണ്ട് എന്ന്.

… ദേവൻ തന്റെ മുന്നിൽ നിൽക്കുന്ന യുവതിയെ സൂക്ഷിച്ചു നോക്കി. അതെ, ഈ മുഖം താൻ കണ്ടിട്ടുണ്ട്, പലതവണ ആ കണ്ണുകളിൽ ഉള്ള തിളക്കം കണ്ടിട്ടുണ്ട്. അമ്മയുടെ പേര് ?
… മായ

… ദേവന്റെ മനസ്സിൽ ഒരു മിന്നൽ പിണർ പാഞ്ഞു,കണ്ണുകളിൽ വെളിച്ചം മങ്ങി..

ഇത് തന്റെ മായയുടെ മകളാണോ ?

“മായ…” ഒരു ഗദ്ഗദമായി ആ പേര് ദേവന്റെ നാവിൽ നിന്നും പുറത്തു വന്നു.

മുപ്പത്തിയാറു വർഷമായി നെഞ്ചിനുള്ളിൽ അടച്ചുവെച്ചിരുന്ന ഒരു വാതിൽ പെട്ടെന്ന് തുറന്നുപോയതുപോലെയായിരുന്നു അത് .

അവന്റെ മുന്നിൽ നിന്നിരുന്ന യുവതിയുടെ മുഖത്തേക്ക് അവൻ വീണ്ടും നോക്കി.

അതേ കണ്ണുകൾ, അതേ കണ്ണുകളുടെ ആഴം, അതേ നാണം കലർന്ന ചിരി,നെറ്റിയിൽ വീണുകിടക്കുന്ന മുടിയിഴകൾ പോലും അവനെ ഏതോ പഴയ പ്രഭാതത്തിലേക്ക് കൊണ്ടുപോയി.

“സാർ…?”

യുവതിയുടെ ശബ്ദം അവനെ വീണ്ടും വർത്തമാനത്തിലേക്ക് കൊണ്ടുവന്നു.

“എന്തുപറ്റി സാറിന്?”

ദേവൻ ഒന്നും പറഞ്ഞില്ല.അവൻ പതുക്കെ ആ കല്ലിന്മേൽ ഇരുന്നു.

യുവതി ആശങ്കയോടെ അവന്റെ അരികിലേക്ക് വന്നു.

“സാർ എന്തുപറ്റി സുഖമല്ലേ? എന്തെങ്കിലും അസ്വസ്ഥത ?”

ദേവൻ അവളെ നോക്കി. “ഒന്നുമില്ല “….

“നിന്റെ… അമ്മയുടെ പേര് മായ എന്നല്ലേ?”

“അതെ.”

“മായ…”

അവൻ ആ പേര് വീണ്ടും ഉച്ചരിച്ചു.

“അമ്മ ഇപ്പോൾ എവിടെയാണ്?”

യുവതിയുടെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി തെളിഞ്ഞു.

“ഇവിടെ തന്നെയുണ്ട്.”

ദേവന്റെ ഹൃദയം വീണ്ടും ശക്തമായി മിടിച്ചു.

“ഇവിടെ!!?”

“അതെ. അമ്മയും അച്ഛനും ഇപ്പോൾ എന്നെ ഇവിടെയാക്കിയിട്ടു ഒരു ബന്ധുവീട്ടിലാണ് താമസം. ഞാൻ ജോലിയിൽ പ്രവേശിച്ചതുകൊണ്ടാണ് ഇവിടെ വന്നത്. രണ്ടു ദിവസം കഴിഞ്ഞു അവർ തിരികെ പോകും ”

ദേവൻ തലകുനിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

യുവതി അത്ഭുതത്തോടെ അവനെ നോക്കി.

“സാർ… അമ്മയെ അറിയാമോ?”

ദേവൻ കുറച്ചുനേരം മിണ്ടാതെ ഇരുന്നു. പിന്നെ വളരെ പതുക്കെ പറഞ്ഞു.

“അറിയാം.” അവന്റെ ശബ്ദത്തിൽ ഒരു മനസ്സു മുഴുവൻ ഉണ്ടായിരുന്നു.

“എത്രത്തോളം?”

അവൻ ചിരിച്ചു. “നിന്റെ അമ്മയ്ക്ക് പോലും ഓർമ്മയില്ലാത്തത്ര പഴയ കാലം മുതൽ.”

യുവതിയുടെ കണ്ണുകളിൽ കൗതുകം നിറഞ്ഞു. “അമ്മ കോളേജിൽ പഠിച്ചിരുന്ന കാലത്താണോ?”

“അതെ.”

“അമ്മ പലപ്പോഴും ഈ കുന്നിനെക്കുറിച്ച് പറയാറുണ്ട്.”

ദേവൻ തല ഉയർത്തി.“എന്താണ് പറയാറുള്ളത് ?”

“ഈ മരത്തണലിൽ ഇരുന്ന് ഒരുപാട് സ്വപ്നം കണ്ടിരുന്നുവെന്ന്. കൂട്ടുകാർ പാടുന്ന കവിതകൾ കേട്ടിരുന്നിട്ടുണ്ടെന്നു ”

ദേവന്റെ ഹൃദയത്തിൽ എന്തോ തകർന്നുവീണു. “എന്ത് സ്വപ്നം?”

യുവതി ചിരിച്ചു. “അത് എനിക്ക് അറിയില്ല.”

മായയുടെ അതേ ചിരി .. ദേവൻ മനസ്സിൽ പറഞ്ഞു

“പക്ഷേ ഒരു കാര്യം അമ്മ പലപ്പോഴും പറയാറുണ്ട്.” പിന്നെ… “ഈ കുന്നിൽ താൻ നഷ്ടപ്പെടുത്തിയ ഒരു കാലമുണ്ടെന്ന്.”

ദേവൻ എല്ലാം ശ്രദ്ധയോടെ കേട്ട് നിന്നു. ഇവൾക്ക് അമ്മയെ കുറിച്ച് നൂറു നാവാണ്. അമ്മയെപ്പോലെ തന്നെ എപ്പോഴും സംസാരിച്ചു കൊണ്ടേ ഇരിയ്ക്കും.

‘അമ്മ കോളേജിനെക്കുറിച്ചു ഇപ്പോഴും ഇങ്ങനെ പറയും “ചില സ്വപ്നങ്ങൾ ജീവിക്കാനുള്ളതല്ല… ഓർമ്മിക്കാനുള്ളതാണ്ന്നു ”

അവൻ പൊടുന്നനെ ചോദിച്ചു കുട്ടിയുടെ പേര് എന്താണ് ?

“മീര.”

ദേവന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി.

“മീര…”

ആ പേര് കേട്ടപ്പോൾ അവന്റെ മനസ്സിൽ മായയുടെ മുഖം തെളിഞ്ഞു .മായയുടെ മകൾ.
അവൻ മനസ്സിൽ പറഞ്ഞു…മായയുടെ കണ്ണുകൾ,മായയുടെ ചിരി,മായയുടെ മകൾ മീര .

“സാർ എന്താണ് ആലോചിക്കുന്നത്?”

“ഒന്നുമില്ല, മീരേ.”

അവൻ എഴുന്നേറ്റു.“നിന്റെ അമ്മയോട് എന്റെ പേര് പറയാമോ?”

“പറയാം.”

“ദേവൻ എന്ന് മാത്രം പറഞ്ഞാൽ മതി.”

മീര പെട്ടെന്ന് നിശ്ചലമായി.

“ദേവൻ…?”

അവളുടെ മുഖത്ത് അതിശയത്തിന്റെ നിഴൽ. “അമ്മ ഇടയ്ക്കു പറയാറുള്ള ദേവൻ സാറാണോ?”

ദേവന്റെ കണ്ണുകൾ നിറഞ്ഞു.“നിന്റെ അമ്മ എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ?”

“പേര് മാത്രം.” അവൾ പതുക്കെ ചിരിച്ചു.

“അമ്മ പറയുമ്പോൾ ആ പേരിന് ഒരു പ്രത്യേക ശബ്ദമുണ്ട്.”

ദേവൻ ഒന്നും പറഞ്ഞില്ല. ദേവന്റെ മറുപടിക്കായി കാത്തുനിൽക്കാതെ മീര ഫോൺ എടുത്തു.

“ഞാൻ ഇപ്പോൾ അമ്മയെ വിളിക്കട്ടെ?”

ദേവന്റെ കൈകൾ വിറച്ചു.

“വേണ്ട.”

മീര അവനെ നോക്കി ചിരിച്ചു.

“സാർ ഇപ്പോഴും അമ്മയെ സ്നേഹിക്കുന്നുണ്ടോ?”

ആ ചോദ്യം കേട്ട് ദേവൻ ഏറെ നേരം മിണ്ടാതെ നിന്നു.പിന്നെ പാലമരത്തിന്റെ തണലിലേക്ക് നോക്കി.
“സ്നേഹം അവസാനിക്കണമെങ്കിൽ അത് ഒരിക്കൽ ഉണ്ടായിരുന്നതിനെക്കാൾ വലിയതായിരിക്കണം.”

മീര ഒന്നും പറഞ്ഞില്ല.അവളുടെ കണ്ണുകളിൽ ആദരവ് നിറഞ്ഞു.

“എനിക്ക് മനസ്സിലായി.” അവൾ പോകാനായി തിരിഞ്ഞു. എന്തായാലും സാർ ന്റെ നമ്പർ ഒന്ന് തന്നേക്കൂ..

“മീരേ…”

“എന്താ സാർ?”

“നിന്റെ അമ്മയോട് പറയണം…” അവൻ നിമിഷം നിശ്ശബ്ദനായി. “ഞാൻ ഇന്നും അവളെ കുറ്റപ്പെടുത്തുന്നില്ലെന്ന്.”

നമ്പർ വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ മീരയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.“അത് ഞാൻ പറയാം.”
അവൾ നടന്നു പോയി.

ദേവൻ വീണ്ടും മരത്തണലിൽ ഇരുന്നു. ആകാശം ഇരുണ്ടുതുടങ്ങിയിരുന്നു.

കുറച്ചുസമയം കഴിഞ്ഞപ്പോൾ അവന്റെ ഫോൺ മുഴങ്ങി. അറിയാത്ത നമ്പർ. അല്ലെങ്കിൽ തന്നെ ഒരു താത്കാലിക വിസയിൽ നാട്ടിൽ വന്ന തന്നെ ആര് വിളിയ്ക്കാൻ . അവൻ ശങ്കിച്ചു, ഫോൺ എടുക്കാൻ കൈ നീങ്ങിയില്ല. വീണ്ടും ഫോൺ മുഴങ്ങി. ഇനി ചിലപ്പോൾ മീര ടീച്ചർ ആകുമോ ? ആ കുട്ടി ആയിരിയ്ക്കും.

അവൻ എടുത്തു. “ഹലോ…”

മറുവശത്ത് കുറച്ചുനേരം നിശ്ശബ്ദത. പിന്നെ ഒരു ശബ്ദം.

“ദേവാ…”

അവന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. മുപ്പത്തിയാറു വർഷങ്ങൾക്ക് മുമ്പ് മിട്ടായി കുന്നിൽ നിന്ന് പിരിഞ്ഞുപോയ അതേ ശബ്ദം.

“മായ…”

“നീ വന്നോ?”

“വന്നു.”

“മീര നിന്നെ കണ്ടോ?”

“കണ്ടു.”

“എന്തെങ്കിലും പറഞ്ഞോ?”

“പറഞ്ഞു.”

വീണ്ടും നിശ്ശബ്ദത. “ദേവാ…”

“എന്താ?”

“നീ എന്നെ ഒരിക്കൽ പോലും വെറുത്തിട്ടില്ലല്ലേ?”

ദേവൻ കണ്ണുകൾ അടച്ചു. “വെറുക്കാൻ ഞാൻ നിന്നെ ഒരിക്കലും മറന്നിട്ടില്ല , മായേ.”

അവളുടെ ഭാഗത്ത് ഒരു തേങ്ങലിന്റെ ശബ്ദം.“ഞാൻ നിന്നെ ഒരുപാട് ഓർത്തിട്ടുണ്ട്.”

“എനിക്കും അറിയാം.”

“എങ്ങനെ?”

“ഈ കുന്നിന് അറിയാം.”

മായ ചിരിച്ചു. ആ ചിരിയിൽ മുപ്പത്തിയാറു വർഷം പഴക്കമുള്ള ഒരു പെൺകുട്ടി പുനർജനിച്ചു.

“നാളെ വരുമോ?”

“എവിടെ?”

“മിടായി കുന്നിലേക്ക്.”

ദേവൻ ചിരിച്ചു. “നമ്മൾ വീണ്ടും ഇരുപത്തിയൊന്നുകാരാകുമോ?”

“അല്ല.”

അവൾ പതുക്കെ പറഞ്ഞു. “ഇനി നമുക്ക് നമ്മുടെ പ്രായം മറയ്ക്കേണ്ടതില്ല.”

“പിന്നെ?”

“ഇനി നമുക്ക് നമ്മളായിട്ട് തന്നെ സ്നേഹിക്കാം.”

അവന്റെ കണ്ണുകൾ നിറഞ്ഞു.

“വരും.”

“എപ്പോൾ?”

“നീ എത്തുന്നതിന് മുമ്പ്.”

“എന്തിന്?”

“ഇത്തവണ നിന്നെ കാത്തിരിക്കാൻ എനിക്ക് ഇഷ്ടമാണ്.”

അവൾ ചിരിച്ചു. “ദേവാ…”

“എന്താ?”

“ഞാൻ നിന്നോട് ഒരിക്കൽ പറഞ്ഞത് ഓർമ്മയുണ്ടോ?”

“എന്ത്?”

“ചില സ്വപ്നങ്ങൾ ജീവിക്കാനുള്ളതല്ലെന്ന്.”

“ഓർമ്മയുണ്ട്.”

“ഞാൻ തെറ്റിച്ചിരുന്നു.”

ദേവൻ മിണ്ടാതെ നിന്നു. “എന്തുകൊണ്ട്?”

“ചില സ്വപ്നങ്ങൾ വൈകിയാണ് ജീവിക്കുന്നത്.”

ആ രാത്രി ദേവന് ഉറങ്ങാനായില്ല.

മുപ്പത്തിയാറു വർഷങ്ങൾക്ക് ശേഷം ആദ്യമായി അവന്റെ മനസ്സിൽ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തേക്കാൾ, വീണ്ടും കണ്ടെത്തിയതിന്റെ സന്തോഷമായിരുന്നു. അടുത്ത ദിവസം വൈകുന്നേരം ദേവൻ മിട്ടായി കുന്നിലെത്തി.പാലമരത്തിന്റെ ചുവട്ടിൽ മായ നേരത്തെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.അവളുടെ കയ്യിൽ ഒരു ചെറിയ പൊതിയുണ്ടായിരുന്നു.ദേവൻ അടുത്തെത്തിയപ്പോൾ അവൾ അത് തുറന്നു.

അതിൽ കുറച്ച് നാരങ്ങാ മിടായികൾ.

ദേവൻ അത്ഭുതത്തോടെ അവളെ നോക്കി.

“ഇത്?”

“ദേവന് ഓർമ്മയില്ലേ ചേടത്തിയുടെ കടയിൽ നിന്നും നമ്മൾ വാങ്ങാറുള്ള നാരങ്ങാ മിഠായികൾ ”

അവൻ ചിരിച്ചു.

“ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നീ ഇത് ഓർത്തുവച്ചോ?”

“നിന്നെ മറക്കാത്ത ഒരാൾക്ക് മിട്ടായി കുന്നിനെയും നാരങ്ങാമിട്ടായിയും എങ്ങനെ മറക്കാൻ കഴിയും?”

അവൾ ഒരു മിട്ടായി അവന്റെ കൈയിൽ വെച്ചു.

ദേവൻ അത് നോക്കി.“നമ്മുടെ അവസാന ദിവസത്തിലും നീ എനിക്ക് മിട്ടായി തന്നിരുന്നു.”

“ഓർമ്മയുണ്ടോ?”

“എല്ലാം.” അവൾ പതുക്കെ അവന്റെ അരികിൽ ചേർന്ന്ഇരുന്നു.

രണ്ടുപേരും മിടായിയുടെ മധുരം നുണയുമ്പോൾ അവർ തങ്ങളുടെ ഇരുപതുകളിലേയ്ക്ക് തിരികെപ്പോയി.

“ദേവാ…”

“എന്താ?”

“നമ്മൾ അന്ന് വിവാഹം കഴിച്ചിരുന്നെങ്കിൽ ജീവിതം എങ്ങനെയായിരുന്നെന്ന് നിനക്ക് ഇപ്പോഴും തോന്നാറുണ്ടോ?”
അവൻ ചിരിച്ചു. “ചിലപ്പോൾ.”

“എങ്ങനെയായിരുന്നേനെ?”

“ഒരുപാട് വഴക്കുകൾ.”…..മായ ചിരിച്ചു.

“പിന്നെ?”

“നീ കോപിക്കും.”

“പിന്നെ?”

“ഞാൻ നിന്നെ സമാധാനിപ്പിക്കും.”

“പിന്നെ?”

“കുട്ടികൾ വരും.”

“എത്ര?”

“നിനക്ക് ഇഷ്ടമുള്ളത്ര.”

മായ അവനെ നോക്കി. “ഇത്രയും വർഷങ്ങൾക്ക് ശേഷവും നീ എന്റെ ഇഷ്ടം തന്നെയാണോ ചോദിക്കുന്നത്?”

ദേവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. “കാലമെത്ര കഴിഞ്ഞാലും ചില ശീലങ്ങൾ മാറില്ല.”

മായയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. “നമുക്ക് നഷ്ടമായ ജീവിതത്തെക്കുറിച്ച് ഇനി ദുഃഖിക്കണ്ടേ?”

“ഇല്ല.”

“എന്തുകൊണ്ട്?”

“കാരണം നമുക്ക് ലഭിച്ച ജീവിതവും സ്നേഹിക്കേണ്ടതല്ലേ?”

മായ തലകുനിച്ചു. “നിന്റെ ഭാര്യ?”

ദേവൻ കുറച്ചുനേരം മിണ്ടാതെയിരുന്നു .

“അവൾ വളരെനല്ലവളാണ്. എന്റെ ജീവിതത്തിന്റെ ഉയർച്ച തആഴ്ചകളിൽ അവൾ മാത്രമാണ് എനിയ്‌ക്കൊപ്പമുള്ളതു. എന്റെ കുട്ടികളുടെ പഠനത്തിനും,ഉയർച്ചയ്ക്കും, എല്ലാം എന്നും കറുത്തലായ് നില്കുന്നവൾ. അവളോടുള്ള ബഹുമാനവും സ്നേഹവും എനിക്ക് എന്നും,എപ്പോഴും ഉണ്ടാകും.”

മായ പതുക്കെ പറഞ്ഞു… “എനിക്കും എന്റെ ഭർത്താവിനോട് അതേ ബഹുമാനമുണ്ട്.”

ദേവൻ ചിരിച്ചു. “അപ്പോൾ നമ്മൾ എന്താണ്?”

മായ അവനെ നോക്കി. …“നമ്മൾ?”

അവൾ കുറച്ചുനേരം ചിന്തിച്ചു.

“നമ്മൾ ഒരിക്കൽ ഉണ്ടായിരുന്ന പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന ഓർമ്മകളാണ്.”

ദേവൻ അവളുടെ കൈയിൽ കൈകൾ ചേർത്തുവച്ചു.

അത് ഒരു അവകാശത്തിന്റെ സ്പർശമായിരുന്നില്ല. ഒരു ജീവിതം മുഴുവൻ സൂക്ഷിച്ചിരുന്ന സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു.

മായ ആ കൈ മുറുകെ പിടിച്ചു.

“ദേവാ…”

“എന്താ?”

“ഇനി ഞാൻ നിന്നെ നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല.”

അവൻ അവളുടെ കൈയിൽ സ്നേഹത്തോടെ അമർത്തി.

“ഇത്തവണ നമ്മൾ എവിടേക്കും പോകുന്നില്ല.”

കാലം വീണ്ടും കടന്നുപോയി

ഇപ്പോൾ അവരുടെ മുടിയിൽ കൂടുതൽ വെള്ളി വീണിരുന്നു നടക്കാൻ പതുക്കെയോ,പാരസാഹായത്തിലോ മാത്രം നടക്കുവാൻ മാത്രം കഴിയുന്ന പ്രായം. എങ്കിലും അവരുടെ കണ്ണുകളിൽ ആ പഴയ വെളിച്ചം.

മായ ദേവന്റെ തോളിൽ തലചായ്ച്ചു. “ദേവാ…”

“ഹും?”

“നമ്മൾ വൈകിപ്പോയോ?”

അവൻ അവളുടെ കൈ പിടിച്ചു. “സ്നേഹത്തിന് ഒരിക്കലും നേരവും വൈകലുമില്ല ”

അവൾ കണ്ണുകൾ അടച്ചു. “നമ്മുടെ സ്വപ്നനഗരം?”

ദേവൻ ചുറ്റും നോക്കി, മരത്തണൽ,താഴെയുള്ള വയലുകൾ,അകലെ കോളേജ് കെട്ടിടം.
കാമ്പസ്സിൽ ചുറ്റിയടിയ്ക്കുന്ന കാറ്റിൽ വാകപ്പൂക്കൾ പറക്കുന്നു.

അവൻ പതുക്കെ പറഞ്ഞു: “ഇതുതന്നെയല്ലേ?”

മായ കണ്ണുതുറന്നു. “എന്ത്?”

“നമ്മുടെ സ്വപ്നനഗരം.”

അവൾ ചുറ്റും നോക്കി, പിന്നെ ചിരിച്ചു, അവളുടെ കണ്ണുകളിൽ കണ്ണുനീർ.

“അതെ.”

“നമ്മൾ ഒരു സ്വപ്ന സൗധവും, നഗരവും പണിതില്ല.”

“പക്ഷേ…”

അവൾ അവന്റെ കൈ മുറുകെ പിടിച്ചു. “നമ്മൾ ജീവിച്ചു.”

ദേവൻ ചിരിച്ചു.

“അതെ.” …കാറ്റ് പാലമരങ്ങളുടെ ഇലകളിലൂടെ കടന്നുപോയി.

ഒരു പാലപ്പൂവ് താഴേക്ക് വീണു. മായ അത് എടുത്തു, ദേവന്റെ കൈയിൽ വെച്ചു.

“ഇത് സൂക്ഷിക്കണം.”

“എന്തിന്?”

“നമ്മുടെ പ്രണയത്തിന്റെ അവസാന ഓർമ്മ.”

ദേവൻ അവളെ നോക്കി….. “അവസാനമോ?”

മായ ചിരിച്ചു. .. “അല്ലെങ്കിൽ…” അവൾ അവന്റെ കൈയിൽ തലചായ്ച്ചു.

“നമ്മുടെ അവസാനമില്ലാത്ത ഓർമ്മയ്കായ് .”

ദേവൻ അവളുടെ കൈ ചുംബിച്ചു. സൂര്യൻ പതുക്കെ പടിഞ്ഞാറേക്ക് മറഞ്ഞു. വയലുകൾക്ക് മുകളിൽ സന്ധ്യയുടെ സ്വർണ്ണനിറം പടർന്നു. മരത്തണൽ നീണ്ടു. ദൂരെയൊരു ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സന്ധ്യാമണി മുഴങ്ങി. മീര കോളേജ് വരാന്തയിൽ നിന്ന് അവരെ നോക്കി. അവൾ പുഞ്ചിരിച്ചു. അവൾക്ക് ഇപ്പോൾ മനസ്സിലായിരുന്നു, അമ്മയുടെ ജീവിതത്തിൽ ഒരിക്കൽ നഷ്ടപ്പെട്ടുപോയത് ഒരു മനുഷ്യനെയല്ല.ഒരു കാലത്തെയായിരുന്നുവെന്നു ആ കാലം ഒരിക്കലും തിരികെ വന്നില്ല.പക്ഷേ ആ കാലത്തിന്റെ സ്നേഹം തിരികെ വന്നിരുന്നു, മറ്റൊരു രൂപത്തിൽ, മറ്റൊരു പ്രായത്തിൽ, മറ്റൊരു തെന്നലായ്.

മിടായി കുന്നിന്റെ മരത്തണലിൽ ഇരുന്നിരുന്ന ആ രണ്ടു യുവാക്കൾക്കും യുവതിക്കും ഒരിക്കൽ തോന്നിയിരുന്നു ലോകം മുഴുവൻ തങ്ങളുടെതാണെന്ന്. കാരണം ചിലപ്പോൾ ലോകം നമ്മുടേതാകുന്നത് നാം അതിനെ സ്വന്തമാക്കുന്നതുകൊണ്ടല്ല. നമ്മൾ ഒരാളെ സ്നേഹിച്ചിരുന്ന ഒരു നിമിഷം അതിൽ എന്നെന്നേക്കുമായി അവശേഷിക്കുന്നതുകൊണ്ടാണ്.

കാലം പിന്നെയും മുന്നോട്ടുപോയി. ദേവനും മായയും വീണ്ടും വിവാഹം കഴിച്ചില്ല. ഒരുമിച്ച് താമസിച്ചുമില്ല. പക്ഷേ അവർ തമ്മിൽ വീണ്ടും ഒരു ബന്ധം ഉണ്ടായി.പേരിടാൻ കഴിയാത്ത, പക്ഷേ ഹൃദയത്തിന് വ്യക്തമായി മനസ്സിലാകുന്ന ഒരു ബന്ധം. മീര അവർക്കിടയിലെ ദൂതമായി മാറി. ദേവനെ അവൾ സ്വന്തം അച്ഛനെപ്പോലെ ബഹുമാനിച്ചു. മായയെപ്പോലെ തന്നെ അവളും ആ കുന്നിനെ സ്നേഹിച്ചു. കോളേജ് തുറന്നപ്പോൾ മിട്ടായി കുന്നിലെ മരത്തണൽ വീണ്ടും വിദ്യാർത്ഥികളുടെ ചിരികൊണ്ട് നിറഞ്ഞു.പുതിയ തലമുറകൾ അവിടെ പ്രണയിച്ചു. സുഹൃത്തുക്കൾ അവിടെ ഇരുന്നു സ്വപ്നം കണ്ടു. സർഗ്ഗവാസനകൾ അവിടെ പീലി വിടർത്തി. ചിലർ വഴക്കിട്ടു പിരിഞ്ഞു .ചിലർ കവിതകാലും,കഥകളും രചിച്ചു, ചിലർ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങൾ എടുത്തു. സന്തോഷവും,സന്താപവും,വിരഹവും,സ്വപ്നങ്ങളും,പ്രണയവും, സർഗ്ഗവാസനകൾക്കും തണലേകി ഇന്നും ആ തണൽ മരങ്ങൾ മിടായിക്കുന്നിനെ സ്വർഗ്ഗതുല്യമാക്കുന്നു.
പക്ഷെ അവർക്കൊന്നും അറിയില്ല ഈ മരത്തണൽ ഒരു പ്രണയകഥയുടെ സാക്ഷിയാണെന്ന്.

മീര മാത്രം ആ പ്രണയ സാക്ഷാത്കാരത്തിന് സാക്ഷിയായി ….

 

Leave a Comment

More News