വെള്ളി കപ്പിൽ ലക്ഷ്യമിട്ട് തലവടി ചുണ്ടൻ

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ തലവടി ചുണ്ടൻ വള്ളം നടത്തുന്ന പരിശീലന തുഴച്ചിൽ ഇരുകരകളിൽ ഉണ്ടായിരുന്ന കാണികളെ ആവേശത്തിമർപ്പിലാക്കി കൊണ്ടിരിക്കുന്നു. ബിനു എച്ച് പുതുവേലിൽ, ജോസ് പുതിയറ എന്നിവർ ക്യാപ്റ്റൻമാരായി 2025 ലെ ചാമ്പ്യന്മാരായ വിബിസി കൈനകരിയുടെ കൈ കരുത്തിൽ ആണ് മത്സരത്തിന് ഒരുങ്ങുന്നത്. വി.ബി.സി കൈനകരി പ്രസിഡന്റ് സജു സെബാസ്റ്റ്യൻ, സെക്രട്ടറി സി.ജി വിജയപ്പൻ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ട്രാക്ക് എൻഡ്രി ജലോത്സവ പ്രേമികളായ ആരാധകര്‍ക്കെല്ലാവര്‍ക്കും പുത്തൻ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നതെന്ന് തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് റിക്സൺ ഉമ്മൻ എടത്തിൽ, സെക്രട്ടറി അരുൺ പുന്നശ്ശേരിൽ, ട്രഷറർ ഷിക്കു കുര്യൻ, വൈസ് പ്രസിഡന്റ് ജോജി വയലപ്പള്ളി, ടീം മാനേജർ ജോമോൻ ചക്കാലയിൽ എന്നിവർ അറിയിച്ചു.

ഈ വർഷവും വിവിധ ക്ലബുകളെയും ഗ്രാമങ്ങളെയും പ്രതിനിധീകരിച്ച് 22 ചുണ്ടൻ വള്ളങ്ങൾ പുന്നമട ഓളപരപ്പിൽ തീ പാറിക്കും. ഈ തവണ ആദ്യം രജിസ്റ്റർ ചെയ്തത് തലവടി ചുണ്ടൻ വള്ളം ആണ്.

ഒന്നാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ ഒന്നാം നമ്പർ വള്ളമായി ആണ് തുഴ എറിയുന്നത് എന്ന പ്രത്യേകതയും ഇത്തവണ തലവടി ചുണ്ടന് ഉണ്ടെന്ന് മീഡിയ കോഓർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത്, ഡോ. ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ അറിയിച്ചു.

തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടൻ വള്ളം സമിതിയുടെയും തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഇത്തവണയും മത്സരത്തിനൊരുങ്ങുന്നത്. ട്രാക്ക് എൻ‌ട്രി വീക്ഷിക്കാൻ തലവടി ചുണ്ടൻ വള്ളത്തിന്റെ ഓഹരി ഉടമകൾ ഉൾപ്പടെ നിരവധി പേർ പുന്നമടയിലെത്തിയിരുന്നു. നെഹ്‌റുവിന്റെ കൈയ്യൊപ്പ് ചാർത്തിയ വെള്ളി കപ്പ് തലവടിയിൽ എത്തുമെന്നുള്ള വലിയ പ്രതീക്ഷയിലാണ് ആരാധകരെന്ന് തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡന്റ് റിക്സൺ ഉമ്മൻ എടത്തിൽ പറഞ്ഞു.

2023 ജനുവരി 1ന് നീരണഞ്ഞ തലവടി ചുണ്ടന്റെ ശില്പി സാബു നാരായണൻ ആചാരിയാണ്.

Leave a Comment

More News