ഏഷ്യൻ ഗെയിംസ്: 11-ാം ദിനത്തിൽ ഇന്ത്യയ്ക്ക് മൂന്ന് മെഡലുകൾ; ട്രാപ്പിൽ ചരിത്രമെഴുതി നീരു ദണ്ഡയ്ക്ക് സ്വർണം

വനിതാ ട്രാപ്പിൽ ഏഷ്യൻ റെക്കോർഡോടെ നീരു; ടീം ഇനത്തിൽ വെള്ളി, ബോക്സിംഗില്‍ നരേന്ദ്ര ബെർവാളിന് വെങ്കലം

കടപ്പാട്: X/ @smritiirani

ഐച്ചി-നഗോയ: 2026 ഏഷ്യൻ ഗെയിംസിന്റെ പതിനൊന്നാം ദിനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് കരുത്തേകി ഷൂട്ടിംഗും ബോക്സിംഗും. ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡലുകളാണ് ഇന്ത്യ ചൊവ്വാഴ്ച സ്വന്തമാക്കിയത്. ഇതോടെ അഞ്ച് സ്വർണം, 21 വെള്ളി, 22 വെങ്കലം എന്നിങ്ങനെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 48 ആയി.

പതിനൊന്നാം ദിനത്തിലെ ഇന്ത്യയുടെ ഏറ്റവും തിളക്കമേറിയ നേട്ടം ഷൂട്ടിംഗ് റേഞ്ചിൽ നിന്നായിരുന്നു. വനിതകളുടെ ട്രാപ്പ് വ്യക്തിഗത ഇനത്തിൽ നീരു ദണ്ഡ സ്വർണം നേടി ചരിത്രം കുറിച്ചു. ഏഷ്യൻ ഗെയിംസിൽ വനിതാ ട്രാപ്പിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടറെന്ന നേട്ടവും നീരു സ്വന്തമാക്കി.

30 ഷോട്ടുകൾ ഉൾപ്പെട്ട ഫൈനലിൽ അസാമാന്യ കൃത്യത പ്രകടിപ്പിച്ച നീരു 28 ലക്ഷ്യങ്ങൾ തകർത്താണ് ഒന്നാമതെത്തിയത്. ഈ പ്രകടനത്തോടെ പുതിയ ഏഷ്യൻ റെക്കോർഡും അവർ കുറിച്ചു. കടുത്ത സമ്മർദത്തിനിടയിലും തുടക്കം മുതൽ സ്ഥിരത പുലർത്തിയ നീരു അവസാന ഘട്ടത്തിലും മികവ് നിലനിർത്തി സ്വർണം ഉറപ്പിക്കുകയായിരുന്നു.

26 ഹിറ്റുകളുമായി ചൈനയുടെ സൺ യുനോങ് വെള്ളി മെഡൽ നേടി. കുവൈത്തിന്റെ ഹജർ അബ്ദുൾമാലിക് വെങ്കലം സ്വന്തമാക്കി.

വ്യക്തിഗത ഇനത്തിലെ നീരുവിന്റെ സ്വർണത്തിന് പിന്നാലെ വനിതാ ട്രാപ്പ് ടീം ഇനത്തിലും ഇന്ത്യ മെഡൽ നേടി. നീരു ദണ്ഡ, അഷിമ അഹ്ലാവത്, മനീഷ കീർ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം 328 പോയിന്റുമായി വെള്ളി മെഡൽ സ്വന്തമാക്കി.

നീരു 118 പോയിന്റും അഷിമ 106 പോയിന്റും മനീഷ 104 പോയിന്റും നേടി. 346 പോയിന്റുമായി ചൈന സ്വർണം നേടിയപ്പോൾ കുവൈറ്റ് വെങ്കല മെഡലുമായി മൂന്നാം സ്ഥാനത്തെത്തി.

ബോക്സിങ് റിങ്ങിൽ നിന്നാണ് ഇന്ത്യയുടെ മൂന്നാമത്തെ മെഡൽ എത്തിയത്. പുരുഷന്മാരുടെ 90 കിലോഗ്രാം വിഭാഗത്തിൽ നരേന്ദ്ര ബെർവാൾ വെങ്കല മെഡൽ സ്വന്തമാക്കി. സെമിഫൈനലിൽ നിലവിലെ ലോക ചാമ്പ്യനായ ഐബെക് ഓറൽബേയോട് 5-0 എന്ന ഏകകണ്ഠ വിധിയിലാണ് നരേന്ദ്ര പരാജയപ്പെട്ടത്. സെമിഫൈനലിലെത്തിയതോടെ അദ്ദേഹത്തിന് വെങ്കല മെഡൽ ഉറപ്പായിരുന്നു.

മെഡൽ നേട്ടത്തിനൊപ്പം ബോക്സിംഗില്‍ ഇന്ത്യയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്ന രണ്ട് വിജയങ്ങളും പതിനൊന്നാം ദിനത്തിൽ ഉണ്ടായി. പർവീൺ ഹൂഡയും അങ്കുഷ് പങ്കലും തങ്ങളുടെ വിഭാഗങ്ങളിൽ ഫൈനലിലേക്ക് മുന്നേറി.

വനിതകളുടെ 65 കിലോഗ്രാം സെമിഫൈനലിൽ ചൈനയുടെ ലി ഷുവിനെ 5-0 എന്ന ഏകകണ്ഠ വിധിയിൽ പരാജയപ്പെടുത്തിയാണ് പർവീൺ ഹൂഡ ഫൈനൽ ഉറപ്പിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസ് ബോക്സിങ് ഫൈനലിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും പർവീൺ സ്വന്തമാക്കി. എം.സി. മേരി കോം, ലോവ്‌ലിന ബോർഗോഹെയ്ൻ എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ വനിതകൾ.

പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തിൽ അങ്കുഷ് പങ്കലും ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുത്തത്. ഉസ്ബെക്കിസ്ഥാന്റെ ഫസ്ലുഡിൻ എർകിൻബോവിനെതിരെ പിന്നിൽനിന്ന് ശക്തമായി തിരിച്ചുവന്ന അങ്കുഷ് 4-1ന് വിജയം നേടി ഫൈനലിലേക്ക് മുന്നേറി. 75 കിലോഗ്രാം വിഭാഗത്തിലെ നിലവിലെ ലോക ചാമ്പ്യനായ എർകിൻബോവിനെതിരായ വിജയം ഇന്ത്യൻ ബോക്സിങ് സംഘത്തിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്.

പതിനൊന്നാം ദിനത്തിലെ മൂന്ന് മെഡലുകൾക്കൊപ്പം ബോക്സിങ്ങിലെ രണ്ട് ഫൈനൽ പ്രവേശനങ്ങളും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ കൂടുതൽ ശക്തമാക്കി. വരും മത്സരങ്ങളിൽ പർവീൺ ഹൂഡയും അങ്കുഷ് പങ്കലും സ്വർണത്തിനായി റിങ്ങിലിറങ്ങും.

https://x.com/smritiirani/status/2104822656013119659

Leave a Comment

More News