
ഫൊക്കാന, ഫോമാ തുടങ്ങിയ ദേശീയ സംഘടനകള്‍ എന്തിനു വേണ്ടി? ഇവരുടെ നാഷണല്‍ കണ്‍വന്‍ഷനുകള്‍ കൊണ്ട് സാധാരണ അമേരിക്കന്‍ മലയാളികള്‍ക്ക് എന്തു പ്രയോജനം?
ഈ ചോദ്യം പല കോണുകളില്‍ നിന്നും കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഫൊക്കാന ഉണ്ടായ കാലം മുതല്‍ ഇതു കേള്‍ക്കുന്നു. ഫോമാ വന്നപ്പോഴും ഇത് ആവര്‍ത്തിക്കുന്നു.
ഇനി മറിച്ചൊരു ചോദ്യം: ‘ഈ സംഘടനകള്‍ കൊണ്ട് നിങ്ങള്‍ എന്തെങ്കിലും വ്യക്തിപരമായ പ്രയോജനം പ്രതീക്ഷിക്കുന്നുണ്ടോ?’ ഉണ്ടെങ്കില്‍ അത് എന്താണെന്ന് ഒന്നു വിശദീകരിക്കാമോ?
സാധാരണയായി ഈ ചോദ്യം ഉന്നയിക്കുന്നത് ഒരു പരിപാടിയിലും പങ്കെടുക്കാതെ, ഓസില്‍ വായിക്കുവാന്‍ കിട്ടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ട്, തനിക്കിതിലൊന്നും പങ്കെടുക്കാന്‍ പെണ്ണുംപിള്ള സമ്മതിക്കുന്നില്ലല്ലോ എന്ന നിരാശപൂണ്ടവരാണ്.
ആദ്യകാലത്ത് അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മകള്‍ ചെറിയ കേരള സമാജങ്ങളായിരുന്നു. പലരും സ്വന്തം കൈയിലെ കാശു മുടക്കിയാണ് ഓണാഘോഷം പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. പിന്നീട് കേരളത്തില്‍ നിന്നുമുള്ള കലാകാരന്മാരെ കൊണ്ടുവന്ന് ചില പരിപാടികള്‍ നടത്തി ഫണ്ട് റെയ്സിങ് നടത്തി.
ഇന്നു കാണുന്ന പല വലിയ ചര്‍ച്ച് ബില്‍ഡിങ്ങുകളും പടുത്തുയര്‍ത്തുന്നതില്‍ ഇത്തരം ധനശേഖരണം ഒരു വലിയ ഘടകമായിരുന്നു. ആരാധനാലയത്തോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഓഡിറ്റോറിയത്തില്‍ വെച്ച് പല പരിപാടികളും നടത്തുന്നു.
“ഈ സംഘടനകളൊക്കെ ചിലര്‍ക്ക് ആളുകളിക്കാനാണ്, പ്രശസ്തി നേടാനാണ്-സ്റ്റേജില്‍ കയറി ഞെളിഞ്ഞിരിക്കണം. പത്രത്തില്‍ പേരും ഫോട്ടോയും വരണം” ഇതൊക്കെയാണ് മറ്റു ചിലര്‍ക്കു ബോധക്കേടുണ്ടാക്കുന്ന വിഷയങ്ങള്‍. അതിലെന്താണ് തെറ്റ്?
അവര്‍ സമയം ചെലവഴിക്കുന്നു, പണം ചെലവഴിക്കുന്നു. കുടുംബസമയം ഇതിനു വേണ്ടി മാറ്റിവെക്കുന്നു. മീറ്റിംഗുകളില്‍ പങ്കെടുക്കുന്നു. പരിപാടികള്‍ സംഘടിപ്പിക്കുന്നു.
അത്രയുമൊക്കെ ചെയ്തശേഷം അയാളുടെ ഒരു പടം പത്രത്തില്‍ വന്നാല്‍ എന്തിനാ കൂവേ, വെറുതെ അസൂയപ്പെടുന്നത്? അവര്‍ക്ക് പ്രശസ്തി കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ. ഏതായാലും താങ്കള്‍ക്ക് ഒരു ചില്ലിക്കാശുപോലും ചെലവില്ലല്ലോ. അവരുടെ പടം ഫ്രെയിം ചെയ്തു പൂജാമുറിയില്‍ വെച്ച് പൂവിട്ട് പൂജിക്കാനൊന്നും ആരും പറയുന്നില്ലല്ലോ.
ചെറിയ ചെറിയ പ്രാദേശിക അസോസിയേഷനുകള്‍ കൊണ്ട്, നമ്മുടെ കുറച്ചു കുട്ടികള്‍ക്കെങ്കിലും അവരുടെ സ്കൂളില്‍ കിട്ടാത്ത ചില അവസരങ്ങള്‍ കിട്ടുന്നുണ്ട്. അവരുടെ കലാപരവും കായികപരവുമായ കഴിവുകള്‍, നൃത്തം, സംഗീതം, ഓട്ടം, ചാട്ടം തുടങ്ങിയവ അസോസിയേഷന്‍ വേദികളിലും പിക്നിക്കുകളിലും പ്രകടിപ്പിക്കാനുള്ള ഒരവസരം.
ഫൊക്കാന-ഫോമാ തുടങ്ങിയ സംഘടനകള്‍ നടത്തുന്ന ദേശീയ കണ്‍വന്‍ഷനുകള്‍ പ്രത്യക്ഷമായും പരോക്ഷമായും അനേകമാളുകള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ട്.
കണ്‍വന്‍ഷന്‍ സെന്‍ററുകള്‍ക്ക് കിട്ടുന്ന വരുമാനം, ഹോട്ടല്‍ ജീവനക്കാര്‍ക്ക് ജോലി, കേറ്ററിംഗ് കമ്പനിക്ക് ബിസിനസ്, ഫോട്ടോഗ്രാഫേഴ്സിനും വീഡിയോ ടീമുകള്‍ക്കും വരുമാനം, എയര്‍ലൈന്‍സിനും ടാക്സിക്കാര്‍ക്കും കൂടുതല്‍ യാത്രക്കാര്‍.
‘ഓ, പിന്നെ. ഈ കണ്‍വന്‍ഷനുകള്‍ കൊണ്ടാണല്ലോ ഈ പ്രസ്ഥാനങ്ങളൊക്കെ നടന്നുപോകുന്നത്? എന്നൊരു പുച്ഛമായിരിക്കും ഇപ്പോള്‍ പലരുടെയും മനസ്സില്‍ക്കൂടി കടന്നുപോകുന്നത്. പ്രിയ സുഹൃത്തേ, ഇതുപോലെയുള്ള പല സംരംഭങ്ങള്‍ പരസ്പരം കൈകോര്‍ക്കുന്നതു കൊണ്ടാണ് നമ്മുടെ കീശയിലും കാശ് വീഴുന്നത്.
ഒരാള്‍ക്ക് നല്ല സമ്പത്തുണ്ടെങ്കില്‍ അതിന്‍റെ സന്തോഷത്തില്‍ സ്വര്‍ണ്ണാഭരണങ്ങളും വില കൂടിയ പളപള വസ്ത്രങ്ങളും ധരിച്ച്, ലക്ഷറി കാറുകളില്‍ നടക്കട്ടെ. അതിലെന്താണ് തെറ്റ്? അത് അവര്‍ സമ്പാദിച്ചതാണ്. അവരുടെ അദ്ധ്വാനത്തിന്‍റെ ഫലമാണ്. മറ്റൊരാളുടെ വിജയത്തേയും സമ്പത്തിനേയും കണ്ടിട്ട്, അവരെ താഴ്ത്തിക്കെട്ടുകയോ ‘പ്രാഞ്ചിയേട്ടന്‍’ എന്ന ലേബലു കൊടുത്ത് പരിഹസിക്കുകയോ ചെയ്യേണ്ട കാര്യമില്ല.’
‘ഈ കണ്‍വന്‍ഷനുകള്‍ ധൂര്‍ത്തടിക്കുന്ന പണം കൊണ്ട് പാവങ്ങളെ സഹായിച്ചുകൂടേ?’ ഇതാണ് മറ്റൊരു ചോദ്യം. പാവങ്ങളെ സഹായിക്കുന്നത് ഒരു പുണ്യപ്രവൃത്തിയാണ്.
ഒരു ചെറിയ സംശയം. നിങ്ങള്‍ ഈ പറയുന്ന സമ്മേളനങ്ങള്‍ക്കൊന്നും പോകണ്ടാ. അങ്ങനെ ലഭിക്കുന്ന പണം കൊണ്ട് നിങ്ങള്‍ക്ക് നേരിട്ടു പാവങ്ങളെ സഹായിച്ചുകൂടേ?
ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് പണം നല്കാം, ദാരിദ്ര്യം അനുഭവിക്കുന്ന സ്വന്തം ബന്ധുക്കളെ സഹായിക്കാം, ഒരു രോഗിയുടെ ചികിത്സയ്ക്ക് സഹായിക്കാം.
ഒരു ഫൊക്കാനയോടും ഫോമായോടും ചോദിക്കേണ്ട കാര്യമില്ല. ഒരു കണ്‍വന്‍ഷനും നൂറു ശതമാനം കുറ്റമറ്റതാക്കാന്‍ ആരാലും സാദ്ധ്യമല്ല. ആയിരക്കണക്കിന് ആളുകളെ ഒരുമിച്ചുകൂട്ടി ഒരു പരിപാടി നടത്താന്‍ ദിവസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച് ഓടി നടക്കുന്ന സംഘാടകരുണ്ട്. അവരുടെ ചെറിയ പിഴവുകള്‍ പെരുപ്പിച്ച് കാട്ടാതെ, ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതല്ലേ അഭികാമ്യം? അല്ലാതെ ‘കണ്‍വന്‍ഷന്‍ പാടെ പൊളിഞ്ഞുപോയി’ എന്നു പ്രചരിപ്പിക്കുന്നത് ക്രൂരതയാണ്.
അമേരിക്കയില്‍ ഇന്ത്യക്കാരുടെ നിരവധി സംഘടനകളുണ്ട്. ഗുജറാത്തികള്‍ക്കും മറാത്തികള്‍ക്കും പഞ്ചാബികള്‍ക്കും തമിഴര്‍ക്കും തെലുങ്കര്‍ക്കും തുടങ്ങി നിരവധി സമൂഹങ്ങള്‍ സ്വന്തം സംഘടനകളും സമ്മേളനങ്ങളും നടത്തുന്നു.
പക്ഷേ, സ്വന്തം സംഘടനകളെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നതില്‍ മലയാളികള്‍ ഒരു ക്രൂരമായ ആനന്ദം അനുഭവിക്കുന്നു.
‘എക്സ്പയറി ഡേറ്റ്’ കഴിഞ്ഞിരിക്കുന്ന എന്നെപ്പോലുള്ളവര്‍ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുന്നത്, അവശേഷിച്ചിരിക്കുന്ന സുഹൃത്തുക്കളെ ഒന്നുകൂടി കാണുവാനും യുവതലമുറയില്‍പ്പെട്ട ചിലരെ പരിചയപ്പെടാനുമുള്ള ഒരു അവസരത്തിനു വേണ്ടിയാണ്.
ഇനി ആര്, എപ്പോള്‍, എവിടെ, എങ്ങനെ… ആര്‍ക്കറിയാം…?
മറ്റുള്ളവരുടെ സന്തോഷം കണ്ട് നിങ്ങള്‍ വെറുതേ മനഃപ്രയാസപ്പെടേണ്ട. ചരമക്കോളത്തിലല്ലാതെ ഏതെങ്കിലും നല്ല കാര്യം ചെയ്തു പത്രത്തില്‍ ഒരു തവണയെങ്കിലും പടം വരുവാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒന്നു ശ്രമിക്കൂ.
അതുകൊണ്ട് പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളേ! വെറുതേ മാളത്തിലൊളിച്ചിരുന്നു പ്രതികരിക്കാതെ വെളിച്ചം കാണുവാന്‍ വേണ്ടി വല്ലപ്പോഴും ഒന്നു പുറത്തിറങ്ങൂ. മരിക്കുന്നതിനു മുന്‍പ് നാല്പേര്‍ നമ്മളെ അറിയട്ടെ. അഞ്ചുപേര്‍ നമ്മളോടൊപ്പം ചിരിക്കട്ടെ. പത്തുപേര്‍ നമ്മളോടൊപ്പം സന്തോഷിക്കട്ടെ!
ജീവിതം ഒന്നേയുള്ളൂ, ആഘോഷിക്കൂ ഓരോ നിമിഷവും. ഒരു ദിവസം നമ്മള്‍ ഈ ലോകത്തുനിന്നും വിട പറയുമ്പോള്‍, നാട്ടുകാര്‍ തമ്മില്‍ ചോദിക്കും:
“ഒരു മലയാളി മരിച്ചെന്നു കേട്ടല്ലോ- ആരാ അത്?”
“ഞാനും കേട്ടു. ആരാണെന്ന് വലിയ പിടിയില്ല. നമ്മുടെ അന്നാമ്മയുടെ ഭര്‍ത്താവ്, ആ വായ് നോക്കി, വെള്ളമടി വര്‍ക്കിയാണെന്നാ പറേന്നത്. ആര്‍ക്കറിയാം.”
അതു പോരല്ലോ വര്‍ക്കീ…. അതുകൊണ്ട് ഇപ്പോഴേ കളത്തിലിറങ്ങി കളിക്കൂ!
