ആയിരങ്ങള്‍ക്ക് സേവനം നല്‍കി പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം

പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‍ സമാപന സംഗമം ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഐഡി കാർഡുകളുടെയും നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് ഇൻഷുറൻസ് പദ്ധതികളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികളെയും കുറിച്ച് പ്രചാരണത്തിനും ഖത്തറിലെ മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ അംഗമാക്കാനും ലക്ഷ്യം വച്ച് കൊണ്ട് പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച നോര്‍ക്കാ കാമ്പയിന്‍ സമാപിച്ചു.

ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് മുഖ്യാതിഥിയായി. കാമ്പയിന്‍ കാലയളവില്‍ ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ ചേര്‍ന്നവരുടെ രേഖകള്‍ ചടങ്ങില്‍ വച്ച് കൈമാറി. നോര്‍ക്ക ഹെല്പ് ഡസ്കില്‍ സേവനം ചെയ്ത വളണ്ടിയര്‍മാരെ ആദരിച്ചു. കാമ്പയിന്‍ കാലയളവില്‍ അംഗത്വമെടുത്തവരുടെ നോര്‍ക്ക കാര്‍ഡുകളുടെ വിതരണവും നടന്നു. പ്രവാസി വെല്‍ഫെയര്‍ ആക്ടിംഗ് പ്രസിഡണ്ട് അഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ സ്വാഗതം പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ നോര്‍ക സെല്‍ കണ്‍വീനര്‍ ഷംസു വായേരി നോര്‍ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയെ പറ്റി വിശദീകരിച്ചു. ഹെല്പ് ഡസ്ക് കോഡിനേറ്റര്‍ ഷുഐബ് കെ.പി നന്ദി പ്രകാശിപ്പിച്ചു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയില്‍ പുതുതായി അംഗത്വമെടുത്തവരെ പ്രവാസി വെല്‍ഫെയര്‍ ഭാരവാഹികള്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ലതകൃഷ്ണ, അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, സംസ്ഥാന സെക്രട്ടറിമാരായ റഹീം വേങ്ങേരി, മഖ്ബൂല്‍ അഹമ്മദ്, ഷുഐബ് കണ്ണൂര്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സാദിഖ് ചെന്നാടന്‍, ഷമീര്‍ വി.കെ, കജന്‍ ജോണ്‍സണ്‍, സജ്ന സാക്കി നടുമുറ്റം പ്രസിഡണ്ട് സന നസീം, ജനറല്‍ സെക്രട്ടറി ഫാതിമ തസ്നീം തുടങ്ങിയവര്‍ സംബന്ധിച്ചു.

ആഗസ്ത് ഒന്നു മുതല്‍ 20 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ കാലയളവില്‍ ആളുകള്‍ക്ക് അംഗത്വമെടുക്കാനും സംശയ നിവാരണത്തിനുമായി എല്ലാ ദിവസവും നുഐജയിലുള്ള പ്രവാസി വെല്‍ഫെയര്‍ ഒഫീസില്‍ പ്രത്യേക ഹെല്പ് ഡസ്ക് പ്രവര്‍ത്തിച്ചിരുന്നു. രണ്ടായിരത്തോളം പേര്‍ ഈ സേവനം പ്രയോജനപ്പെടുത്തി. ആയിരത്തിലധികം നോർക്ക കാർഡുകൾ, നാനൂറ് പുതിയ പ്രവാസി ക്ഷേമ പെൻഷൻ അപേക്ഷകള്‍, ഇരുനൂറ് ഐ.സി.ബി.എഫ് ഇൻഷുറൻസ് എന്നിവ ഹെല്പ് ഡസ്ക് വഴി ലഭിച്ചു. എന്‍.ആര്‍.ഐ അക്കൗണ്ട് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വിവിധ ജില്ലാകമ്മറ്റികളും നോര്‍ക്ക വിംഗ് വളണ്ടിയര്‍മാരും ഹെല്പ് ഡസ്കിന്‌ നേതൃത്വം നല്‍കി.

Leave a Comment

More News