
മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതീയ വിവേചനത്തിനും അധ്യാപകരുടെ പീഡനങ്ങൾക്കുമെതിരെ പോരാടുന്ന അനഘ ശശിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്രാട ദിനത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു.
അനഘയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും വരും ദിവസങ്ങളിലും സജീവമായി ഇടപെടുമെന്നും ഭാരവാഹികൾ അറിയിച്ചു.
വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ബുഷ്റ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ഉപവാസം സംസ്ഥാന സെക്രട്ടറി രജിത മഞ്ചേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പരമേശ്വരൻ, സെക്രട്ടറിമാരായ സലീന അന്നാര, ഷിഫാ ഷെറിൻ, ഷഹനാസ്, വൈസ് പ്രസിഡന്റ് ഷിഫ ഖാജ എന്നിവർ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം നസീറ ബാനു, ഫർഹ നസീഫ് (ഫ്രറ്റേണിറ്റി), ഹന (ജി.ഐ.ഒ.), എൻ.ഇ.പി. സംസ്ഥാന ജനറൽ സെക്രട്ടറി നാരായണൻ വട്ടോളി, വെൽഫെയർ പാർട്ടി തിരൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. ഷഹീർ കോട്ട്, ഷാകിറ കാനൂർ (ജമാഅത്തെ ഇസ്ലാമി) തുടങ്ങിയവർ ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസാരിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം, പ്രസിഡന്റിന് നാരങ്ങാനീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജസീല കെ.പി. സ്വാഗതവും കൺവീനർ റഹ്മത്ത് നന്ദിയും പറഞ്ഞു.
