
തിരുവനന്തപുരം: ജനകോടികൾ ആരാധിക്കുന്ന ശബരിമല അയ്യപ്പ സ്വാമിക്കും മാളികപ്പുറത്തമ്മയ്ക്കുമെതിരെ, നിന്ദ്യവും നീചവും അപമാനകരവുമായ പരാമർശം നടത്തിയ സണ്ണി കപിക്കാടിനെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം.
ജനങ്ങൾ ഭക്തിയോടും വിശ്വാസത്തോടും കാണുന്ന അയ്യപ്പ സ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനിക്കും വിധമുള്ള പൊതുവേദിയിലെ പരാമർശങ്ങൾ, മതസൗഹാർദ്ദം തകർക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാനാവൂ.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ, അശ്ലീല പരാമർശങ്ങൾ നടത്തി മറ്റുള്ളവരുടെ വിശ്വാസങ്ങളെ അപമാനിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കാനാവില്ല. ജനങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അപഹസിച്ച് സമൂഹത്തിൽ ശ്രദ്ധ നേടാനുള്ള തരം താണ ശ്രമമാണ് സണ്ണി കപിക്കാട് നടത്തിയത്.
കൈപ്പറ്റുന്ന പണത്തിന് ജോലിചെയ്യുന്നു എന്ന്, ചില കേന്ദ്രങ്ങളെ ബോധ്യപ്പെടുത്താനുള്ള പരിശ്രമമാണ്, ഇത്തരം പരാമർശങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നത്.
സമൂഹത്തിൽ ചെരിതിരിവും സംഘർഷവും സൃഷ്ടിക്കാൻ, ചില കേന്ദ്രങ്ങൾ നടത്തുന്ന ആസൂത്രിത ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം.
ജാതി മത വേർതിരിവുകൾ ഇല്ലാതെ പൊതുസമൂഹം ആരാധിക്കുന്ന ദൈവീക സങ്കൽപ്പങ്ങളെ തകർക്കാനും വിശ്വാസങ്ങളെയും ആചാരങ്ങളെയും വ്രണപ്പെടുത്താനുമുള്ള ഇത്തരം കുൽസിത ശ്രമങ്ങൾക്കെതിരെ മാതൃകപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്ന് ആനന്ദകുമാർ ആവശ്യപ്പെട്ടു.
കെ. ആനന്ദകുമാർ
സംസ്ഥാന ജനറൽ സെക്രട്ടറി
കേരളാ കോൺഗ്രസ് (എം)
