ഫിലഡൽഫിയ: ഉത്തരവാദ മാധ്യമപ്രവർത്തനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശമുയർത്തി, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ), ഫിലഡൽഫിയ ചാപ്റ്ററിന്റെ, 2026–2028 പ്രവർത്തനവർഷങ്ങളുടെ, ഉദ്ഘാടനം പ്രൗഢമായി നടന്നു. മാധ്യമ–സാമൂഹിക–സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് പ്രവർത്തനോദ്ഘാടനം ഗംഭീരമായി.
“ജീർണ്ണതയ്ക്കും മൂല്യച്യുതിക്കും എതിരായ ജേർണലിസത്തിന്റെ ജനുസ്സിലാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാനം” എന്ന ആശയം സമ്മേളനത്തിന്റെ സന്ദേശമായി ഉയർന്നു. വാർത്തകളുടെ വേഗത്തിനും മത്സരത്തിനും അപ്പുറം, സത്യസന്ധതയും വിശ്വാസ്യതയും സാമൂഹിക ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്ന മാദ്ധ്യമ പ്രവർത്തനമാണ് , ഇന്നിൻ്റെ ആവശ്യം എന്ന്, പ്രഭാഷകർ ഊന്നിപ്പറഞ്ഞു..
മൗനപ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഐ.പി.സി.എൻ.എ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡൻ്റ് ലിജോ ജോർജ് അധ്യക്ഷത വഹിച്ചു. ഫിലഡൽഫിയ സിറ്റി കൗൺസിലർ ഡോ. നീന അഹമ്മദ് മുഖ്യാതിഥിയായി പ്രസംഗിച്ചു. പ്രശസ്ത വാഗ്മിയും സാഹിത്യകാരനുമായ പ്രൊഫ. കോശി തലക്കൽ വിജ്ഞാനപ്രഭാഷണം നടത്തി. ഐ.പി.സി.എൻ.എ അഡ്വൈസറി ബോർഡ് ചെയർമാനും മുൻ നാഷണൽ പ്രസിഡൻ്റുമായ സുനിൽ ട്രൈസ്റ്റാർ ദേശീയ ഐ.പി.സി.എൻ.എ യുടെ വളർച്ചയെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംസാരിച്ചു.
അസൻഷൻ മാർത്തോമാ ചർച്ച് വികാരി ഫാ. ജോജി എം. മാത്യു, ഐ.പി.സി.എൻ.എ മുൻ നാഷണൽ ജനറൽ സെക്രട്ടറി വിൻസൻ്റ് ഇമ്മാനുവേൽ, ഡബ്ല്യു.എം.എഫ് പ്രസിഡന്റ് ഡോ. ആനി ലിബു, സിനിമാ കലാകാരിയും മാധ്യമപ്രവർത്തകയുമായ സുവർണ മാത്യു, ജോർജ് നടവയൽ, ജീമോൻ ജോർജ്, അരുൺ കോവാട്ട്, അലക്സ് തോമസ് (പമ്പ), ബിന്ദു ഏബ്രാഹം (പിയാനോ) എന്നിവർ ആശംസകൾ നേർന്നു.
ഐ.പി.സി.എൻ.എ ഫിലഡൽഫിയ ചാപ്റ്റർ വൈസ് പ്രസിഡന്റ് സുധ കർത്ത സ്വാഗതവും ട്രഷറർ റോജിഷ് സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. കലാകാരിയും നഴ്സ് പ്രാക്ടീഷണറുമായ സിർലി ജീവൻ മാസ്റ്റർ ഓഫ് സെറിമണിയായി സമ്മേളന നടപടികൾ ചിട്ടയോടെ ഏകോപിപ്പിച്ചു. യുവചലച്ചിത്രതാരം റേച്ചൽ ഉമ്മൻ അമേരിക്കൻ ദേശീയഗാനവും ജൈസൺ ഫിലിപ്പ് ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു.
ഭദ്രദീപം തെളിച്ച് 2026–2028 പ്രവർത്തനങ്ങൾക്ക് തുടക്കം
വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം തെളിച്ചതോടെയാണ് ഐ.പി.സി.എൻ.എ ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്.
പുതിയ തലമുറയെ മാധ്യമരംഗത്തേക്ക് ആകർഷിക്കുകയും മാധ്യമപ്രവർത്തനത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജേർണലിസം വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പദ്ധതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചാപ്റ്റർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് ലിജോ ജോർജ് അറിയിച്ചു. മാധ്യമപ്രവർത്തകരെ ഒരുമിപ്പിക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്ന പ്രവർത്തനങ്ങൾക്കും ഫിലഡൽഫിയ ചാപ്റ്റർ മുൻഗണന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐ.പി.സി.എൻ.എ ഫിലഡൽഫിയ ചാപ്റ്ററിൽ ആദരവുകൾ
ഫിലഡൽഫിയ സിറ്റി കൗൺസിലിന്റെ പ്രശംസാപത്രം (Citation/Commendation) സിറ്റി കൗൺസിലർ ഡോ. നീന അഹമ്മദ് ചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജിന് സമ്മാനിച്ചത് സമ്മേളനത്തിൻ്റെ ശ്രദ്ധേയ നിമിഷമായി.
പ്രൊഫ. കോശി തലക്കലിനെ, സാമൂഹിക–വിദ്യാഭ്യാസ രംഗത്തെ അമൂല്യ സംഭാവനകൾ മാനിച്ച്, സിറ്റി കൗൺസിലർ ഡോ. നീന അഹമ്മദും , ഇന്ത്യ പ്രസ് ക്ലബ് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാറും ചേർന്ന്, പൊന്നാട അണിയിച്ച് ആദരിച്ചു.
ഉത്തരവാദ മാധ്യമ പ്രവർത്തനത്തിന് ഐ.പി.സി.എൻ.എയുടെ കൂട്ടായ്മ: സുനിൽ ട്രൈസ്റ്റാർ
വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരെ, ഒരു പൊതുവേദിയിൽ അണിനിരത്തുകയും, മാധ്യമ പ്രവർത്തനത്തിന്റെ പ്രൊഫഷണൽ നിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. ദേശീയതലത്തിലുള്ള സമ്മേളനങ്ങൾ, മാധ്യമ സെമിനാറുകൾ, സംവാദങ്ങൾ, മാധ്യമപ്രവർത്തകരെ ആദരിക്കുന്ന പരിപാടികൾ, പുതിയ തലമുറയിലെ മാധ്യമപ്രവർത്തകർക്കുള്ള പ്രോത്സാഹനം, ഇന്ത്യയിലെയും അമേരിക്കയിലെയും മാധ്യമ–സാമൂഹിക രംഗങ്ങളിലെ പ്രമുഖരുമായുള്ള ആശയവിനിമയ വേദികൾ, എന്നീ പ്രവർത്തനങ്ങളിലൂടെ സംഘടന സജീവ സാന്നിധ്യം പുലർത്തിവരുന്നു എന്ന് സുനിൽ ട്രൈസ്റ്റാർ പ്രസംഗത്തിൽ പറഞ്ഞു. 2027 ജനുവരി ആദ്യ ആഴ്ച, കേരളത്തിൽ നടക്കാനിരിക്കുന്ന മാധ്യമശ്രീ അവാർഡിന്റെ ഒരുക്കങ്ങൾക്കായി കേരളം സന്ദർശിക്കുന്ന നാഷണൽ പ്രസിഡന്റ് രാജു പള്ളത്ത്, നാഷണൽ സെക്രട്ടറി അനിൽകുമാർ ആറന്മുള, നാഷണൽ ട്രഷറർ ജയൻ ജോസഫ് എന്നിവരെ പ്രതിനിധാനം ചെയ്ത്, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജിനും ഭാരവാഹികൾക്കും അംഗങ്ങൾക്കും, ഭാവുകാശംസകൾ, സുനിൽ ട്രൈസ്റ്റാർ അറിയിച്ചു.
ആരോഗ്യകരമായ ചർച്ചകൾക്ക് ഐ.പി.സി.എൻ.എ വേദിയൊരുക്കുന്നു
മാധ്യമസ്വാതന്ത്ര്യം, മാധ്യമധാർമ്മികത, വാർത്തകളുടെ വിശ്വാസ്യത, പുതിയ സാങ്കേതികവിദ്യകൾ ഉയർത്തുന്ന അവസരങ്ങളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങളിൽ ആരോഗ്യകരമായ ചർച്ചകൾക്ക് വേദിയൊരുക്കുന്നതിലും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറുനാടൻ മലയാളികളുടെ നേട്ടങ്ങളും പ്രശ്നങ്ങളും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിലും, അമേരിക്കൻ മലയാളി സമൂഹത്തെയും കേരളത്തെയും ഇന്ത്യയെയും മാധ്യമങ്ങളിലൂടെ കൂടുതൽ അടുപ്പത്തോടെ ബന്ധിപ്പിക്കുന്നതിലും, ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തകർക്ക്, നിർണായക പങ്കുണ്ടെന്ന സന്ദേശവും സമ്മേളനത്തിൽ ഉയർന്നു.
മാധ്യമരംഗം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പ്രിൻ്റ്, ടെലിവിഷൻ, ഓൺലൈൻ, ഡിജിറ്റൽ, സോഷ്യൽ മീഡിയ തുടങ്ങിയ വിവിധ മാധ്യമമേഖലകളിൽ പ്രവർത്തിക്കുന്നവരെ ഒരുമിപ്പിച്ച് അനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വേദിയൊരുക്കുന്നതും ഐ.പി.സി.എൻ.എയുടെ പ്രവർത്തനങ്ങളുടെ പ്രധാന ഭാഗമാണ്.
ഐ.പി.സി.എൻ.എ ഫിലഡൽഫിയ ചാപ്റ്ററിന്റെ പുതിയ പ്രവർത്തനകാലയളവിൽ; മാധ്യമ സെമിനാറുകൾ, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ്, യുവ മാധ്യമപ്രവർത്തകർക്കുള്ള പ്രോത്സാഹന പദ്ധതികൾ, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലെ സംവാദങ്ങൾ, വിവിധ സംഘടനകളുമായുള്ള സഹകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനുള്ള പ്രതിബദ്ധതയാണ് പ്രവർത്തനോദ്ഘാടന സമ്മേളനം മുന്നോട്ടുവച്ചത്.
സംഗീതവിരുന്നും സംഘടനകളുടെ സാന്നിധ്യവും
സാംസൺ (ഹെവൻലി ബീറ്റ്സ്), റേച്ചൽ ഉമ്മൻ, ജൈസൺ, സുമോധ് നെല്ലിക്കാല എന്നിവരുടെ ഗാനാലാപനങ്ങൾ ഐ.പി.സി.എൻ.എ ഫിലഡൽഫിയ ചാപ്റ്ററിന്റെ സമ്മേളനത്തിന് സംഗീത സാന്ദ്രതയേകി. ഫൊക്കാന, ഫോമ, മാപ്പ്, പമ്പ, പിയാനോ, ഐ.ഒ.സി, ട്രൈസ്റ്റേറ്റ് കേരള ഫോറം, കോട്ടയം അസോസിയേഷൻ, ഓർമ ഇന്റർനാഷണൽ, പാത്ത് തുടങ്ങി നിരവധി സാമൂഹിക–സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി ആശംസകൾ നേർന്നു. വിവിധ സംഘടനകളുടെ സജീവ പങ്കാളിത്തം, ഫിലഡൽഫിയ മലയാളി സമൂഹവും മാധ്യമപ്രവർത്തകരും തമ്മിലുള്ള സഹകരണത്തിന്റെ, തീക്ഷ്ണമായ പ്രതിഫലനമായി.
മാധ്യമപ്രവർത്തനം വാർത്തകൾ കൈമാറുന്ന പ്രക്രിയ മാത്രമല്ലെന്നും, സമൂഹത്തിന്റെ നന്മയ്ക്കായി, സത്യത്തിന്റെ പക്ഷത്ത് നിലകൊള്ളുകയും, തെറ്റുകളെയും ജീർണ്ണതകളെയും ചോദ്യം ചെയ്യുകയും, ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന, സാമൂഹിക ഉത്തരവാദിത്തമാണെന്ന സന്ദേശമാണ്, സമ്മേളനത്തിലുടനീളം പ്രതിധ്വനിച്ചത്.
മാധ്യമപ്രവർത്തകരെയും സാമൂഹിക–സാംസ്കാരിക സംഘടനകളെയും പുതുതലമുറയെയും ഒരേ വേദിയിൽ അണിനിരത്തിയ ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം, ഐ.പി.സി.എൻ.എയുടെ പുതിയ പ്രവർത്തനകാലയളവിന് പ്രതീക്ഷാനിർഭരമായ തുടക്കമായി.
ഫിലഡൽഫിയ മല്ലൂ കഫേ ഒരുക്കിയ സദ്യയോടെയാണ് ഐ.പി.സി.എൻ.എ ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രൗഢഗംഭീരമായ സമ്മേളനം സമാപിച്ചത്.