ആഗോള വിപണി ലക്ഷ്യമിട്ട് കേരള ഉത്പന്നങ്ങളുടെ ‘മെയ്ഡ് ഇൻ കേരള’ പോര്‍ട്ടല്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആഗോള വിപണിയിൽ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും മുൻഗണന നൽകുന്നതിനായി ‘കേരള ബ്രാൻഡ്’ പോർട്ടൽ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയ്യാറാക്കിയ ഈ പോർട്ടലിലൂടെ, ഉയർന്ന നിലവാരവും അതുല്യതയും നിലനിർത്തുന്ന പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ‘മെയ്ഡ് ഇൻ കേരള’ എന്ന സവിശേഷമായ ആഗോള ഐഡന്റിറ്റി ലഭിക്കും. ആദ്യ ഘട്ടത്തിൽ, വെളിച്ചെണ്ണ, കാപ്പി, ചായ, പാദരക്ഷകൾ, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, പിവിസി പൈപ്പ്, സർജിക്കൽ റബ്ബർ കയ്യുറകൾ, കാലിത്തീറ്റ എന്നിവയുൾപ്പെടെ 11 ഉൽപ്പന്നങ്ങൾക്ക് സംസ്ഥാനതല കമ്മിറ്റി അംഗീകാരം നൽകി.

കേരളത്തിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതും പരിസ്ഥിതി സൗഹൃദവും ബാലവേലയോ വിവേചനങ്ങളോ ഇല്ലാത്തതുമായ തൊഴിൽ സാഹചര്യങ്ങളിൽ തയ്യാറാക്കുന്നതുമായ ഉൽപ്പന്നങ്ങൾക്കാണ് അംഗീകാരം നൽകുന്നത്. അതാത് മേഖലകളിലെ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾക്കൊപ്പം ഉയർന്ന ധാർമ്മികതയും ഉത്തരവാദിത്ത വ്യാവസായിക രീതികളും പാലിക്കുന്നവയായിരിക്കണം അപേക്ഷ നൽകുന്ന സ്ഥാപനങ്ങൾ. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാനതല കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ മുൻനിർത്തി, താലൂക്ക് തല സെലക്ഷൻ കമ്മിറ്റിയുടെ പരിശോധനകൾക്ക് ശേഷമായിരിക്കും ‘കേരള ബ്രാൻഡ്’ സർട്ടിഫിക്കേഷൻ അനുവദിക്കുക.

കേരളത്തിൽ തന്നെ ഉത്പാദന യൂണിറ്റുകൾ പ്രവർത്തിക്കുന്നതും UDYAM രജിസ്‌ട്രേഷനും ആവശ്യമായ ക്വാളിറ്റി സർട്ടിഫിക്കറ്റുകളുമുള്ള സംരംഭകർക്ക് പോർട്ടൽ വഴി അപേക്ഷിക്കാം. താലൂക്ക് തലത്തിലുള്ള ഐ.ഇ.ഒ (IEO), എ.ഡി.ഐ.ഒ (ADIO) എന്നിവരുടെ പരിശോധനകൾ പൂർത്തിയാക്കി അർഹരായ സംരംഭങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കും. താൽപ്പര്യമുള്ള സംരംഭകർക്ക് www.keralabrand.industry.kerala.gov.in സന്ദർശിച്ച് സെൽഫ് ഡിക്ലറേഷൻ ചെക്ക്ലിസ്റ്റും അനുബന്ധ രേഖകളും സമർപ്പിച്ച് കേരള ബ്രാൻഡിന്റെ ഭാഗമാകാം.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News