വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ നിലവിലെ വെല്ലുവിളികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി സമഗ്രമായ പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ പരമാവധി പ്രയോജനം ഉറപ്പാക്കുന്നതിനും സംസ്ഥാനത്തിന്റെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ പുതിയ നയത്തിന്റെ ഭാഗമായി സ്വീകരിക്കും.

സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററി എനർജി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങൾ വിപുലീകരിക്കും. കെഎസ്ഇബിയെ സ്വകാര്യവൽക്കരിക്കില്ലെന്നും സ്ഥാപനത്തെ കൂടുതൽ കാര്യക്ഷമവും സ്വയംപര്യാപ്തവുമാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ സാഹചര്യം ഒരുക്കും.

മഴയുടെ കുറവ്, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലുണ്ടായ ഗണ്യമായ വർധന, വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത എന്നിവയാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യം നേരിടുന്നതിനായി ഒഡിഷയിൽ നിന്നും ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്നും വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന് ആവശ്യമായ അധിക വൈദ്യുതി ഉറപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ന്യൂക്ലിയർ പവർ കോർപ്പറേഷൻ, തെർമൽ പവർ കോർപ്പറേഷൻ എന്നിവയുമായി ചർച്ച നടത്തുന്നതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ഊർജ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇഎസ്എ) പരിധി നിർണയിക്കുമ്പോൾ ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാട്. കാർഡമം ഹിൽ ഏരിയയെയും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. 98 വില്ലേജുകളിലായി 8,590 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മാത്രമായി ഇഎസ്എ പരിധി നിജപ്പെടുത്തണമെന്നാണ് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇഎസ്എയുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെയും പരിസ്ഥിതി മന്ത്രിയുടെയും നേതൃത്വത്തിലുള്ള സംഘം കേന്ദ്ര സർക്കാരുമായി തുടർചർച്ച നടത്തും.

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവും കേന്ദ്രതലത്തിലുള്ള നിർബന്ധിത പരിശീലന പരിപാടികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഇടയ്ക്കിടെയുള്ള മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഭരണനിർവഹണത്തിൽ തുടർച്ചയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ഓരോ തസ്തികയിലും ഉദ്യോഗസ്ഥർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ സേവന സ്ഥിരത ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News