കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ നിരന്തരം അപമാനിക്കുകയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചു. തനിക്കെതിരെ പ്രസിദ്ധീകരിച്ച അപകീർത്തികരമായ പോസ്റ്റുകളും കുറിപ്പുകളും അടിയന്തരമായി നീക്കം ചെയ്യണമെന്നും തുടർന്നും സമാനമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് എറണാകുളം മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
സനൽ കുമാർ ശശിധരന് പുറമെ യൂട്യൂബർ ഷാജൻ സ്കറിയയെയും സമൂഹമാധ്യമ കമ്പനിയായ മെറ്റയെയും കേസിൽ കക്ഷികളാക്കിയിട്ടുണ്ട്. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നിർദേശം നൽകിയതായാണ് വിവരം. ഈ മാസം 30-ന് കോടതിയിൽ ഹാജരാകാനും നോട്ടീസ് നൽകിയിട്ടുണ്ട്.
മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമെന്ന് ആരോപിക്കപ്പെടുന്ന പുതിയ പോസ്റ്റുകളും മറ്റ് ഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കുന്നതിന് കോടതി ഇടക്കാല വിലക്ക് ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മെറ്റയ്ക്കും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി നടത്തുന്ന പരാമർശങ്ങളും പ്രചാരണങ്ങളും തന്റെ വ്യക്തിപരമായ അന്തസ്സിനെയും പൊതുസമൂഹത്തിലെ പ്രതിച്ഛായയെയും തൊഴിൽപരമായ നിലയെയും ബാധിക്കുന്നുവെന്നാണ് മഞ്ജു വാര്യർ ഹർജിയിൽ ആരോപിക്കുന്നത്. ഇത്തരം ഉള്ളടക്കങ്ങളുടെ തുടർപ്രചാരണം തടയുന്നതിനൊപ്പം ഇതിനകം പ്രസിദ്ധീകരിച്ചവ നീക്കം ചെയ്യുന്നതിനും കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉയർന്ന ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നത്.
