ദോഹ (ഖത്തര്): പൊതുതെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം നേടാനാകാത്തതോടെ ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിനും മുൻ സൈനിക മേധാവി ഗാഡി ഐസെൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകൾ ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുകയാണ്. വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ പരമാവധി ശ്രമിക്കണമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് അഭ്യർത്ഥിച്ചു.ബുധനാഴ്ച ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് പ്രസിഡന്റ് രാഷ്ട്രീയ നേതൃത്വത്തോട് സമവായത്തിന് ആഹ്വാനം ചെയ്തത്. രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുന്നതിനും ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനും പുതിയ സർക്കാർ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കുന്ന നേതാക്കൾ മുൻവിധികളും രാഷ്ട്രീയ വൈരാഗ്യങ്ങളും മാറ്റിവച്ച് തുറന്ന മനസ്സോടെ സമീപിക്കണമെന്നും ഹെർസോഗ് ആവശ്യപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലി വാർത്താ വെബ്സൈറ്റായ വൈനെറ്റിന്റെ റിപ്പോർട്ട് പ്രകാരം നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ഗാഡി ഐസെൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകൾ നേടിയപ്പോൾ അറബ് നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് 19 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. 120 അംഗങ്ങളുള്ള ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ സർക്കാർ രൂപീകരിക്കുന്നതിന് കുറഞ്ഞത് 61 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം പ്രധാന രാഷ്ട്രീയ സഖ്യങ്ങളൊന്നും കേവല ഭൂരിപക്ഷത്തിലെത്തിയിട്ടില്ല.
അതേസമയം, തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവരാൻ ഇനിയും സമയമെടുക്കും. വോട്ടെണ്ണൽ പുരോഗമിക്കുകയാണെന്നും 4.80 ലക്ഷത്തിലധികം ബാലറ്റുകൾ ഇനിയും എണ്ണാനുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൈനികരും സ്വന്തം നിയുക്ത പോളിങ് സ്റ്റേഷനുകൾക്ക് പുറത്ത് വോട്ട് രേഖപ്പെടുത്താൻ അനുമതിയുള്ള മറ്റ് വിഭാഗങ്ങളും ചെയ്ത വോട്ടുകളാണ് പ്രധാനമായും എണ്ണാനുള്ളത്. പ്രത്യേക ഇരട്ട കവറുകളിലായി സൂക്ഷിച്ചിരിക്കുന്ന ഈ ബാലറ്റുകളുടെ ഫലം നിലവിലെ സീറ്റ് നിലയിൽ മാറ്റമുണ്ടാക്കാൻ സാധ്യതയുണ്ട്.
ഇസ്രായേൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച വരെ വോട്ടെണ്ണൽ തുടർന്നേക്കും. ശേഷിക്കുന്ന വോട്ടുകളുടെ എണ്ണവും വിവിധ പാർട്ടികൾക്ക് ലഭിക്കുന്ന അന്തിമ സീറ്റുകളും സർക്കാർ രൂപീകരണ ചർച്ചകളിൽ നിർണായകമാകും.
അടുത്ത ആഴ്ച ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രസിഡന്റ് ഐസക് ഹെർസോഗ് അറിയിച്ചിരിക്കുന്നത്. ഫലം പുറത്തുവന്നശേഷം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. സർക്കാർ രൂപീകരിക്കാൻ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ഓരോ പാർട്ടിയോടും ആരായും.
ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ പാർലമെന്റിൽ ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള അംഗത്തെ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ക്ഷണിക്കും. സർക്കാർ രൂപീകരണത്തിന് ആദ്യം 28 ദിവസത്തെ സമയമാണ് അനുവദിക്കുക. നിശ്ചിത സമയത്തിനുള്ളിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കാത്തപക്ഷം പ്രസിഡന്റിന് പരമാവധി 14 ദിവസം കൂടി അനുവദിക്കാം.
ആദ്യമായി ചുമതല ലഭിക്കുന്ന നേതാവ് സർക്കാർ രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ മറ്റൊരു പാർലമെന്റ് അംഗത്തിന് അവസരം നൽകാനും വ്യവസ്ഥയുണ്ട്. തുടർന്നും ഒരു സഖ്യത്തിനും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെവന്നാൽ രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാധ്യത ശക്തമാകും.
പുതിയ സർക്കാരിന്റെ രൂപീകരണത്തിൽ അറബ് നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടികളുടെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ജോയിന്റ് ലിസ്റ്റും മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള റാം പാർട്ടിയും ഉൾപ്പെടുന്ന അറബ് രാഷ്ട്രീയ വിഭാഗങ്ങൾക്ക് ആകെ 19 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐസെൻകോട്ടിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെടുന്ന സർക്കാരിന് ഏതെങ്കിലും തരത്തിൽ പിന്തുണ നൽകാനുള്ള സാധ്യത ഈ പാർട്ടികൾ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രതിപക്ഷ സഖ്യത്തിൽ ഔദ്യോഗികമായി ചേരുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ഉറപ്പ് നൽകിയിട്ടില്ല.
നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുന്ന സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാനുള്ള സാധ്യത ജോയിന്റ് ലിസ്റ്റ് പരിഗണിക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാണെന്ന സൂചന റാം പാർട്ടിയും നൽകിയിട്ടുണ്ട്. ഇതോടെ അറബ് പാർട്ടികളുടെ പിന്തുണയോടെ പ്രതിപക്ഷത്തിന് സർക്കാർ രൂപീകരിക്കാനാകുമോയെന്ന ചർച്ചകളും ശക്തമായിരിക്കുകയാണ്.
എന്നാൽ അറബ് പാർട്ടികളുടെ പിന്തുണയെ ആശ്രയിച്ച് സർക്കാർ രൂപീകരിക്കുന്നതിനോട് നെതന്യാഹു വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈ നിലപാട് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ സാധ്യതകളെയും ബാധിച്ചേക്കും.
രാഷ്ട്രീയ പ്രതിസന്ധി മറികടക്കുന്നതിനുള്ള മറ്റൊരു സാധ്യത നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും ഐസെൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും ചേർന്ന് ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുക എന്നതാണ്. എന്നാൽ ഇരു വിഭാഗങ്ങളും തമ്മിലുള്ള കടുത്ത രാഷ്ട്രീയ ഭിന്നതകൾ ഈ നീക്കത്തിന് വലിയ വെല്ലുവിളിയാണ്.
ദേശീയ ഐക്യ സർക്കാർ യാഥാർഥ്യമാകണമെങ്കിൽ നിലവിലെ സഖ്യകക്ഷികളുമായുള്ള ബന്ധത്തിൽ നെതന്യാഹുവിന് വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നേക്കും. പ്രത്യേകിച്ച് ഇറ്റാമർ ബെൻ-ഗ്വിർ, ബെസലേൽ സ്മോട്രിച്ച് എന്നിവരുമായി ബന്ധപ്പെട്ട തീവ്ര വലതുപക്ഷ പാർട്ടികളിൽനിന്നും മറ്റ് യാഥാസ്ഥിതിക സഖ്യകക്ഷികളിൽനിന്നും അകലം പാലിക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.
അതേസമയം, നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്ന വാഗ്ദാനവുമായാണ് പ്രതിപക്ഷത്തിലെ നിരവധി നേതാക്കൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ അദ്ദേഹവുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നത് പ്രതിപക്ഷത്തിനുള്ളിലും എതിർപ്പുകൾക്ക് കാരണമായേക്കും. ഈ രാഷ്ട്രീയ വൈരുധ്യങ്ങൾ മറികടക്കാൻ കഴിയുമോയെന്നതാണ് ദേശീയ ഐക്യ സർക്കാരിന്റെ സാധ്യത നിർണയിക്കുക.
സർക്കാർ രൂപീകരണ ചർച്ചകൾ പരാജയപ്പെട്ടാൽ ഇസ്രായേൽ വീണ്ടും പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരും. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടരും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സഖ്യരാഷ്ട്രീയത്തിലെ അസ്ഥിരതയും പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കുന്നതിലെ പരാജയവും കാരണം ഇസ്രായേലിൽ തുടർച്ചയായി തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവന്നിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും സഖ്യരൂപീകരണത്തിലെ തർക്കങ്ങളുമാണ് പലപ്പോഴും ഭരണപ്രതിസന്ധിക്ക് വഴിയൊരുക്കിയത്.
നിലവിലെ സാഹചര്യത്തിൽ അന്തിമ തിരഞ്ഞെടുപ്പ് ഫലവും അറബ് പാർട്ടികളുടെ നിലപാടും പ്രധാന രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള ചർച്ചകളുമാണ് ഇസ്രായേലിന്റെ അടുത്ത സർക്കാരിനെ നിർണയിക്കുക. മറ്റൊരു തിരഞ്ഞെടുപ്പ് രാജ്യത്തെ കൂടുതൽ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നയിക്കുമെന്ന ആശങ്കയ്ക്കിടെയാണ് പ്രസിഡന്റ് ഹെർസോഗ് സമവായ ശ്രമങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
https://x.com/TabzLIVE/status/2115430015919669490?a=dR8w8Ixq2QEfMQAERKA&s=20
