ഓരോടംപാലം – മാനത്ത്മംഗലം ബൈപാസ് നിർമ്മാണം വേഗത്തിലാക്കി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് വെൽഫെയർ പാർട്ടി.
വെൽഫെയർ പാർട്ടി തുടർച്ചയായി നടത്തിയ ഇടപെടലുകളുടെയും ശക്തമായ ജനകീയ സമ്മർദങ്ങളുടെയും കൂടി ഫലമായാണ് മന്ത്രിയുടെ ഈ പ്രഖ്യാപനത്തെ കാണുന്നത്. ബൈപാസ് നിർമ്മാണത്തിലെ കാലതാമസം അവസാനിപ്പിച്ച് പ്രവൃത്തി വേഗത്തിലാക്കണമെന്നും പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.
വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ ഖാദർ അങ്ങാടിപ്പുറം, സൈതാലി വലമ്പൂർ, അഷറഫലി കട്ടുപ്പാറ, അതീഖ് ശാന്തപുരം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സക്കീർ അരിപ്ര, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ രാജേന്ദ്രൻ, നൗഷാദ് അരിപ്ര എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളാണ് നിവേദനം സമർപ്പിച്ചത്.
പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യവും യാത്രാദുരിതത്തിന് പരിഹാരമാകേണ്ടതുമായ ഈ പദ്ധതി ഇനിയും അനിശ്ചിതമായി നീളാൻ പാടില്ല. മന്ത്രിയുടെ പ്രഖ്യാപനം വെറും ഉറപ്പായി അവശേഷിക്കാതെ സമയബന്ധിതമായ പ്രവൃത്തിയായി മാറുകയും ബൈപാസ് യാഥാർഥ്യമാവുകയും വേണം.
ജനകീയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള വെൽഫെയർ പാർട്ടിയുടെ നിരന്തര ഇടപെടലുകൾ തുടരുമെന്നും നേതാക്കൾ പറഞ്ഞു.
