എസ് ഐ ആർ പ്രക്ഷോഭം; രാജ്യത്ത് സംഘ്പരിവാറിന്റെ പതനം ആരംഭിച്ചു: ഹമീദ് വാണിയമ്പലം

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനം ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

മലപ്പുറം: മോദിയും അമിത്ഷായും ആർ എസ് എസ്സും ചേർന്ന് നിർമിച്ചു വെച്ച ഭയപ്പാടിന്റെ പുറന്തോടുകൾ പൊളിച്ച് രാജ്യത്ത് യുവജനപ്രക്ഷോഭം ശക്തിപ്പെടുകയാണെന്നും ഇത് സംഘ്പരിവാറിന്റെ പതനത്തിന്റെ ആരംഭമാണെന്നും വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മലപ്പുറം മക്കരപ്പറമ്പിൽ എം.പി നാരായണ മേനോൻ – കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്ലിയാർ നഗർ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെയാണ് ബിജെപിയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും ചേർന്ന് തകർത്തിരിക്കുന്നത്. തെരഞ്ഞെടുപ്പുകൾ നടത്തുകയും എന്നാൽ സ്ഥിരമായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിൽ നിലനിർത്തുകയും ചെയ്യുക എന്ന അജണ്ടയുടെ ആദ്യപടിയാണ് എസ് ഐ ആർ. എസ് ഐ ആറിന്റെ തുടർച്ചയായി മണ്ഡല പുനർനിർണയവും വൺ ഇന്ത്യ – വൺ ഇലക്ഷൻ പദ്ധതിയും നടപ്പിലാക്കി രാജ്യത്തെ, ജനാധിപത്യത്തിന്റെ പുറംമോടി മാത്രമുള്ള ഏകാധിപത്യത്തിലേക്ക് നയിക്കാനാണ് ആർ എസ് എസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത് എന്ത് വില കൊടുത്തും പ്രതിരോധിക്കപ്പെടണം. വിദ്യാർത്ഥി യുവജനങ്ങളും തൊഴിലാളികളും സ്ത്രീജനങ്ങളും മതന്യൂനപക്ഷങ്ങളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും വിവിധ പ്രതിപക്ഷ പാർട്ടികളും ദലിത്‌ – ആദിവാസി – പന്നാക്ക വിഭാഗങ്ങളും ജനാധിപത്യവാദികളും അടക്കം വലിയൊരു സമൂഹം രാജ്യത്തെ പൊതുശത്രുവിനെതിരെ ഒരുമിച്ചു നിന്ന് പോരാടുന്ന കാഴ്ചയാണ് രാജ്യമൊട്ടാകെ കണ്ടു കൊണ്ടിരിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം പരാജയപ്പെടുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ പ്രേമ ജി പിഷാരടി, ഷംസീർ ഇബ്രാഹിം, ജില്ലാ ജനറൽ സിക്രട്ടറി മുനീബ് കാരക്കുന്ന്, ജില്ലാ ട്രഷറർ നസീറ ബാനു, ജില്ലാ വൈസ് പ്രസിഡന്റ് മാരായ ജാഫർ മാസ്റ്റർ, ആരിഫ് ചുണ്ടയിൽ, സുഭദ്ര വണ്ടൂർ, രജിത മഞ്ചേരി, ജില്ലാ സെക്രട്ടിമാരായ ഇബ്രാഹിം കുട്ടി മംഗലം, ഷാക്കിർ മോങ്ങം, അഷ്റഫലി കട്ടുപ്പാറ, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശരൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

More News