തിരുവനന്തപുരം: അഞ്ച് പതിറ്റാണ്ടിലേറെക്കാലം നിയമസഭ അംഗവും, രണ്ടര പതിറ്റാണ്ടിലേറെ ഭരണാധികാരിയും ആയിരുന്ന കെ.എം. മാണിക്ക്, തലസ്ഥാന നഗരിയിൽ ഉചിതമായ സ്മാരകം നിർമിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപെട്ടു.
ഭരണപരിചയം കൊണ്ടും അനുഭവസമ്പത്തുകൊണ്ടും കേരള രാഷ്ട്രീയത്തിലെ അദ്വിതീയനായ കെ.എം. മാണിക്ക്, ദീർഘകാലം അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം ആയിരുന്ന തലസ്ഥാനത്ത്, അദ്ദേഹം വിടപറഞ്ഞ് ഏഴ് വർഷം പിന്നിട്ടിട്ടും ഒരു സ്മാരകം ഇല്ല എന്നത് കേരളത്തിന് തന്നെ അപമാനമാണ്.
താരതമ്യേനെ അദ്ദേഹത്തോളം പ്രസക്തരല്ലാത്ത പല വ്യക്തികൾക്കും സ്മാരകങ്ങളുള്ള കേരളത്തിൽ, പ്രവർത്തിച്ച മേഖലകളിലെല്ലാം കൈയൊപ്പ് ചാർത്തിയ കെ.എം. മാണിക്ക് സ്മാരകം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഒരു പ്രതിമ സ്ഥാപിക്കുന്നതിനപ്പുറത്ത്, കെ.എം. മാണിയുടെ വിവിധ മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങളുടെ ഒരു സ്മാരകം ആണ് വേണ്ടത്. ഓഡിയോ – വീഡിയോ സംവിധാനങ്ങളോടെയുള്ള വിപുലമായ ലൈബ്രറിയും മ്യൂസിയവും പ്രതിമാസ പരിപാടികളുമടക്കം ഉള്ള ഒരു സാംസ്കാരിക കേന്ദ്രമാണ് ഉയരേണ്ടത്.
സാമ്പത്തിക സാമൂഹ്യ മേഖലകളിൽ വ്യാപരിച്ച കെ.എം. മാണിയുടെ അനുഭവസമ്പത്ത്, രാഷ്ട്രീയ വിദ്യാർഥികൾക്കടക്കം ഭാവി തലമുറക്ക് പകരാനുതകുന്ന ഒരു ഗവേഷണകേന്ദ്രം കൂടിയാവണം അത്.
കേരളത്തിലെ വിവിധ സർവകലാശാലകളിൽ കെ.എം. മാണിയുടെ പേരിൽ ഒരു ചെയർ ഉണ്ടാകുന്നതും ഉചിതമാണ്. കേന്ദ്ര സർക്കാർ നിയോഗിച്ച, സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ ജി.എസ്.ടി. എംപവേർഡ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ സേവനങ്ങൾ, കേരളീയ പൊതുസമൂഹത്തിന് മറക്കാനാവില്ല.
ആറ് പതിറ്റാണ്ട് കാലം, തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ കേരളത്തിന്റെ വികസന പ്രക്രിയയിൽ മുന്നിൽ നിർത്താനും, ഏത് ഭരണകൂടത്തിന്റെയും നന്മകളെ മുൻവിധിയില്ലാതെ പിന്തുണക്കാനും കഴിഞ്ഞു എന്നത്, കെ.എം. മാണിക്ക് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്.
“കക്ഷി രാഷ്ട്രീയ വിഭാഗീയ ചിന്തകൾക്കപ്പുറം എല്ലാവർക്കും സമ്മതനായ കെ.എം. മാണിയുടെ പേരിൽ തലസ്ഥാനത്ത് ഒരു സ്മാരകം ഉയർത്തേണ്ടത്, സംസ്ഥാന സർക്കാരിന്റെ കടമയും ബാധ്യതയും ആണ്”, ആനന്ദകുമാർ ഓർമിപ്പിച്ചു.
