കാടുമൂടി സ്‌കൂൾ മൈതാനവും പരിസരവും; അപകടഭീഷണിയായി ജീർണിച്ച കെട്ടിടവും

കോടശ്ശേരി: ചായ്പൻകുഴി ഗവ. ഹൈസ്‌കൂളിനോടു ചേർന്നുള്ള കളിസ്ഥലവും പരിസരവും കാടുകയറി അപകടാവസ്ഥയിൽ. പുല്ലും പാഴ്‌ച്ചെടികളും വളർന്നുനിൽക്കുന്ന മൈതാനവും പരിസരവും വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയാണ്. സ്‌കൂൾ വളപ്പിൽ വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ജീർണിച്ച കെട്ടിടവും ശൗചാലയങ്ങളും അപകടസാധ്യത വർധിപ്പിക്കുന്നു. പരിസരം ശുചീകരിക്കാനും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനും പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടിയുണ്ടാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പഠിക്കുന്ന 400-ലേറെ വിദ്യാർഥികളുടെ പ്രധാന കളിസ്ഥലമാണിത്. കായികപരിശീലനത്തിനും ഒഴിവുസമയങ്ങളിലെ കളികൾക്കും വിദ്യാർഥികൾ ആശ്രയിക്കുന്ന മൈതാനത്തിന്റെ പലഭാഗങ്ങളിലും പുല്ലും കുറ്റിച്ചെടികളും വളർന്നുനിൽക്കുകയാണ്. മൈതാനത്തോടു ചേർന്നുള്ള സ്വകാര്യവ്യക്തികളുടെ പറമ്പുകളും കാടുപിടിച്ച നിലയിലാണ്. കൃഷിയോ പതിവായ ആൾസഞ്ചാരമോ ഇല്ലാതെ കിടക്കുന്ന ഈ സ്ഥലങ്ങളിൽ പാഴ്‌ച്ചെടികൾ തഴച്ചുവളർന്നതോടെ ഇഴജന്തുക്കളുടെയും മറ്റ് ക്ഷുദ്രജീവികളുടെയും ശല്യം വർധിക്കുന്നതായും പരാതിയുണ്ട്. ഇത് വിദ്യാർഥികൾക്കും അധ്യാപകർക്കും സമീപവാസികൾക്കും ആശങ്കയുണ്ടാക്കുന്നു.

കളിസ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിലായി മണ്ണിനുമുകളിൽ ഉയർന്നുനിൽക്കുന്ന മട്ടിക്കല്ലുകളും അപകടഭീഷണിയാണ്. കളിക്കുന്നതിനിടയിൽ കല്ലുകളിൽ തട്ടിവീണ് വിദ്യാർഥികൾക്കും മൈതാനം ഉപയോഗിക്കുന്ന യുവാക്കൾക്കും പരിക്കേൽക്കുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. പുല്ലും പാഴ്‌ച്ചെടികളും വളർന്നുനിൽക്കുന്നതിനാൽ പലയിടത്തും കല്ലുകൾ വ്യക്തമായി കാണാനാകാത്ത സ്ഥിതിയുമുണ്ട്. ഓടിക്കളിക്കുന്ന കുട്ടികൾക്ക് ഇത് കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുന്നു. മൈതാനത്തെ കല്ലുകൾ നീക്കംചെയ്ത് നിലം നിരപ്പാക്കുകയും കളിസ്ഥലം സുരക്ഷിതമാക്കുകയും വേണമെന്ന ആവശ്യവും ശക്തമാണ്.

മൂന്നു പതിറ്റാണ്ടുമുൻപ് വിദ്യാലയത്തിനുവേണ്ടി നിർമിച്ച പഴയ കെട്ടിടവും പരിപാലനമില്ലാതെ ജീർണാവസ്ഥയിലാണ്. കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ അഭാവവും മൂലം കെട്ടിടത്തിന് നിലവിൽ ഫിറ്റ്‌നസ് ഇല്ല. പുതിയ കെട്ടിടം നിർമിച്ച് ക്ലാസുകൾ അവിടേക്ക് മാറ്റിയതോടെയാണ് പഴയ കെട്ടിടവും അനുബന്ധ ശൗചാലയങ്ങളും ഉപയോഗിക്കാതായത്. പിന്നീട് ഇവയുടെ സംരക്ഷണത്തിനോ പൊളിച്ചുനീക്കുന്നതിനോ നടപടിയുണ്ടായിട്ടില്ല.

വിദ്യാർഥികൾ ദിവസേന എത്തുന്ന സ്‌കൂൾ പരിസരത്ത് സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ നിലനിൽക്കുന്നത് ഗൗരവമായ ആശങ്കയ്ക്കിടയാക്കുന്നു. ഉപയോഗശൂന്യമായ പഴയ കെട്ടിടവും ശൗചാലയങ്ങളും പൊളിച്ചുനീക്കി അപകടഭീഷണി ഒഴിവാക്കണമെന്ന് വർഷങ്ങൾക്കുമുൻപ് സ്‌കൂൾ പി.ടി.എ. തീരുമാനമെടുത്തിരുന്നു. എന്നാൽ തീരുമാനം നടപ്പാക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

സ്‌കൂൾ മൈതാനവും പരിസരവും കാടുവെട്ടി ശുചീകരിക്കണമെന്ന ആവശ്യം രക്ഷിതാക്കൾ പലതവണ ഉന്നയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. നൂറുകണക്കിന് കുട്ടികൾ പഠിക്കുകയും കളിക്കുകയും ചെയ്യുന്ന വിദ്യാലയത്തിൽ അടിസ്ഥാന സുരക്ഷാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ് ആവശ്യം.

മൈതാനത്തെ പുല്ലും പാഴ്‌ച്ചെടികളും നീക്കംചെയ്യുക, അപകടകരമായി ഉയർന്നുനിൽക്കുന്ന മട്ടിക്കല്ലുകൾ നീക്കി കളിസ്ഥലം നിരപ്പാക്കുക, സമീപത്തെ കാടുപിടിച്ച പറമ്പുകൾ ശുചീകരിക്കാൻ നടപടി സ്വീകരിക്കുക, ഫിറ്റ്‌നസ് ഇല്ലാത്ത പഴയ കെട്ടിടവും ഉപയോഗശൂന്യമായ ശൗചാലയങ്ങളും പൊളിച്ചുനീക്കുക തുടങ്ങിയ ആവശ്യങ്ങളാണ് രക്ഷിതാക്കളും നാട്ടുകാരും മുന്നോട്ടുവയ്ക്കുന്നത്.

അപകടമുണ്ടായശേഷം നടപടിയെടുക്കുന്നതിനു പകരം വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകി ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Leave a Comment

More News