സി.വി. രാമൻ: ശാസ്ത്രലോകത്തിന് വെളിച്ചം പകർന്ന പ്രതിഭയും വരുംതലമുറയ്ക്ക് വഴികാട്ടിയായ അദ്ധ്യാപകനും

നവംബർ മാസം ശാസ്ത്രലോകത്തിന്റെ ചരിത്രത്തിൽ പ്രത്യേക പ്രാധാന്യമുള്ള ഒന്നാണ്. നവംബർ 7-നാണ് ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ സർ ചന്ദ്രശേഖര വെങ്കടരാമൻ ജനിച്ചത്. 1930 നവംബർ 13-ന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാവായി അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടു. നവംബർ 21-നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. നവംബർ 10 ലോക സമാധാനത്തിനും വികസനത്തിനുമായുള്ള ശാസ്ത്രദിനമായി ആചരിക്കുന്നു. ഈ ദിവസങ്ങൾ ഒരുമിച്ച് ഓർക്കുമ്പോൾ സി. വി. രാമന്റെ ജീവിതവും ശാസ്ത്രലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകളും വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് തോന്നുന്നു.

1888 നവംബർ 7-ന് തിരുച്ചിറപ്പള്ളിയിലാണ് രാമൻ ജനിച്ചത്. പഠനത്തിൽ ചെറുപ്പം മുതൽ മികവ് പുലർത്തിയ അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജിൽനിന്ന് 1904-ൽ ബിരുദപരീക്ഷയിൽ ഒന്നാം സ്ഥാനം നേടി. ഭൗതികശാസ്ത്രത്തിൽ സ്വർണമെഡലും ലഭിച്ചു. 1907-ൽ ബിരുദാനന്തര ബിരുദവും നേടി. അന്നത്തെ സാഹചര്യത്തിൽ ശാസ്ത്രഗവേഷണത്തിന് ആവശ്യമായ അവസരങ്ങൾ പരിമിതമായിരുന്നതിനാൽ അദ്ദേഹം ഇന്ത്യൻ ഫിനാൻസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ഔദ്യോഗിക ജോലിയുടെ തിരക്കുകൾക്കിടയിലും ഗവേഷണത്തോടുള്ള താൽപര്യം കൈവിട്ടില്ല. കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ ദ കൾട്ടിവേഷൻ ഓഫ് സയൻസിൽ ലഭിച്ച അവസരങ്ങൾ അദ്ദേഹം പ്രയോജനപ്പെടുത്തി.

1917-ൽ കൊൽക്കത്ത സർവകലാശാലയിൽ ഭൗതികശാസ്ത്ര പ്രൊഫസറായി ചുമതലയേറ്റത് അദ്ദേഹത്തിന്റെ ശാസ്ത്രജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു. പ്രകാശത്തിന്റെ സ്വഭാവം, ശബ്ദശാസ്ത്രം, സംഗീതോപകരണങ്ങളുടെ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ അദ്ദേഹം ഗവേഷണം നടത്തി. വീണ, വയലിൻ, മൃദംഗം തുടങ്ങിയ സംഗീതോപകരണങ്ങളിലെ ശബ്ദവൈവിധ്യവും അതിന്റെ ശാസ്ത്രീയ അടിത്തറയും പഠിക്കാൻ അദ്ദേഹത്തിന് പ്രത്യേക താൽപര്യമുണ്ടായിരുന്നു. നമ്മുടെ ചുറ്റുപാടുകളിലെ സാധാരണ പ്രതിഭാസങ്ങളിൽ പോലും വലിയ ശാസ്ത്രീയ രഹസ്യങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

1928 ഫെബ്രുവരി 28-ന് കെ. എസ്. കൃഷ്ണന്റെ സഹകരണത്തോടെയുള്ള ഗവേഷണങ്ങളുടെ ഭാഗമായി രാമൻ പ്രകാശവിതരണത്തിൽ നിർണായകമായ ഒരു പ്രതിഭാസം നേരിട്ട് നിരീക്ഷിച്ചു. ഒരു സുതാര്യ പദാർഥത്തിലൂടെ പ്രകാശം കടന്നുപോകുമ്പോൾ ചിതറിപ്പോകുന്ന പ്രകാശത്തിന്റെ ചെറിയൊരു ഭാഗത്തിന് വ്യത്യസ്തമായ തരംഗദൈർഘ്യം ഉണ്ടാകാമെന്ന കണ്ടെത്തലായിരുന്നു ഇത്. പ്രകാശവും ദ്രവ്യവും തമ്മിലുള്ള പ്രതിപ്രവർത്തനത്തെക്കുറിച്ചുള്ള പഠനത്തിൽ ഈ കണ്ടെത്തൽ വലിയ മാറ്റമുണ്ടാക്കി. ഈ പ്രതിഭാസം പിന്നീട് രാമൻ പ്രഭാവം എന്ന പേരിൽ അറിയപ്പെട്ടു. 1928 മാർച്ച് 31-ന് രാമനും കെ. എസ്. കൃഷ്ണനും ചേർന്നെഴുതിയ ഗവേഷണപ്രബന്ധം Nature മാസികയിൽ പ്രസിദ്ധീകരിച്ചു.

1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. പ്രകാശത്തിന്റെ ചിതറലിനെക്കുറിച്ചുള്ള ഗവേഷണത്തിനായിരുന്നു ഈ അംഗീകാരം. ശാസ്ത്രവിഭാഗത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിനുണ്ട്. നൊബേൽ സമ്മാനദാനച്ചടങ്ങ് 1930 ഡിസംബർ 10-ന് നടന്നു. എനിക്ക് സി. വി. രാമനെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്, ലോകശ്രദ്ധ നേടിയ ഈ നേട്ടം ഇന്ത്യയിൽ നടത്തിയ ഗവേഷണത്തിലൂടെയാണ് അദ്ദേഹം കൈവരിച്ചത് എന്നതാണ്. വലിയ നേട്ടങ്ങൾക്കായി വിദേശത്തുള്ള സൗകര്യങ്ങൾ മാത്രം ആവശ്യമാണെന്ന ധാരണയെ അദ്ദേഹത്തിന്റെ ജീവിതം തിരുത്തിക്കാട്ടുന്നു.

1933 മാർച്ച് 31-ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ആദ്യ ഇന്ത്യൻ ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു. 1937 ജൂലൈ 19-ന് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞെങ്കിലും 1948 വരെ അവിടെ ഭൗതികശാസ്ത്ര പ്രൊഫസറായി തുടർന്നു. 1934-ൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് സ്ഥാപിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഈ അക്കാദമി 1934 ഏപ്രിൽ 24-ന് രജിസ്റ്റർ ചെയ്യുകയും ജൂലൈ 31-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ശാസ്ത്രഗവേഷണം വളർത്തുന്നതിനും പുതിയ തലമുറയിലെ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സ്ഥാപനം വലിയ സംഭാവനകൾ നൽകി. 1948-ൽ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് തന്റെ ഗവേഷണപ്രവർത്തനങ്ങൾ തുടർന്നു.

രാമന്റെ ജീവിതത്തിൽനിന്ന് എനിക്ക് ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യം അദ്ദേഹത്തിന്റെ അന്വേഷണതാൽപര്യമാണ്. കടലിന്റെ നീലനിറം പോലുള്ള ഒരു സാധാരണ കാഴ്ചയിൽനിന്നുപോലും അദ്ദേഹം ശാസ്ത്രീയമായ ചോദ്യങ്ങൾ ഉയർത്തി. 1921-ൽ യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ മെഡിറ്ററേനിയൻ കടലിന്റെ നീലനിറം ശ്രദ്ധിച്ചതും പ്രകാശത്തിന്റെ ചിതറലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുടർപഠനങ്ങൾക്ക് പ്രചോദനമായതും അദ്ദേഹത്തിന്റെ ശാസ്ത്രജീവിതത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. ഒരു അധ്യാപകനെന്ന നിലയിൽ ഇതിൽനിന്ന് എനിക്ക് മനസ്സിലാകുന്നത്, കുട്ടികൾക്ക് അറിവ് നൽകുന്നതിനൊപ്പം അവരുടെ നിരീക്ഷണശേഷിയും ചോദ്യങ്ങൾ ചോദിക്കാനുള്ള താൽപര്യവും വളർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്നതാണ്.

ശാസ്ത്രരംഗത്ത് സ്ത്രീകൾക്ക് അവസരങ്ങൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് രാമന്റെ കാലത്ത് ചില പരിമിതികളും പ്രശ്നങ്ങളും നിലനിന്നിരുന്നു. കമലാ സോഹോണിയുടെ ഐ.ഐ.എസ്.സി. പ്രവേശനവുമായി ബന്ധപ്പെട്ട ചരിത്രം അതിന് ഒരു ഉദാഹരണമാണ്. പ്രവേശനം തേടിയപ്പോൾ ലിംഗത്തിന്റെ പേരിൽ തുടക്കത്തിൽ എതിർപ്പുകൾ നേരിടേണ്ടിവന്നതായും പിന്നീട് നിബന്ധനകളോടെ പ്രവേശനം ലഭിച്ചതായും ചരിത്രവിവരങ്ങൾ സൂചിപ്പിക്കുന്നു. ഒരു മഹാനായ ശാസ്ത്രജ്ഞന്റെ ജീവിതത്തെ വിലയിരുത്തുമ്പോൾ അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കൊപ്പം കാലഘട്ടത്തിലെ ഇത്തരം സംഭവങ്ങളും ചരിത്രത്തിന്റെ ഭാഗമായി മനസ്സിലാക്കേണ്ടതുണ്ട്. സ്ത്രീകൾക്കും ശാസ്ത്രപഠനത്തിലും ഗവേഷണത്തിലും തുല്യമായ അവസരങ്ങൾ ലഭിക്കേണ്ടതിന്റെ പ്രാധാന്യം ഇന്നത്തെ തലമുറ തിരിച്ചറിയണം.

1930-ൽ നൊബേൽ സമ്മാനം നേടിയ രാമന് 1954-ൽ ഭാരതരത്നവും ലഭിച്ചു. ഭാരതരത്നം ഏർപ്പെടുത്തിയ ആദ്യ വർഷം തന്നെ ഈ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച മൂന്നു പേരിൽ ഒരാളായിരുന്നു അദ്ദേഹം. ചക്രവർത്തി രാജഗോപാലാചാരിക്കും സർവേപ്പള്ളി രാധാകൃഷ്ണനും ഒപ്പമാണ് രാമനും ഈ അംഗീകാരം ലഭിച്ചത്. ശാസ്ത്രരംഗത്ത് രാജ്യത്തിന് നൽകിയ സംഭാവനകൾക്കുള്ള വലിയ ആദരവായിരുന്നു അത്.

1970 നവംബർ 21-ന് അദ്ദേഹം അന്തരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകളും ഗവേഷണസ്ഥാപനങ്ങളും ശാസ്ത്രത്തോടുള്ള സമീപനവും ഇന്നും പുതിയ തലമുറയ്ക്ക് പ്രചോദനമാണ്. 1928 ഫെബ്രുവരി 28-ന് അദ്ദേഹം നടത്തിയ കണ്ടെത്തലിന്റെ ഓർമയ്ക്കായി ഇന്ത്യയിൽ എല്ലാ വർഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. ശാസ്ത്രം മനുഷ്യജീവിതത്തിന്റെ പുരോഗതിക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയ്ക്ക് ഈ ദിനം പ്രാധാന്യം നൽകുന്നു.

സി. വി. രാമനെക്കുറിച്ച് പറയുമ്പോൾ എനിക്ക് എന്നും വലിയ ആദരവും ഇഷ്ടവുമാണ് തോന്നുന്നത്. ചെറുപ്പം മുതലേ അദ്ദേഹത്തെ ആരാധിച്ചുവരുന്ന ഒരാളാണ് ഞാൻ. അദ്ദേഹത്തിന്റെ അസാധാരണമായ ബുദ്ധിശക്തിയും നിരീക്ഷണപാടവവും ഗവേഷണങ്ങളിലൂടെ ലോകത്തിന് നൽകിയ സംഭാവനകളും എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. ഇന്ത്യയിൽ ശാസ്ത്രഗവേഷണത്തിന് ശക്തമായ അടിത്തറ പാകുന്നതിലും പുതിയ ഗവേഷണസ്ഥാപനങ്ങൾ വളർത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് ഒരിക്കലും മറക്കാനാവില്ല. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ഒരു കാലഘട്ടത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല; ശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം അവയുടെ പ്രസക്തിയും നിലനിൽക്കും. ഇന്ത്യൻ ശാസ്ത്രരംഗത്ത് ഒരിക്കലും ഒഴിവാക്കാനാവാത്ത നാമധേയമാണ് സി. വി. രാമൻ. എന്റെ മനസ്സിൽ ഏറ്റവും ആദരിക്കുന്ന, ഏറ്റവും മികച്ച ശാസ്ത്രജ്ഞൻ അദ്ദേഹമാണ്. അദ്ദേഹത്തെക്കുറിച്ച് വായിക്കുമ്പോഴും ഓർക്കുമ്പോഴും ഒരു ഇന്ത്യക്കാരനെന്ന നിലയിൽ അഭിമാനം തോന്നുന്നു. ശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകളും അദ്ദേഹത്തിന്റെ ബുദ്ധിയും കണ്ടുപിടുത്തങ്ങളും വരുംതലമുറകൾക്കും എന്നും വഴി കാട്ടിയായിരിക്കും.

Leave a Comment

More News