ഇല്ലിനോയ്: അമേരിക്കയിലെ വോട്ടവകാശ ചരിത്രത്തിലെ നിർണായക നിമിഷത്തിന് സാക്ഷ്യം വഹിച്ച ഒരു പഴയ ബാർബർ ഷോപ്പ് വിദ്യാർഥികളുടെ ആശയത്തിലൂടെ ചരിത്ര മ്യൂസിയമായി മാറി. ഇല്ലിനോയ് സംസ്ഥാനത്തെ എൽ പാസോ (El Paso) പട്ടണത്തിൽ പ്രവർത്തിക്കുന്ന Project XV Museum ആണ് 156 വർഷം പഴക്കമുള്ള വോട്ടവകാശ ചരിത്രത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നത്.
1870 ഏപ്രിൽ നാലിന് ഇല്ലിനോയ് സംസ്ഥാനത്ത് പതിനഞ്ചാം ഭരണഘടനാഭേദഗതി പ്രാബല്യത്തിൽ വന്നതിനുശേഷം വോട്ട് ചെയ്ത ആദ്യ കറുത്തവർഗക്കാരനായി ചരിത്രത്തിൽ ഇടംനേടിയ ഡേവിഡ് എ. സ്ട്രോതറിന്റെ (David A. Strother) ജീവിതമാണ് മ്യൂസിയത്തിന്റെ കേന്ദ്രവിഷയം.
1843-ൽ മിസോറിയിൽ ജനിച്ച സ്ട്രോതർ അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് യൂണിയൻ സൈന്യത്തോടൊപ്പം സിവിലിയൻ പാചകക്കാരനായി പ്രവർത്തിച്ചിരുന്നു. പിന്നീട് ഇല്ലിനോയിലെ എൽ പാസോയിൽ താമസമാക്കി ബാർബർ ഷോപ്പ് ആരംഭിച്ചു.
1870 മാർച്ച് 30-ന് പ്രാബല്യത്തിൽ വന്ന അമേരിക്കൻ ഭരണഘടനയുടെ പതിനഞ്ചാം ഭേദഗതി, വംശം, നിറം, മുൻകാല അടിമത്താവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുന്നത് നിരോധിച്ചു.
ഭേദഗതി പ്രാബല്യത്തിൽ വന്ന് ദിവസങ്ങൾക്കകം, ഏപ്രിൽ നാലിന് നടന്ന എൽ പാസോ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സ്ട്രോതർ എത്തി. എന്നാൽ പുതിയ നിയമത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആദ്യം അദ്ദേഹത്തെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല.
തുടർന്ന് ഭരണഘടനാഭേദഗതി പരിശോധിച്ച ഉദ്യോഗസ്ഥർ സ്ട്രോതറെ തിരിച്ചുവിളിക്കുകയും അദ്ദേഹത്തിന് വോട്ട് രേഖപ്പെടുത്താൻ അനുമതി നൽകുകയും ചെയ്തു. അങ്ങനെ ഇല്ലിനോയിലെ കറുത്തവർഗക്കാരുടെ വോട്ടവകാശ ചരിത്രത്തിൽ പുതിയ അധ്യായം പിറന്നു. അതേ ദിവസം സഹോദരൻ ചാൾസ് സ്ട്രോതറും വോട്ട് രേഖപ്പെടുത്തി.
വർഷങ്ങൾക്കുശേഷം ചരിത്രാധ്യാപകനായ മൈക്കൽ മെലിക്കിന്റെ നേതൃത്വത്തിൽ എൽ പാസോ–ഗ്രിഡ്ലി ഹൈസ്കൂളിലെ വിദ്യാർഥികൾ നടത്തിയ ചരിത്രപഠനമാണ് മ്യൂസിയം എന്ന ആശയത്തിന് തുടക്കമായത്. സ്ട്രോതറിന്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കിയ വിദ്യാർഥികൾ, കാലപ്പഴക്കത്തിൽ നശിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ ബാർബർ ഷോപ്പ് സംരക്ഷിച്ച് മ്യൂസിയമാക്കണമെന്ന് നിർദേശിച്ചു.
കെട്ടിട ഉടമയായ ടബിത ആർണോൾഡ്-നോവാർക്ക് ഈ ആശയത്തെ പിന്തുണച്ചു. നാട്ടുകാരുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണത്തോടെ പഴയ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിദ്യാർഥികളും കെട്ടിടം വൃത്തിയാക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി സമയം ചെലവഴിച്ചു.
അമേരിക്കൻ ഭരണഘടനയുടെ പതിനഞ്ചാം ഭേദഗതിയെ സൂചിപ്പിക്കുന്ന റോമൻ അക്കമായ XV ആണ് മ്യൂസിയത്തിന്റെ പേരിന് പിന്നിൽ. സ്ട്രോതറിന്റെ പഴയ ബാർബർ ഷോപ്പിനൊപ്പം അമേരിക്കയിലെ വോട്ടവകാശ പോരാട്ടങ്ങളുടെ ചരിത്രവും ഇവിടെ അവതരിപ്പിക്കുന്നു.
2025 ഏപ്രിലിൽ മ്യൂസിയം ചരിത്രപരമായ വോട്ടിന്റെ 155-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 2026 നവംബർ മൂന്നിലെ തിരഞ്ഞെടുപ്പ് ദിനത്തിലും സന്ദർശകർക്കായി പ്രത്യേക സമയക്രമത്തിൽ പ്രവർത്തിച്ചു.
മ്യൂസിയത്തിൽ സ്ട്രോതറിന്റെ പഴയകാല ചിത്രം, മരണവാർത്ത, ബാർബർ ഷോപ്പുമായി ബന്ധപ്പെട്ട ചരിത്രവസ്തുക്കൾ തുടങ്ങിയവ സംരക്ഷിച്ചിട്ടുണ്ട്. സ്ട്രോതറിന്റെ ജീവിതകഥയ്ക്കൊപ്പം വോട്ടവകാശത്തിനായി വിവിധ സമൂഹങ്ങൾ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും സന്ദർശകർക്ക് മനസ്സിലാക്കാൻ അവസരമൊരുക്കിയിരിക്കുന്നു.
ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കുക: Read this news in English
