സ്വകാര്യ ചിത്രങ്ങൾക്ക് പകരം രഹസ്യ യുദ്ധരേഖകൾ; പാക് യുവതിയുടെ ഹണിട്രാപ്പിൽ കുടുങ്ങി വ്യോമസേന ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: പാക്കിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയുടെ ഹണിട്രാപ്പിൽ കുടുങ്ങി ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡർ അതീവ രഹസ്യമായ സൈനിക വിവരങ്ങൾ കൈമാറിയതായി ആരോപണം. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾക്ക് പകരമായി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട യുദ്ധപദ്ധതികളും സൈനിക വിന്യാസങ്ങളുടെ വിശദാംശങ്ങളും ഉദ്യോഗസ്ഥൻ പങ്കുവെച്ചെന്നാണ് ഡൽഹി പോലീസിന്റെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, 2026 ജനുവരി 12 മുതൽ ഏപ്രിൽ 1 വരെ ഇരുവരും വാട്ട്‌സ്ആപ്പിലൂടെ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 3,008 ടെക്സ്റ്റ് സന്ദേശങ്ങൾ, 65 ചിത്രങ്ങൾ, 42 വോയ്‌സ് കോളുകൾ, നാല് വീഡിയോ കോളുകൾ, ആറ് വെബ് ലിങ്കുകൾ എന്നിവ പോലീസ് കണ്ടെത്തി.

യുവതിയിൽ നിന്ന് സ്വകാര്യ ചിത്രം ലഭിച്ചതിന് പിന്നാലെ ‘സീക്രട്ട് വാർ പ്ലാൻ’ എന്ന പേരിലുള്ള രഹസ്യരേഖയുടെ ഒരു പേജ് ഉദ്യോഗസ്ഥൻ കൈമാറിയെന്നാണ് കുറ്റപത്രത്തിലെ പ്രധാന ആരോപണം. കൂടുതൽ ചിത്രങ്ങൾ അയച്ചു നൽകിയാൽ രേഖയുടെ ശേഷിക്കുന്ന പേജുകളും പങ്കുവെക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തതായും അന്വേഷണസംഘം പറയുന്നു. ഓരോ നഗ്നചിത്രത്തിനും പകരമായി യുദ്ധ പദ്ധതിയുടെ ഓരോ പുതിയ പേജ് വീതം നൽകാമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാഗ്ദാനമെന്നാണ് പോലീസ് കണ്ടെത്തൽ.

രഹസ്യരേഖകൾക്ക് പുറമെ ഇന്ത്യൻ വ്യോമസേനയുടെ തന്ത്രപ്രധാനമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചോർന്നതായി അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. രഹസ്യ ഡ്രോൺ യൂണിറ്റിന്റെ പ്രവർത്തനശേഷി, സംഘടനാസംവിധാനം, പരിശോധനകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയതായാണ് കണ്ടെത്തൽ. ലേയിലെ യുദ്ധവിമാന വിന്യാസത്തെക്കുറിച്ചും സൂറത്ത്ഗഡിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നടന്ന സൈനിക അഭ്യാസങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങളും യുവതിക്ക് നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു.

വിവരച്ചോർച്ചയ്ക്ക് പുറമെ സൈബർ ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളും ഉദ്യോഗസ്ഥനെതിരെ ഉയർന്നിട്ടുണ്ട്. ഔദ്യോഗിക സന്ദേശങ്ങളും രഹസ്യവിവരങ്ങളും ശേഖരിക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകൾ യുവതി ഉദ്യോഗസ്ഥന് അയച്ചുനൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തന്റെ യൂണിറ്റിലെ അഞ്ച് കീഴുദ്യോഗസ്ഥരുടെ വിവരസാങ്കേതിക ഉപകരണങ്ങളിൽ പ്രത്യേക മാൽവെയറോ സ്‌പൈവെയറോ സ്ഥാപിച്ചതായും ആരോപണമുണ്ട്. ഇതിലൂടെ മറ്റ് ഉപകരണങ്ങളിലേക്കും സ്വകാര്യ സംഭാഷണങ്ങളിലേക്കും അനധികൃതമായി പ്രവേശിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

2026 മേയിലാണ് സംഭവം പുറത്തറിയുന്നത്. വ്യോമസേന അധികൃതരുടെ പരാതിയെത്തുടർന്ന് മേയ് 30ന് ഡൽഹി പോലീസ് വിംഗ് കമാൻഡറെ ഔദ്യോഗിക രഹസ്യനിയമപ്രകാരം അറസ്റ്റ് ചെയ്തു. തുടർന്ന് കോടതി അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്ക് അയച്ചു.

സമൂഹമാധ്യമങ്ങളിലൂടെ ഉദ്യോഗസ്ഥനുമായി ബന്ധം സ്ഥാപിച്ച യുവതി പാക്കിസ്താൻ രഹസ്യാന്വേഷണ സംവിധാനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. വ്യക്തിപരമായ വിഷമഘട്ടത്തിൽ ആരംഭിച്ച സൗഹൃദസംഭാഷണം പിന്നീട് വീഡിയോ കോളുകളിലേക്കും കൂടുതൽ അടുപ്പത്തിലേക്കും വളർന്നു. ഈ ബന്ധം മുതലെടുത്ത് യുവതി സൈനിക ഉദ്യോഗസ്ഥരെയും തന്ത്രപ്രധാനമായ വിന്യാസങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടാൻ തുടങ്ങിയെന്നാണ് അന്വേഷണത്തിൽ പറയുന്നത്.

ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കുക: Read this news in English

Leave a Comment

More News