പാക് സൈന്യത്തിലെ മുൻ ക്യാപ്റ്റൻ അതേ സൈന്യത്തിനെതിരെ പൊരുതുന്നു; റഹ്മാൻ ഗുലിനെ കമാൻഡർ ഇൻ ചീഫായി നിയമിച്ച് ബലൂച് ലിബറേഷൻ ആർമി

കടപ്പാട്: X/ @HakeemWadhela

ന്യൂഡൽഹി: ബലൂചിസ്ഥാനിൽ പാക്കിസ്താൻ സൈന്യത്തിന് പുതിയ വെല്ലുവിളി ഉയർത്തി ബലൂച് ലിബറേഷൻ ആർമിയുടെ (ബിഎൽഎ) നിർണായക നീക്കം. ഒരുകാലത്ത് പാക്കിസ്താൻ സൈന്യത്തിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിരുന്ന റഹ്മാൻ ഗുലിനെ സംഘടനയുടെ പുതിയ കമാൻഡർ ഇൻ ചീഫായി നിയമിച്ചതായാണ് റിപ്പോർട്ടുകൾ. പാക് സൈന്യത്തിന്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥൻ തന്നെ സൈന്യത്തിനെതിരെ സായുധ പോരാട്ടം നടത്തുന്ന സംഘടനയുടെ തലപ്പത്തെത്തുന്നത് ബലൂചിസ്ഥാനിലെ സംഘർഷസാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ള സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

ബിഎൽഎയ്ക്കുള്ളിൽ ‘ഉസ്താദ് മുരീദ്’, ‘മുരീദ് ബലൂച്’ എന്നീ പേരുകളിലാണ് റഹ്മാൻ ഗുൽ അറിയപ്പെടുന്നത്. ബലൂചിസ്ഥാനിലെ നോഷ്കി സ്വദേശിയായ ഇദ്ദേഹം പ്രമുഖ മെംഗൽ കുടുംബാംഗമാണ്. പാക്കിസ്താൻ സൈന്യത്തിന്റെ 19-ാം ഫ്രോണ്ടിയർ ഫോഴ്‌സ് റെജിമെന്റിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സൈനിക സേവനം അവസാനിപ്പിച്ചതിന് പിന്നാലെയാണ് റഹ്മാൻ ഗുൽ ബലൂച് വിഘടനവാദ പ്രസ്ഥാനത്തിന്റെ ഭാഗമായത്. തുടർന്ന് ബിഎൽഎയിൽ സജീവമായ അദ്ദേഹം സംഘടനയുടെ നേതൃത്വനിരയിലേക്ക് ഉയർന്നു. കമാൻഡർ ഇൻ ചീഫായി നിയമിക്കപ്പെടുന്നതിന് മുമ്പ് സംഘടനയുടെ സെക്കൻഡ് ഇൻ കമാൻഡ് പദവിയിലായിരുന്നു അദ്ദേഹം.

സായുധ പ്രവർത്തനങ്ങൾക്ക് പുറമെ ബിഎൽഎ അംഗങ്ങൾക്ക് സൈനിക പരിശീലനം നൽകുന്നതിലും റഹ്മാൻ ഗുൽ പ്രധാന പങ്കുവഹിച്ചിരുന്നതായാണ് വിവരം. ചാവേർ ആക്രമണങ്ങൾക്ക് കുപ്രസിദ്ധമായ ബിഎൽഎയുടെ മജീദ് ബ്രിഗേഡിന്റെ പ്രവർത്തന പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പാക്കിസ്താൻ സുരക്ഷാസേനയെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ ഈ ബ്രിഗേഡാണെന്നാണ് ആരോപണം.

മുൻ പാക് സൈനിക ഉദ്യോഗസ്ഥൻ ബിഎൽഎയുടെ പരമോന്നത നേതൃത്വത്തിലെത്തുന്നത് പാക്കിസ്താൻ സുരക്ഷാ സംവിധാനങ്ങൾക്ക് ആശങ്ക സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ. സൈന്യത്തിന്റെ പ്രവർത്തനശൈലി, യുദ്ധതന്ത്രങ്ങൾ, സുരക്ഷാക്രമീകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിചയം സംഘടനയ്ക്ക് ഗുണകരമായേക്കാം.

പാക്കിസ്താനിൽ നിന്ന് ബലൂചിസ്ഥാനെ വേർപെടുത്തി സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സായുധ വിഘടനവാദ സംഘടനയാണ് ബലൂച് ലിബറേഷൻ ആർമി. 2000-ൽ രൂപംകൊണ്ട സംഘടന ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായാണ് പോരാടുന്നതെന്ന് അവകാശപ്പെടുന്നു.

പാക്കിസ്താനിലെ വിസ്തൃതിയിൽ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പ്രകൃതിവാതകം, ചെമ്പ്, സ്വർണം, കൽക്കരി തുടങ്ങിയ വിലപിടിപ്പുള്ള പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണെങ്കിലും സാമ്പത്തികമായും അടിസ്ഥാന സൗകര്യ വികസനത്തിലും ഏറെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണിത്.

ബലൂചിസ്ഥാന്റെ പ്രകൃതിസമ്പത്ത് പാക്കിസ്താൻ ഭരണകൂടം ചൂഷണം ചെയ്യുകയാണെന്നും അതിന്റെ നേട്ടങ്ങൾ പ്രദേശവാസികൾക്ക് ലഭിക്കുന്നില്ലെന്നുമാണ് ബിഎൽഎയുടെ പ്രധാന ആരോപണം. രാഷ്ട്രീയ അധികാരത്തിലും സാമ്പത്തിക തീരുമാനങ്ങളിലും ബലൂച് ജനതയ്ക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും സംഘടന ആരോപിക്കുന്നു.

ചൈനയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ചൈന-പാക്കിസ്താൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയെയും ബിഎൽഎ ശക്തമായി എതിർക്കുന്നുണ്ട്. വികസനത്തിന്റെ പേരിൽ തദ്ദേശവാസികളുടെ ഭൂമിയും പ്രകൃതിവിഭവങ്ങളും പുറത്തുനിന്നുള്ളവരുടെ നിയന്ത്രണത്തിലാകുന്നുവെന്നാണ് സംഘടനയുടെ വാദം.

അതേസമയം, പാക്കിസ്താൻ സുരക്ഷാ സേനയ്ക്കും സർക്കാർ സ്ഥാപനങ്ങൾക്കും മറ്റ് കേന്ദ്രങ്ങൾക്കും നേരെ നടന്ന നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തിട്ടുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ട ആക്രമണങ്ങളുടെ പേരിലും സംഘടന കടുത്ത വിമർശനം നേരിടുന്നുണ്ട്.

ബലൂചിസ്ഥാനിൽ പാക് സൈന്യവും ബിഎൽഎയും തമ്മിലുള്ള സംഘർഷം വർഷങ്ങളായി തുടരുന്നതിനിടെയാണ് റഹ്മാൻ ഗുലിന്റെ പുതിയ നിയമനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പാകിസ്ഥാൻ സൈന്യത്തിൽ പ്രവർത്തിച്ച പരിചയമുള്ള ഒരാൾ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്നത് മേഖലയിലെ സുരക്ഷാസാഹചര്യത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.

Leave a Comment

More News