തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിലെ അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തികകളിലെ സംസ്ഥാനതല പൊതുസ്ഥലംമാറ്റ നടപടികൾ അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി ജീവനക്കാരുടെ സംഘടനകളുടെ ആരോപണം. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവും പൊതുസ്ഥലംമാറ്റത്തിനായി പ്രത്യേകം വികസിപ്പിച്ച ഓൺലൈൻ സംവിധാനവും നിലനിൽക്കെയാണ് നടപടിക്രമങ്ങൾ മറികടന്ന് ഓഫ്ലൈനായി സ്ഥലംമാറ്റം നടത്താൻ വകുപ്പ് അധികൃതർ നീക്കം നടത്തുന്നതെന്നാണ് ആക്ഷേപം. ഭരണാനുകൂല സംഘടനാ നേതാക്കൾക്ക് അനുകൂലമായി സ്ഥലംമാറ്റ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതായും സംഘടനകൾ ആരോപിക്കുന്നു.
2024ൽ സ്പാർക്ക് സോഫ്റ്റ്വേർ മുഖേന നടത്തിയ സംസ്ഥാനതല പൊതുസ്ഥലംമാറ്റത്തിൽ വ്യാപകമായ അപാകതകൾ ഉണ്ടായതിനെ തുടർന്ന് ജീവനക്കാരിൽനിന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. സ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും അർഹരായ ജീവനക്കാർക്ക് അവസരം നിഷേധിക്കപ്പെട്ടെന്നുമുള്ള പരാതികൾ കോടതി വ്യവഹാരങ്ങൾക്കും വഴിവെച്ചു. ഇതിന്റെ തുടർച്ചയായി 2025ലെ ആരിഫ കേസിൽ, ആ വർഷത്തെ സംസ്ഥാനതല പൊതുസ്ഥലംമാറ്റം ഒക്ടോബർ 30നകം ഓൺലൈൻ സംവിധാനത്തിലൂടെ പൂർത്തിയാക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു.
മൃഗസംരക്ഷണ വകുപ്പിലെ തസ്തികകളുടെയും ജീവനക്കാരുടെ വിന്യാസത്തിന്റെയും പ്രത്യേക സാഹചര്യങ്ങൾക്ക് സ്പാർക്ക് സോഫ്റ്റ്വേർ പൂർണമായും അനുയോജ്യമല്ലെന്ന വിലയിരുത്തലും നേരത്തേ ഉയർന്നിരുന്നു. ഇതേത്തുടർന്ന് വിവിധ സർവീസ് സംഘടനകളുമായി ചർച്ച നടത്തിയ ശേഷമാണ് വകുപ്പിന് മാത്രമായി പ്രത്യേക ഓൺലൈൻ സ്ഥലംമാറ്റ സംവിധാനം വികസിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനായി 15 ലക്ഷം രൂപ ചെലവഴിച്ച് സി-ഡിറ്റ് മുഖേന പുതിയ സോഫ്റ്റ്വേർ തയ്യാറാക്കുകയും സംവിധാനം പ്രവർത്തനക്ഷമമാക്കുകയും ചെയ്തിരുന്നു. സ്ഥലംമാറ്റ നടപടികളിൽ സുതാര്യത ഉറപ്പാക്കാനും മാനദണ്ഡങ്ങൾ ഏകീകൃതമായി നടപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു പുതിയ സംവിധാനം ഒരുക്കിയത്.
എന്നാൽ ലക്ഷങ്ങൾ ചെലവഴിച്ച് വികസിപ്പിച്ച സോഫ്റ്റ്വേർ ഉപയോഗപ്പെടുത്താതെയും ട്രിബ്യൂണലിന്റെ നിർദേശം പാലിക്കാതെയും സ്ഥലംമാറ്റ നടപടികൾ മുന്നോട്ടുകൊണ്ടുപോകാനാണ് അധികൃതരുടെ ശ്രമമെന്നാണ് സംഘടനകളുടെ പരാതി. സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ മറവിൽ ‘ഭരണസൗകര്യാർത്ഥം’ എന്ന പേരിൽ വ്യാപകമായി സ്ഥലംമാറ്റങ്ങൾ നടത്തിയതായും ആരോപണമുണ്ട്. പൊതുസ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചതെന്നും ഇത് അർഹരായ ജീവനക്കാരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിന് കാരണമായെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഇതിനെതിരെ കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ കോടതി അലക്ഷ്യ നടപടികളുമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ട്രിബ്യൂണൽ ഇടക്കാല ഉത്തരവിലൂടെ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ വകുപ്പ് അധികൃതർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശവും അവഗണിച്ചുകൊണ്ടാണ് 2025ലെ സംസ്ഥാനതല പൊതുസ്ഥലംമാറ്റം ഓഫ്ലൈനായി നടത്തുമെന്ന് വ്യക്തമാക്കുന്ന പുതിയ വിജ്ഞാപനം വകുപ്പ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് സംഘടനകളുടെ ആരോപണം.
പുതിയ വിജ്ഞാപനത്തിലെ സാധ്യതാ ഒഴിവുകളുടെ പട്ടിക തയ്യാറാക്കിയതിലും ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നാണ് ആക്ഷേപം. നിലവിലുള്ള സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പ്രകാരം പരിഗണിക്കേണ്ട സ്റ്റേഷനുകളിൽ ചിലത് ഒഴിവുകളുടെ പട്ടികയിൽനിന്ന് ബോധപൂർവം ഒഴിവാക്കിയതായി സംഘടനകൾ ആരോപിക്കുന്നു. പ്രത്യേകിച്ച്, ഒരേ സ്റ്റേഷനിൽ മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കിയ ഭരണാനുകൂല സംഘടനാ നേതാക്കൾ ജോലി ചെയ്യുന്ന സ്റ്റേഷനുകൾ സാധ്യതാ ഒഴിവുകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി. അതേസമയം, മൂന്ന് വർഷത്തെ സേവനകാലാവധി പോലും പൂർത്തിയാക്കാത്ത ജീവനക്കാർ ജോലി ചെയ്യുന്ന സ്റ്റേഷനുകൾ ഒഴിവുകളായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ സാധ്യതാ ഒഴിവുകളുടെ പട്ടികയിൽ മാറ്റം വരുത്തുന്നത് സ്ഥലംമാറ്റത്തിനായി കാത്തിരിക്കുന്ന ജീവനക്കാരുടെ അവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംഘടനകളുടെ നിലപാട്. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റത്തിന് അർഹതയുള്ള ജീവനക്കാരെ ഒഴിവാക്കി ചിലർക്ക് പ്രത്യേക പരിഗണന നൽകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. ഓൺലൈൻ സംവിധാനത്തിലൂടെ സുതാര്യമായി നടത്തേണ്ട പൊതുസ്ഥലംമാറ്റം ഓഫ്ലൈനാക്കുന്നത് നടപടിക്രമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ജീവനക്കാരുടെ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു.
കോടതി ഉത്തരവ് നിലനിൽക്കെയും പ്രത്യേക സോഫ്റ്റ്വേർ പ്രവർത്തനക്ഷമമായിരിക്കെയും ഓഫ്ലൈൻ നടപടികളിലേക്ക് മടങ്ങാനുള്ള വകുപ്പിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെടുകയാണ്. പൊതുപണം ചെലവഴിച്ച് വികസിപ്പിച്ച സംവിധാനം ഉപയോഗിക്കാതെ പഴയ രീതിയിലേക്ക് മടങ്ങുന്നതിന്റെ ആവശ്യകതയും സംഘടനകൾ ചോദ്യം ചെയ്യുന്നു.
പുതിയ വിജ്ഞാപനവും സാധ്യതാ ഒഴിവുകളുടെ പട്ടികയും പിൻവലിച്ച് കോടതി നിർദേശങ്ങൾക്കും നിലവിലുള്ള സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്കും അനുസൃതമായി ഓൺലൈൻ പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. ഇതിനായി അധികൃതർ അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം പുതിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് വീണ്ടും നിയമനടപടികൾ സ്വീകരിക്കാനാണ് സംഘടനകളുടെ തീരുമാനം. ഇതോടെ മൃഗസംരക്ഷണ വകുപ്പിലെ സംസ്ഥാനതല പൊതുസ്ഥലംമാറ്റം വീണ്ടും നിയമവിവാദത്തിലേക്ക് നീങ്ങുകയാണ്.
