വാഷിംഗ്ടൺ: ഉത്തര കൊറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. ആണവായുധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ട്രംപുമായി ചർച്ച നടത്താൻ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തയ്യാറല്ലെന്നാണ് റിപ്പോർട്ട്. വ്യക്തിപരമായ ഇടപെടലുകളിലൂടെ ഉത്തര കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും കൊറിയൻ ഉപദ്വീപിലെ സംഘർഷാവസ്ഥ ലഘൂകരിക്കാനുമുള്ള ട്രംപിന്റെ ശ്രമങ്ങൾക്കാണ് കിമ്മിന്റെ നിലപാട് തിരിച്ചടിയായിരിക്കുന്നത്. വാൾസ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കിം ജോങ് ഉന്നുമായി നേരിട്ട് ആശയവിനിമയം നടത്താൻ ട്രംപ് നിരവധി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ട്. ടെലിഫോൺ സംഭാഷണത്തിനുള്ള ശ്രമങ്ങൾ മുതൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഉത്തര കൊറിയൻ നയതന്ത്ര ദൗത്യം മുഖേന വ്യക്തിപരമായ കത്ത് കൈമാറുന്നതുവരെയുള്ള വിവിധ മാർഗങ്ങൾ ട്രംപ് പരീക്ഷിച്ചു. എന്നാൽ, ഈ നീക്കങ്ങളോട് അനുകൂലമായി പ്രതികരിക്കാൻ ഉത്തര കൊറിയ തയ്യാറായില്ല. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലച്ചുപോയ ആണവ ചർച്ചകൾ പുനരാരംഭിക്കാനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങളെയും ഈ നിലപാട് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഏഷ്യൻ സന്ദർശന വേളയിലും ട്രംപ് കിം ജോങുമായി ബന്ധപ്പെടാൻ ശ്രമിച്ചു. ഫിലിപ്പീൻസിൽ നടന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ചൈന സന്ദർശിച്ചപ്പോൾ, കിമ്മും ട്രംപും തമ്മിൽ ഒരു മുഖാമുഖ കൂടിക്കാഴ്ച സംഘടിപ്പിക്കാൻ യുഎസ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. വിവിധ നയതന്ത്ര മാർഗങ്ങളിലൂടെ ഉത്തര കൊറിയൻ നേതൃത്വവുമായി ആശയവിനിമയം നടത്താനും ഇരുനേതാക്കളുടെയും മുഖാമുഖ കൂടിക്കാഴ്ചയ്ക്ക് സാഹചര്യമൊരുക്കാനുമായിരുന്നു യുഎസ് ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാൽ, ഈ ശ്രമങ്ങളും വിജയിച്ചില്ലെന്നാണ് റിപ്പോർട്ട്.
ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഉത്തര കൊറിയ ചില മുൻവ്യവസ്ഥകൾ മുന്നോട്ടു വെച്ചതായും അവ അംഗീകരിക്കാൻ അമേരിക്ക തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഉന്നതതല നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യത വീണ്ടും മങ്ങിയിരിക്കുകയാണ്.
പരമ്പരാഗത ആശയ വിനിമയ മാർഗങ്ങളിലൂടെ കിമ്മുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ന്യൂയോർക്കിലെ ഉത്തര കൊറിയൻ നയതന്ത്ര ദൗത്യം മുഖേന ട്രംപ് വ്യക്തിപരമായ കത്ത് കൈമാറാൻ ശ്രമിച്ചത്. നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിനായി അമേരിക്കൻ ഉദ്യോഗസ്ഥർ കൂടുതൽ അയവുള്ള ചില നിർദ്ദേശങ്ങളും മുന്നോട്ടു വെച്ചിരുന്നു.
ഉത്തര കൊറിയയെ പ്രകോപിപ്പിക്കാത്ത തരത്തിലുള്ള ഭാഷയാണ് ഈ നിർദേശങ്ങളിൽ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. ആണവായുധങ്ങൾ ഉടൻ ഉപേക്ഷിക്കണമെന്നോ ആണവ കേന്ദ്രങ്ങൾ പൂർണമായി പൊളിച്ചു നീക്കണമെന്നോ പ്രാരംഭഘട്ടത്തിൽ അമേരിക്ക ആവശ്യപ്പെട്ടിരുന്നില്ല. ആദ്യം ആശയ വിനിമയത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയും പിന്നീട് സങ്കീർണമായ വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തുകയുമായിരുന്നു ലക്ഷ്യം. എന്നിട്ടും പ്യോങ്യാങ്ങിൽനിന്ന് അനുകൂല പ്രതികരണമുണ്ടായില്ല.
ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിൽ നേരത്തേ നിരവധി ചരിത്രപരമായ കൂടിക്കാഴ്ചകൾ നടന്നിരുന്നു. 2018 ജൂണിൽ സിംഗപ്പൂരിൽ നടന്ന ഉച്ചകോടി അമേരിക്ക–ഉത്തര കൊറിയ ബന്ധത്തിൽ നിർണായക വഴിത്തിരിവായാണ് വിലയിരുത്തപ്പെട്ടത്. അധികാരത്തിലിരിക്കുന്ന ഒരു അമേരിക്കൻ പ്രസിഡന്റും ഉത്തര കൊറിയൻ ഭരണാധികാരിയും തമ്മിലുള്ള ആദ്യ മുഖാമുഖ കൂടിക്കാഴ്ചയായിരുന്നു അത്. കൊറിയൻ ഉപദ്വീപിലെ സമ്പൂർണ ആണവനിരായുധീകരണത്തിനായി പ്രവർത്തിക്കാനും ഇരുരാജ്യങ്ങൾക്കുമിടയിൽ പുതിയ ബന്ധം കെട്ടിപ്പടുക്കാനും അന്ന് ധാരണയായിരുന്നു. എന്നാൽ, ഈ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിനുള്ള വ്യക്തമായ സമയക്രമമോ നടപടിക്രമങ്ങളോ രൂപപ്പെടുത്താൻ ഇരുപക്ഷത്തിനും സാധിച്ചില്ല.
തുടർന്ന് 2019 ഫെബ്രുവരിയിൽ വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിൽ ഇരുനേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തി. എന്നാൽ, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുന്നതും ആണവ നിരായുധീകരണ നടപടികളും സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായതോടെ ഉച്ചകോടി യാതൊരു കരാറുമില്ലാതെ അവസാനിച്ചു. അതേ വർഷം ജൂണിൽ ഉത്തര–ദക്ഷിണ കൊറിയൻ അതിർത്തിയിലെ പാൻമുൻജോമിലും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയെങ്കിലും ആണവ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഹനോയ് ഉച്ചകോടിക്കിടെ ഉത്തര കൊറിയയുടെ പ്രധാന ആണവ ഗവേഷണ കേന്ദ്രമായ യോങ്ബിയോൺ അടച്ചു പൂട്ടുന്നതിന് പകരമായി രാജ്യത്തിനുമേൽ ഏർപ്പെടുത്തിയിരുന്ന പ്രധാന സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകണമെന്നായിരുന്നു കിം ജോങ് ഉന്നിന്റെ ആവശ്യം.
എന്നാൽ, യോങ്ബിയോൺ ആണവ കേന്ദ്രം മാത്രം പ്രവർത്തനരഹിതമാക്കുന്നതിലൂടെ ഉത്തര കൊറിയയുടെ മുഴുവൻ ആണവായുധ ശേഷിയും ഇല്ലാതാകില്ലെന്നായിരുന്നു അമേരിക്കയുടെ വിലയിരുത്തൽ. വെളിപ്പെടുത്താത്ത ആണവ കേന്ദ്രങ്ങൾ, നിലവിലുള്ള ആണവായുധ ശേഖരം, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ എന്നിവയും ചർച്ചയുടെ പരിധിയിൽ കൊണ്ടുവരണമെന്ന് വാഷിംഗ്ടൺ ആവശ്യപ്പെട്ടു.
പരിമിതമായ ആണവനിരായുധീകരണ നടപടികൾക്ക് പകരമായി വ്യാപകമായ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുന്നത് ഉചിതമല്ലെന്നായിരുന്നു അമേരിക്കൻ നിലപാട്. അതേസമയം, ഉപരോധങ്ങളിൽ കാര്യമായ ഇളവ് ലഭിക്കാതെ കൂടുതൽ ആണവ നിയന്ത്രണങ്ങൾ അംഗീകരിക്കാൻ ഉത്തരകൊറിയയും തയ്യാറായില്ല. ഉപരോധങ്ങൾ പിൻവലിക്കുന്നതിന്റെ വ്യാപ്തി സംബന്ധിച്ചും ഇരുപക്ഷത്തിനും വ്യത്യസ്ത വിശദീകരണങ്ങളുണ്ടായിരുന്നു. ഈ അഭിപ്രായവ്യത്യാസമാണ് നയതന്ത്ര ചർച്ചകൾ സ്തംഭിക്കാൻ പ്രധാന കാരണമായത്.
ദേശീയ സുരക്ഷയുടെയും ഭരണകൂടത്തിന്റെ നിലനിൽപ്പിന്റെയും പ്രധാന ഘടകമായാണ് ഉത്തരകൊറിയ ആണവായുധങ്ങളെ കണക്കാക്കുന്നത്. അമേരിക്കയിൽനിന്നുള്ള സൈനിക ഭീഷണികളെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ സംവിധാനമാണ് ആണവായുധ ശേഖരമെന്നാണ് പ്യോങ്യാങ്ങിന്റെ വാദം. അതുകൊണ്ടുതന്നെ പൂർണമായ ആണവനിരായുധീകരണം ലക്ഷ്യമിട്ടുള്ള ചർച്ചകളോട് ഉത്തരകൊറിയ കടുത്ത വിമുഖത പുലർത്തുന്നു.
മറുവശത്ത്, ഉത്തരകൊറിയയുടെ ആണവായുധങ്ങളും മിസൈൽ പദ്ധതികളും കിഴക്കൻ ഏഷ്യയുടെ സുരക്ഷയ്ക്കും അന്താരാഷ്ട്ര ആണവ വ്യാപന നിരോധന ശ്രമങ്ങൾക്കും വെല്ലുവിളിയാണെന്നാണ് അമേരിക്കയുടെ നിലപാട്.
കിമ്മുമായി നിലനിന്നിരുന്ന വ്യക്തിപരമായ ബന്ധം പ്രയോജനപ്പെടുത്തി ആണവ ചർച്ചകളിൽ വീണ്ടും പുരോഗതി കൈവരിക്കാമെന്ന ട്രംപിന്റെ പ്രതീക്ഷകൾക്കാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ തിരിച്ചടിയായിരിക്കുന്നത്. ഇരുരാജ്യങ്ങളും തങ്ങളുടെ അടിസ്ഥാന നിലപാടുകളിൽ മാറ്റം വരുത്താത്ത സാഹചര്യത്തിൽ കൊറിയൻ ഉപദ്വീപിലെ ആണവ പ്രതിസന്ധിക്ക് സമീപഭാവിയിൽ നയതന്ത്ര പരിഹാരം കണ്ടെത്താനാകുമോ എന്നതും അനിശ്ചിതത്വത്തിലാണ്.
