ഗാർലൻഡ് (ടെക്സസ്): ഫെഡറൽ വാറണ്ട് നടപ്പാക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ തോക്കുമായി ഓടിയടുത്ത മൂന്ന് പ്രതികൾക്ക് വെടിയേറ്റു. റോസ്ഹിൽ റോഡിലെ 4200 ബ്ലോക്കിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വൈകുന്നേരം 5:40-ഓടെയായിരുന്നു സംഭവം. പരിക്കേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ഡാളസ് പോലീസിന് നേരെയുണ്ടായ വെടിവെപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 18-കാരനായ ദവാൻ ആന്റണി ടെയ്ലറെ അറസ്റ്റ് ചെയ്യാനാണ് യു.എസ് മാർഷൽസ് ടാസ്ക് ഫോഴ്സും ഗാർലൻഡ് പോലീസും സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥർ അപ്പാർട്ട്മെന്റിന് സമീപമെത്തിയപ്പോൾ മൂന്ന് പേർ തോക്കുകളുമായി പോലീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്നും, തുടർന്ന് പോലീസ് വെടിയുതിർക്കുകയുമായിരുന്നുവെന്നും
സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. പ്രധാന പ്രതിയായ ദവാൻ ആന്റണി ടെയ്ലറെ പോലീസ് പരിക്കുകളില്ലാതെ അറസ്റ്റ് ചെയ്തു. വെടിയേറ്റ മൂന്ന് പേരുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നടപടിക്രമങ്ങളുടെ ഭാഗമായി വെടിവെപ്പിൽ ഉൾപ്പെട്ട ഗാർലൻഡ് പോലീസ് ഉദ്യോഗസ്ഥരെ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു. ഡാളസ് കൗണ്ടി പബ്ലിക് ഇന്റഗ്രിറ്റി യൂണിറ്റിന്റെ സഹകരണത്തോടെ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
