‘ഞാൻ ഗുരുതരമായ തെറ്റുകൾ ചെയ്തു’; ഭാര്യയോടുള്ള അവിശ്വസ്തതയും പെരുമാറ്റച്ചട്ട ലംഘനവും സമ്മതിച്ച് എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്

സാൻ ഫ്രാൻസിസ്കോ: വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് രാജിവെക്കുകയും പിന്നീട് എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തിരിച്ചെത്തുകയും ചെയ്ത ജെൻസൺ ഹുവാങ് കമ്പനി ജീവനക്കാരോട് പരസ്യമായി ക്ഷമാപണം നടത്തി.  ചൊവ്വാഴ്ച നടന്ന കമ്പനി ജീവനക്കാരുടെ പൊതുയോഗത്തിൽ, തന്റെ വ്യക്തിജീവിതത്തിൽ ഗുരുതരമായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും കമ്പനിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. ഭാര്യയോടും മക്കളോടും ജീവനക്കാരോടും തന്റെ പ്രവൃത്തികൾ മൂലമുണ്ടായ വേദനയിൽ ഖേദം പ്രകടിപ്പിച്ച ഹുവാങ്, സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തുന്നതിനായി ദിവസവും ഒന്നര മണിക്കൂർ തെറാപ്പിയിൽ പങ്കെടുക്കുന്നുണ്ടെന്നും വെളിപ്പെടുത്തി.

സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തിയതിനുശേഷം ജീവനക്കാരുമായി നടത്തിയ ആദ്യ പൊതുയോഗത്തിലാണ് 63 കാരനായ ഹുവാങ് വികാരഭരിതനായി സംസാരിച്ചത്. ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ വ്യക്തിപരമായ വീഴ്ചകൾ, കമ്പനിയുടെ ഭാവി, നേതൃത്വരീതി, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ, തന്റെ പുനർനിയമനം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദീകരിച്ചു.

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഭാര്യ ലോറി ഹുവാങിനോട് അവിശ്വസ്തത കാണിച്ചതായും തന്റെ പ്രവൃത്തികൾ മക്കളെയും കമ്പനി ജീവനക്കാരെയും വേദനിപ്പിച്ചതായും ഹുവാങ് സമ്മതിച്ചു. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കമ്പനി യോഗമാണിതെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ജീവിതത്തിൽ അതിനേക്കാൾ ബുദ്ധിമുട്ടേറിയ സംഭാഷണം ഭാര്യയുമായി നടത്തിയതാണെന്നും വ്യക്തമാക്കി. എൻവിഡിയയുടെ പെരുമാറ്റച്ചട്ടത്തിന്റെ വലിയൊരു ഭാഗം തയ്യാറാക്കുന്നതിൽ താൻ വ്യക്തിപരമായി പങ്കുവഹിച്ചിരുന്നുവെന്നും എന്നാൽ, അതേ ചട്ടങ്ങൾ താൻതന്നെ ലംഘിച്ചത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ഹുവാങ് പറഞ്ഞു. അദ്ദേഹത്തിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ രൂക്ഷമായതോടെ സിഇഒ സ്ഥാനത്ത് തുടരാൻ അനുവദിക്കണമോയെന്ന് ഡയറക്ടർ ബോർഡിന് പരിശോധിക്കേണ്ടി വന്നു. ഇതേത്തുടർന്നാണ് നവംബർ 11ന് അദ്ദേഹം രാജിവെച്ചത്. എന്നാൽ, നവംബർ 23ന് ഡയറക്ടർ ബോർഡ് അദ്ദേഹത്തെ വീണ്ടും സിഇഒയായി നിയമിക്കുകയായിരുന്നു.

തന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ആശങ്കകൾ വിലയിരുത്തുന്നതിന് ആവശ്യമായ രഹസ്യാന്വേഷണ വിവരങ്ങൾ ലഭ്യമാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന് ഹുവാങ് നന്ദി അറിയിച്ചു. ഈ വിവരങ്ങൾ അദ്ദേഹത്തെ വീണ്ടും സിഇഒയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ അപകടസാധ്യതകൾ വിലയിരുത്താൻ ഡയറക്ടർ ബോർഡിനെ സഹായിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

അതേസമയം, ട്രംപിന്റെ രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്നാണ് താൻ സ്ഥാനത്തേക്ക് തിരിച്ചെത്തിയതെന്ന ആരോപണം ഹുവാങ് നിരസിച്ചു. കമ്പനിയുടെ ഡയറക്ടർ ബോർഡ് ലഭ്യമായ വിവരങ്ങളും സംഭവങ്ങളുടെ പശ്ചാത്തലവും വിശദമായി പരിശോധിച്ച ശേഷമാണ് സ്വതന്ത്രമായി തീരുമാനമെടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ, ഹുവാങിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ഡയറക്ടർ ബോർഡുമായി സംസാരിക്കുകയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തതായി ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്.

തന്റെ കർശനമായ മാനേജ്മെന്റ് ശൈലി സംബന്ധിച്ച് ജീവനക്കാർക്കിടയിൽ ഉയർന്ന വിമർശനങ്ങളോടും ഹുവാങ് പ്രതികരിച്ചു. ജീവനക്കാരിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന തന്റെ സമീപനം ചില സന്ദർഭങ്ങളിൽ അമിതമായ സമ്മർദ്ദത്തിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. സ്വന്തം നേതൃത്വശൈലിയും പെരുമാറ്റവും വിലയിരുത്തുന്നതിനായി സമഗ്രമായ 360 ഡിഗ്രി പ്രകടന അവലോകന സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അഭിപ്രായങ്ങളും വിലയിരുത്തലുകളും ഡയറക്ടർ ബോർഡ് ശേഖരിക്കും. നിലവിൽ ഈ പ്രത്യേക അവലോകന സംവിധാനം ഹുവാങിന്‌ മാത്രമായിരിക്കും ബാധകമാകുക.

കമ്പനിയുടെ പെരുമാറ്റച്ചട്ടം സിഇഒ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാണെന്നും ചട്ടലംഘനങ്ങൾ ഓരോ സംഭവത്തിന്റെയും സാഹചര്യങ്ങളും ഗൗരവവും പരിഗണിച്ച് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ ജീവനക്കാർക്ക് സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും മുൻഗണന നൽകുമെന്ന് അദ്ദേഹം അറിയിച്ചു. തന്റെ അഭാവത്തിൽ ഇടക്കാല സിഇഒയായി ചുമതല നിർവഹിച്ച കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കോളെറ്റ് ക്രെസ്സിനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കും ഹുവാങ് നന്ദി രേഖപ്പെടുത്തി. ഹുവാങിന്റെ രാജിയും അപ്രതീക്ഷിത തിരിച്ചു വരവും എൻവിഡിയയുടെ ഓഹരികളിലും വലിയ ചാഞ്ചാട്ടത്തിന് കാരണമായി. അദ്ദേഹത്തെ വീണ്ടും സിഇഒയായി നിയമിച്ച വാർത്ത പുറത്തു വന്നതോടെ കമ്പനിയുടെ ഓഹരികൾ കുതിച്ചുയർന്നെങ്കിലും ചൊവ്വാഴ്ച വ്യാപാരത്തിനിടെ ഏഴ് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.

നിർമിതബുദ്ധി സാങ്കേതികവിദ്യയുടെയും അത്യാധുനിക സെമി കണ്ടക്ടർ വ്യവസായത്തിന്റെയും വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന എൻവിഡിയയിലെ നേതൃത്വ പ്രതിസന്ധി നിക്ഷേപകർക്കിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഹുവാങിന്റെ പുനർ നിയമനവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അമേരിക്കൻ നിയമനിർമ്മാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ സുരക്ഷ, അത്യാധുനിക നിർമിത ബുദ്ധി ചിപ്പുകളുടെ കയറ്റുമതി നിയന്ത്രണങ്ങൾ, ചൈനീസ് കമ്പനികൾക്ക് അമേരിക്കൻ സാങ്കേതിക വിദ്യ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാകുന്നത്.

അദ്ദേഹം വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ലക്ഷ്യമായിരുന്നോ എന്നതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണവും തുടരുകയാണ്. ഡിസംബറിൽ നടക്കുന്ന കോൺഗ്രസ് ഹിയറിംഗുകളിൽ ഹുവാങ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ കയറ്റുമതി നിയന്ത്രണങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും നിയമനിർമ്മാതാക്കളുടെ പരിശോധനയ്ക്ക് വിധേയമായേക്കും.

Leave a Comment

More News