ഇസ്ലാമാബാദ്: പാക്കിസ്താന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സീഷാൻ അലി ചൈനയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി. ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങ് സന്ദർശിക്കുന്ന ആദ്യ പാക്കിസ്താൻ ബഹിരാകാശയാത്രികനെന്ന നേട്ടമാണ് സീഷാൻ സ്വന്തമാക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ചൈനയും പാക്കിസ്താനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക ചുവടുവയ്പ്പായാണ് ഈ ദൗത്യത്തെ വിലയിരുത്തുന്നത്.
സീഷാൻ അലിക്കൊപ്പം ഖുറം ദാവൂദിനെയും ബഹിരാകാശ ദൗത്യത്തിനായി പരിഗണിച്ചിരുന്നു. ഇരുവരും ചൈനയിൽ വിപുലമായ പരിശീലനം പൂർത്തിയാക്കിയെങ്കിലും അന്തിമഘട്ടത്തിൽ സീഷാൻ അലിയെയാണ് തിരഞ്ഞെടുത്തത്. ചൈനീസ് ഭാഷാ പഠനം, ഭാരമില്ലായ്മ അനുഭവപ്പെടുന്ന സാഹചര്യങ്ങളിലെ പരിശീലനം, കഠിനമായ ശാരീരിക പരിശീലനം, ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക സംവിധാനങ്ങൾ കൈകാര്യം ചെയ്യൽ എന്നിവ പരിശീലനത്തിന്റെ ഭാഗമായിരുന്നു.
ബഹിരാകാശ നിലയത്തിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനും ഗവേഷണ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള പേലോഡ് സ്പെഷ്യലിസ്റ്റായാണ് സീഷാൻ ദൗത്യത്തിൽ പങ്കെടുക്കുന്നത്. വിദേശ ബഹിരാകാശയാത്രികർക്ക് ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്ത ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് പാക്കിസ്താൻ പൗരന് അവസരമൊരുക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശാസ്ത്ര-സാങ്കേതിക സഹകരണത്തിലെ സുപ്രധാന നേട്ടമാണ്.
വിക്ഷേപണ ദൗത്യം വിജയകരമായിരുന്നെന്നും ബഹിരാകാശയാത്രികർ സുരക്ഷിതരാണെന്നും ചൈനീസ് ബഹിരാകാശ ഏജൻസി അറിയിച്ചതായാണ് റിപ്പോർട്ട്. ചരിത്രപരമായ ഈ ദൗത്യത്തിന്റെ ഭാഗമാകുന്നത് വ്യക്തിപരമായ നേട്ടത്തിനപ്പുറം സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അപൂർവ അവസരമാണെന്ന് സീഷാൻ പ്രതികരിച്ചു. പാക്കിസ്താൻ ജനതയുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് താൻ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിൽപരമായി യുദ്ധവിമാന പൈലറ്റായ സീഷാൻ അലി ബഹിരാകാശ ദൗത്യത്തിനായി അതീവ കഠിനമായ ശാരീരികവും മാനസികവും സാങ്കേതികവുമായ പരിശീലനത്തിലൂടെയാണ് കടന്നുപോയത്. യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ അനുഭവസമ്പത്തുണ്ടെങ്കിലും ബഹിരാകാശ പേടകത്തിന്റെ പ്രവർത്തനരീതികളും ബഹിരാകാശത്തെ വ്യത്യസ്ത സാഹചര്യങ്ങളും മനസ്സിലാക്കുന്നതിന് പ്രത്യേക പരിശീലനം ആവശ്യമായിരുന്നു.
ബഹിരാകാശ പേടകത്തിലെ നിയന്ത്രണ സംവിധാനങ്ങൾ, സ്വിച്ചുകൾ, സോഫ്റ്റ്വെയറുകൾ, കംപ്യൂട്ടർ പ്രോഗ്രാമുകൾ, ശബ്ദ സന്ദേശങ്ങൾ എന്നിവയെല്ലാം ചൈനീസ് ഭാഷയിലാണെന്ന് സീഷാൻ നേരത്തെ ഒരു അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. അതിനാൽ ദൈനംദിന ആശയവിനിമയത്തിനുള്ള ചൈനീസ് ഭാഷയ്ക്കു പുറമെ ബഹിരാകാശ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സങ്കീർണമായ പദാവലികളും അദ്ദേഹം പഠിച്ചു. ചൈനീസ് ബഹിരാകാശയാത്രികരുമായുള്ള സഹകരണത്തെക്കുറിച്ചും സീഷാൻ സംതൃപ്തി പ്രകടിപ്പിച്ചു. തന്റെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും പ്രാധാന്യം നൽകുന്ന സഹപ്രവർത്തകരെയാണ് ലഭിച്ചതെന്നും പരസ്പര ബഹുമാനവും കൂട്ടായ പ്രവർത്തനവുമാണ് ദൗത്യത്തിന്റെ വിജയത്തിന് നിർണായകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാക്കിസ്താന്റെ ദേശീയ ബഹിരാകാശ ഗവേഷണ ഏജൻസിയായ സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മീഷന് (സുപാർകോ) രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമായി 300-ലധികം ശാസ്ത്രീയ പരീക്ഷണ നിർദ്ദേശങ്ങളാണ് ലഭിച്ചത്. ഇവ വിശദമായി പരിശോധിച്ച ചൈനീസ് വിദഗ്ധർ നാലു പരീക്ഷണങ്ങൾ ബഹിരാകാശ ദൗത്യത്തിനായി തിരഞ്ഞെടുത്തു. ബയോടെക്നോളജിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് സീഷാന്റെ ദൗത്യത്തിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. ഭൂമിയിലെ ഗുരുത്വാകർഷണത്തിൽനിന്ന് വ്യത്യസ്തമായ ബഹിരാകാശ സാഹചര്യങ്ങൾ ജൈവ പ്രക്രിയകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇത്തരം പരീക്ഷണങ്ങൾ സഹായിക്കും.
ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ഭാവിയിലെ ദീർഘകാല ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ മേഖലകളിൽ പുതിയ ശാസ്ത്രീയ അറിവുകൾ കണ്ടെത്തുകയാണ് ഗവേഷണങ്ങളുടെ പ്രധാന ലക്ഷ്യം. സീഷാന്റെ ഭക്ഷണരീതിയും മതപരമായ ആവശ്യങ്ങളും പരിഗണിച്ച് ബഹിരാകാശ നിലയത്തിൽ പ്രത്യേകമായി ഹലാൽ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
ഉപഗ്രഹ സാങ്കേതികവിദ്യയിലും ബഹിരാകാശ ഗവേഷണത്തിലും പാക്കിസ്താൻ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനാവശ്യമായ സ്വതന്ത്ര വിക്ഷേപണ സംവിധാനങ്ങളോ മനുഷ്യവാഹക ബഹിരാകാശ പേടകങ്ങളോ നിലവിൽ രാജ്യത്തിനില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്കായി പാക്കിസ്താൻ ചൈനയുടെ സാങ്കേതിക സഹായവും അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്നത്.
ബഹിരാകാശ ഗവേഷണ രംഗത്ത് വൻ മുന്നേറ്റം കൈവരിച്ച ചൈന 2022-ൽ ടിയാൻഗോങ് ബഹിരാകാശ നിലയത്തിന്റെ നിർമാണം പൂർത്തിയാക്കിയിരുന്നു. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്ന ഈ നിലയം വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ദീർഘകാല മനുഷ്യ ബഹിരാകാശ വാസത്തെക്കുറിച്ചുള്ള പഠനങ്ങൾക്കും ഉപയോഗിച്ചുവരുന്നു. 2030 ഓടെ ചന്ദ്രോപരിതലത്തിൽ ബഹിരാകാശയാത്രികരെ ഇറക്കുകയെന്ന ലക്ഷ്യത്തോടെയും ചൈന പ്രവർത്തിക്കുന്നുണ്ട്.
ദൗത്യം പൂർത്തിയാക്കിയ ശേഷം ചൈനീസ് സംഘത്തിലെ രണ്ട് ബഹിരാകാശയാത്രികർക്കൊപ്പം സീഷാൻ അലി ഭൂമിയിലേക്ക് മടങ്ങുമെന്നാണ് വിവരം. അതേസമയം, സംഘത്തിലെ മറ്റൊരു അംഗം ഏകദേശം ഒരു വർഷത്തോളം ബഹിരാകാശ നിലയത്തിൽ തുടരും. ദീർഘകാല ബഹിരാകാശ വാസം മനുഷ്യശരീരത്തിലും ആരോഗ്യത്തിലും സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുകയാണ് ഈ ദീർഘകാല ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
