തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നതിനിടെ, കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പിൽ എംപിയെ എത്തിക്കാനുള്ള നീക്കങ്ങൾ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സജീവമാക്കിയതായി സൂചന. ആദ്യഘട്ടത്തിൽ ദളിത് വിഭാഗത്തിൽ നിന്നുള്ള മന്ത്രി എ പി അനിൽകുമാറിന്റെ പേരായിരുന്നു വേണുഗോപാൽ പക്ഷം മുന്നോട്ടു വെച്ചിരുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയെ അദ്ധ്യക്ഷനാക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെയും എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും താൽപര്യത്തെ പ്രതിരോധിക്കാനായിരുന്നു ഈ നീക്കമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.
എന്നാൽ, സർക്കാർ അധികാരത്തിലേറി ആറു മാസം മാത്രം പിന്നിടുന്ന സാഹചര്യത്തിൽ മന്ത്രിസഭാ പുനഃസംഘടന നടത്തുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന സതീശന്റെ വാദം ഹൈക്കമാൻഡ് അംഗീകരിച്ചതോടെയാണ് നിലവിലെ കെപിസിസി വർക്കിംഗ് പ്രസിഡന്റായ ഷാഫി പറമ്പിലിനു വേണ്ടി വേണുഗോപാൽ പക്ഷം രംഗത്തിറങ്ങിയതെന്നാണ് സൂചന. എ ഗ്രൂപ്പ് പശ്ചാത്തലം, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ സ്വീകാര്യത, യുവജനങ്ങളെ ആകർഷിക്കാനുള്ള കഴിവ് തുടങ്ങിയ ഘടകങ്ങൾ ഉയർത്തിക്കാട്ടിയാണ് ഷാഫിയുടെ പേര് കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിക്കു മുന്നിൽ അവതരിപ്പിച്ചതെന്നാണ് വിവരം. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷ പിന്തുണ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനിൽക്കേണ്ടിവന്ന സാഹചര്യത്തിൽ, സംഘടനാതലത്തിലെ തന്റെ നിർദേശങ്ങൾക്ക് ഹൈക്കമാൻഡ് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് വേണുഗോപാലിന്റെ കണക്കുകൂട്ടലെന്നും വിലയിരുത്തപ്പെടുന്നു.
കെപിസിസിക്ക് ശക്തമായ നേതൃത്വമില്ലാത്തതിനാൽ ഭരണ രംഗത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയമായ ഇടപെടലുകളാണ് നടക്കുന്നതെന്ന പരാതി കോൺഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. സർക്കാരിന്റെ പ്രവർത്തനം മുഖ്യമന്ത്രിയുടെ ‘വൺ മാൻ ഷോ’ ആയി മാറുകയാണെന്നാണ് ഇവരുടെ വിമർശനം. ഷാഫി പറമ്പിലിനെ കെപിസിസി അദ്ധ്യക്ഷനാക്കുന്നതിലൂടെ സംഘടനയിൽ സ്വാധീനം ശക്തിപ്പെടുത്തുന്നതിനൊപ്പം ഭരണനേതൃത്വത്തിനു മേൽ പാർട്ടിയുടെ നിയന്ത്രണം വർധിപ്പിക്കാനും കഴിയുമെന്നാണ് വേണുഗോപാൽ പക്ഷത്തിന്റെ വിലയിരുത്തൽ. സതീശന്റെ പ്രവർത്തന ശൈലിയോട് വിയോജിപ്പുള്ള ചില നേതാക്കളുടെ പരോക്ഷ പിന്തുണയും ഈ നീക്കത്തിനുണ്ടെന്നാണ് സൂചന.
എ ഗ്രൂപ്പ് നേരത്തേ ബെന്നി ബെഹനാൻ എംപിയുടെ പേരായിരുന്നു കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുന്നോട്ടു വെച്ചിരുന്നത്. എന്നാൽ, ഷാഫിക്കുവേണ്ടിയുള്ള നീക്കങ്ങൾ ശക്തമായതോടെ കോൺഗ്രസിലെ പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനല്ലെന്ന് വ്യക്തമാക്കി രാജ്മോഹൻ ഉണ്ണിത്താൻ എംപി കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയതും ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ആന്റോ ആന്റണി എംപിയോട് പ്രിയങ്ക ഗാന്ധിക്ക് താൽപര്യമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
സംസ്ഥാന കോൺഗ്രസിനെ നയിക്കാൻ മുഴുവൻ സമയ അദ്ധ്യക്ഷൻ വേണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന വിഭാഗം. ഈ നിർദ്ദേശത്തിന് ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിക്കുകയാണെങ്കിൽ മുതിർന്ന നേതാക്കളായ ജോസഫ് വാഴയ്ക്കനോ വി എസ് ശിവകുമാറിനോ സാധ്യത തെളിഞ്ഞേക്കും.
അതേസമയം, യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് അടൂർ പ്രകാശിനെ മാറ്റണമെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി വി ഡി സതീശനെന്നാണ് വിവരം. അടൂർ പ്രകാശ് സ്ഥാനമൊഴിയുന്ന സാഹചര്യമുണ്ടായാൽ സാമുദായിക പ്രാതിനിധ്യവും സംഘടനാപരമായ സമവാക്യങ്ങളും പരിഗണിച്ച് ബെന്നി ബെഹനാനെ കൺവീനറാക്കാനുള്ള സാധ്യതയും ചർച്ചയാകുന്നുണ്ട്. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തെയും യുഡിഎഫ് കൺവീനർ സ്ഥാനത്തെയും ചൊല്ലിയുള്ള ചർച്ചകൾ സജീവമായതോടെ സംസ്ഥാന കോൺഗ്രസിൽ വിവിധ നേതൃവിഭാഗങ്ങൾ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
ഷാഫി പറമ്പിൽ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ കൂടുതൽ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് എ ഗ്രൂപ്പ് യോഗത്തിൽ ധാരണയായതായി വിവരം. തിരുവനന്തപുരത്തെ ഗസ്റ്റ് ഹൗസിൽ മുതിർന്ന നേതാക്കളായ ബെന്നി ബെഹനാൻ എംപി, മന്ത്രി പി സി വിഷ്ണുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബം ഷാഫി പറമ്പിലിനെ തള്ളിപ്പറയുകയും രാജ്മോഹൻ ഉണ്ണിത്താനെ പിന്തുണയ്ക്കുകയും ചെയ്തുവെന്ന സാഹചര്യം തിരിച്ചടിയായെന്നാണ് യോഗത്തിലുണ്ടായ വിലയിരുത്തൽ. ഉണ്ണിത്താനെതിരെ പരസ്യമായി പ്രതികരിക്കുന്നത് കൂടുതൽ വിവാദങ്ങൾക്കും വെളിപ്പെടുത്തലുകൾക്കും വഴിവെച്ചേക്കുമെന്നും അത് പാർട്ടിക്കും നേതാക്കൾക്കും ദോഷകരമാകുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നതായാണ് വിവരം.
തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കു പിന്നിൽ ഷാഫി പറമ്പിലാണെന്ന് ഉണ്ണിത്താൻ ആരോപിച്ചിരുന്നു. ഇതിനുപുറമെ, കൊച്ചി പനമ്പിള്ളി നഗറിലെ ഒരു കോൺഗ്രസ് നേതാവിന്റെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് അവ്യക്തമായ ചില സൂചനകളും അദ്ദേഹം നൽകിയിരുന്നു. എന്നാൽ, ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹം പരസ്യമായി പുറത്തുവിട്ടിട്ടില്ല. “2020 ഒരു കാറിന്റെ നമ്പരാണ്. അത് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കും” എന്നു പ്രതികരിച്ച ഉണ്ണിത്താൻ, കേരളത്തെ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
1968 മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുന്ന തന്നെപ്പോലുള്ള ഒരു മുതിർന്ന നേതാവിനെ അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അത്തരമൊരു സാഹചര്യത്തിൽ തനിക്കറിയാവുന്ന വിവരങ്ങൾ പുറത്തുവിടാനുള്ള ഉത്തരവാദിത്തം തനിക്കുമുണ്ടെന്നും ഉചിതമായ സമയത്ത് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. “ഒരേ തൂവൽപ്പക്ഷികൾ ഒരുമിച്ചേ പറക്കുകയുള്ളൂ. ഇപ്പോൾ ആശാനുവേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുകയാണ്” എന്ന പരാമർശവും ഉണ്ണിത്താൻ നടത്തി. ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ പ്രതികരണമെന്നാണ് വിലയിരുത്തൽ.
നേതൃത്വ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ പരസ്യമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമാകുന്നത് കോൺഗ്രസിന് പുതിയ തലവേദനയായിരിക്കുകയാണ്. സംഘടനയിലെ ഭിന്നതകൾ പരിഹരിച്ച് സമവായത്തിലൂടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയെന്നത് ഹൈക്കമാൻഡിനു മുന്നിലെ പ്രധാന വെല്ലുവിളിയായി മാറിയിട്ടുണ്ട്.
