ധനരാജ് വധക്കേസ് വിധിക്കു പിന്നാലെ പ്രകോപനപരമായ പ്രസംഗം; ടി.ഐ. മധുസൂദനനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: കണ്ണൂർ പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിക്കു പിന്നാലെ പ്രകോപനപരമായ പ്രസംഗം നടത്തിയ മുൻ എംഎൽഎയും സിപിഐഎം നേതാവുമായ ടി.ഐ. മധുസൂദനനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. വിവാദ പ്രസംഗത്തിന്റെ പൂർണ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും സംഭവത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുൻ ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. സമൂഹത്തിൽ സമാധാനവും സൗഹാർദവും ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാക്കളുടെ ഇത്തരം പ്രസംഗങ്ങൾ സംഘർഷത്തിനും കലാപത്തിനും വഴിവെക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മധുസൂദനൻ നടത്തിയതെന്നും വിവാദ പരാമർശങ്ങൾ പിൻവലിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വിഷയത്തിൽ സിപിഐഎം നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും ഇത്തരം പ്രസ്താവനകളോടുള്ള പാർട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പയ്യന്നൂരിൽ സംഘടിപ്പിച്ച ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം. ധനരാജ് വധക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസാരിക്കവേ, കണക്കുപറയേണ്ടത് പാർട്ടി തന്നെ പറഞ്ഞുതീർക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചീമേനി സംഭവവും അതുമായി ബന്ധപ്പെട്ട കോടതി വിധിയും പരാമർശിച്ച മധുസൂദനൻ, കേസിൽ കോടതി വെറുതെവിട്ടവർ ഇന്ന് ജീവനോടെയില്ലെന്നും പ്രസംഗത്തിൽ അവകാശപ്പെട്ടു. പ്രതികാര രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ് പ്രസംഗമെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്.

അതേസമയം, വിവാദ പ്രസംഗത്തിനെതിരെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. മധുസൂദനന്റെ പ്രസംഗത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് ഡിജിപിയെ സമീപിച്ചിരിക്കുന്നത്.

അതിനിടെ, ബോർഡ്–കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുഡിഎഫിനുള്ളിൽ തർക്കങ്ങളുണ്ടെന്ന പ്രചാരണവും രമേശ് ചെന്നിത്തല തള്ളി. ഇത്തരം വിഷയങ്ങളിൽ മുന്നണിക്കുള്ളിൽ അഭിപ്രായഭിന്നതയില്ലെന്നും ജനോപകാരപ്രദമായ തീരുമാനങ്ങൾ കൈക്കൊണ്ട് സർക്കാർ മുന്നോട്ടുപോകുകയാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

Leave a Comment

More News