സർക്കാരിനെ ഭരിക്കാൻ അനുവദിക്കണം; കോൺഗ്രസിലെ തർക്കങ്ങൾ ആരോഗ്യകരമല്ലെന്ന് പി.വി. അൻവർ; മുഖ്യമന്ത്രിക്ക് പിന്തുണ

കൊച്ചി: യുഡിഎഫിനുള്ളിൽ ബോർഡ്–കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളും അഭിപ്രായഭിന്നതകളും തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശന് പിന്തുണയുമായി പി.വി. അൻവർ രംഗത്ത്.  സർക്കാരിനെ സുഗമമായി ഭരിക്കാൻ അനുവദിക്കണമെന്നും വ്യക്തിപരമായ ആവശ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉചിതമായ വേദികളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിനുള്ളിൽ നിലവിൽ തുടരുന്ന തർക്കങ്ങൾ ആരോഗ്യകരമായ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യമല്ലെന്ന് അൻവർ അഭിപ്രായപ്പെട്ടു. ഇത്തരം പരസ്യമായ അഭിപ്രായഭിന്നതകൾ സാധാരണ പാർട്ടി പ്രവർത്തകരിലും പൊതുജനങ്ങളിലും മനോവിഷമമുണ്ടാക്കുന്നതാണ്. രാഷ്ട്രീയ നേതൃത്വത്തിനിടയിലെ തർക്കങ്ങളും സംഭവവികാസങ്ങളും ജനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യാഥാർഥ്യം തിരിച്ചറിയാനുള്ള കഴിവ് ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വ്യക്തിപരമായ ആവശ്യങ്ങളും സ്ഥാനമോഹങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, അത്തരം വിഷയങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലേക്ക് വളരാൻ അനുവദിക്കരുത്. ബോർഡ്–കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജനം വൈകുന്നത് പുതിയ സംഭവമല്ലെന്നും മുൻകാലങ്ങളിലും യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ ഇത്തരം സ്ഥാനങ്ങളുടെ വീതംവെപ്പ് പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവന്നിട്ടുണ്ടെന്നും അൻവർ ചൂണ്ടിക്കാട്ടി. അതിനാൽ നിലവിലെ കാലതാമസത്തെ ഭരണസ്തംഭനമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അതേസമയം, യുഡിഎഫിൽ ബോർഡ്–കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെടിഡിസി) ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് പി.വി. അൻവർ നേരത്തേ കത്ത് നൽകിയിരുന്നു. വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലുമായി നാല് അംഗത്വങ്ങൾ കൂടി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർക്കാണ് അൻവർ ഔദ്യോഗികമായി കത്ത് നൽകിയത്. കെടിഡിസി ചെയർമാൻ പദവിക്കു പുറമേ, തനിക്കൊപ്പം നിലകൊള്ളുന്നവർക്കായി വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലുമായി മൂന്ന് അധ്യക്ഷ പദവികൾ കൂടി അനുവദിക്കണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾ മുന്നണിയുടെ നേതൃത്വത്തിനു മുന്നിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുമ്പോഴും സർക്കാരിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള പരസ്യ തർക്കങ്ങൾ ഒഴിവാക്കണമെന്ന നിലപാടാണ് അൻവർ സ്വീകരിച്ചിരിക്കുന്നത്. ബോർഡ്–കോർപ്പറേഷൻ സ്ഥാനങ്ങളെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതകൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും സർക്കാരിന് സുഗമമായ ഭരണനിർവഹണത്തിനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ കാതൽ.

Leave a Comment

More News