ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) സഞ്ചിത മൂല്യവർധിത നികുതി (വാറ്റ്) ക്രെഡിറ്റുകൾ കൈവശമുള്ള വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ആശ്വാസമായി പ്രത്യേക പരിവർത്തന വ്യവസ്ഥ. യോഗ്യതയുള്ള പഴയ വാറ്റ് ക്രെഡിറ്റുകൾ തിരിച്ചുപിടിക്കുന്നതിനും നിലവിലുള്ള നികുതി ബാധ്യതകൾ തീർപ്പാക്കുന്നതിനുമായി 2026 ഡിസംബർ 31 വരെ ബിസിനസുകൾക്ക് അവസരം ലഭിക്കും. വാറ്റ് ക്രെഡിറ്റുകളുടെ ഉപയോഗത്തിന് അഞ്ച് വർഷത്തെ സമയപരിധി ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പ്രത്യേക ഇളവ് പ്രാധാന്യമർഹിക്കുന്നത്.
പുതിയ വ്യവസ്ഥകൾ പ്രകാരം, യോഗ്യതയുള്ള വാറ്റ് ക്രെഡിറ്റ് ബാലൻസുകൾ കൈവശമുള്ള സ്ഥാപനങ്ങൾക്ക് ഡിസംബർ 31നകം റീഫണ്ടിന് അപേക്ഷിക്കുകയോ നിലവിലുള്ള നികുതി ബാധ്യതകൾ തീർക്കുന്നതിനായി പ്രസ്തുത തുക വിനിയോഗിക്കുകയോ ചെയ്യാം. 2026 അവസാനത്തോടെ പുതുതായി ഏർപ്പെടുത്തിയ അഞ്ച് വർഷത്തെ സമയപരിധി പൂർത്തിയാകുന്ന യോഗ്യമായ വാറ്റ് ക്രെഡിറ്റ് ബാലൻസുകൾക്കാണ് ഈ പ്രത്യേക ആശ്വാസം ബാധകമാകുന്നത്.
ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ഭേദഗതി വ്യവസ്ഥകൾ അനുസരിച്ച്, അധികമായി അടച്ചതോ തിരിച്ചുപിടിക്കാൻ അർഹതയുള്ളതോ ആയ വാറ്റ് ക്രെഡിറ്റുകൾ ബന്ധപ്പെട്ട നികുതി കാലയളവ് അവസാനിക്കുന്ന തീയതി മുതൽ സാധാരണയായി അഞ്ച് വർഷം വരെ മാത്രമേ തുടർന്നുള്ള കാലയളവുകളിലേക്ക് കൊണ്ടുപോകാൻ കഴിയൂ.
നിശ്ചിത സമയപരിധിക്കുള്ളിൽ ഈ ക്രെഡിറ്റുകൾ ഉപയോഗിക്കുകയോ റീഫണ്ടിന് അപേക്ഷിക്കുകയോ ചെയ്തില്ലെങ്കിൽ, പിന്നീട് തുക തിരിച്ചുപിടിക്കാനുള്ള അവകാശം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വർഷങ്ങളായി വാറ്റ് ക്രെഡിറ്റുകൾ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന കമ്പനികൾക്ക് പുതിയ വ്യവസ്ഥകൾ നിർണായകമാണ്.
പഴയ വാറ്റ് ക്രെഡിറ്റുകൾ കൈവശമുള്ള യോഗ്യരായ സ്ഥാപനങ്ങൾക്ക് പ്രധാനമായും രണ്ട് മാർഗങ്ങളാണ് ലഭ്യമാകുന്നത്. ഫെഡറൽ ടാക്സ് അതോറിറ്റിയിൽ (എഫ്ടിഎ) അപേക്ഷ സമർപ്പിച്ച് അർഹമായ തുക റീഫണ്ടായി കൈപ്പറ്റാം. അല്ലെങ്കിൽ നിലവിലുള്ള നികുതി കുടിശ്ശികകളും അഡ്മിനിസ്ട്രേറ്റീവ് പിഴകളും ഉൾപ്പെടെയുള്ള ബാധ്യതകൾ തീർപ്പാക്കുന്നതിനായി ഈ ക്രെഡിറ്റ് ബാലൻസ് ഉപയോഗിക്കാം.
റീഫണ്ട് ലഭിക്കുന്നത് സ്ഥാപനങ്ങളുടെ പണമൊഴുക്ക് മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന മൂലധനം വർധിപ്പിക്കുന്നതിനും സഹായകമാകും. അതേസമയം, നികുതി ബാധ്യതകൾ തീർക്കുന്നതിനായി ക്രെഡിറ്റ് വിനിയോഗിക്കുന്നത് കമ്പനികളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും ഉപകരിക്കും.
ഡിസംബർ 31 വരെയുള്ള പ്രത്യേക പരിവർത്തന കാലാവധി എല്ലാ വാറ്റ് ക്രെഡിറ്റ് ബാലൻസുകൾക്കും ബാധകമല്ലെന്നതും ശ്രദ്ധേയമാണ്. നിയമത്തിൽ നിർദേശിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന പഴയ ക്രെഡിറ്റുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
അതിനാൽ കമ്പനികൾ മുൻകാല വാറ്റ് റിട്ടേണുകൾ, അക്കൗണ്ടിങ് രേഖകൾ, നികുതി ഇൻവോയ്സുകൾ, സഞ്ചിത ക്രെഡിറ്റ് ബാലൻസുകൾ എന്നിവ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇൻപുട്ട് വാറ്റ് കിഴിവുകൾ ലഭിക്കുന്നതിനുള്ള അർഹതയും നേരത്തേ അവകാശപ്പെടാതെ പോയ നികുതി കിഴിവുകളും പുനഃപരിശോധിക്കണമെന്നും നിർദേശമുണ്ട്.
മുൻകാലങ്ങളിൽ അർഹതയുണ്ടായിട്ടും അവകാശപ്പെടാതെ പോയ ഇൻപുട്ട് വാറ്റ് കിഴിവുകൾ ബന്ധപ്പെട്ട നികുതി കാലയളവ് അവസാനിച്ച് അഞ്ച് വർഷത്തിനുള്ളിൽ സ്വമേധയാ വെളിപ്പെടുത്തൽ (വോളണ്ടറി ഡിസ്ക്ലോഷർ) നടപടിയിലൂടെ തിരുത്തേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ 2021ൽ അവസാനിച്ച ചില നികുതി കാലയളവുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇത്തരം കാലയളവുകളുമായി ബന്ധപ്പെട്ട നികുതി കിഴിവുകളും ക്രെഡിറ്റ് ബാലൻസുകളും സമയബന്ധിതമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാം.
ഡിസംബർ 31ലെ സമയപരിധി അടുത്തുവരുന്ന സാഹചര്യത്തിൽ കമ്പനികൾ നികുതി രേഖകളുടെ പരിശോധനയും റീഫണ്ട് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നടപടികളും എത്രയും വേഗം ആരംഭിക്കുന്നത് ഉചിതമാണ്. ആവശ്യമായ അനുബന്ധ രേഖകൾ ശേഖരിക്കുന്നതിനും അക്കൗണ്ടുകളിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനും മതിയായ സമയം കണ്ടെത്തേണ്ടതുണ്ട്.
പുതിയ വാറ്റ് വ്യവസ്ഥകൾ യുഎഇയിലെ സ്ഥാപനങ്ങളുടെ നികുതി ആസൂത്രണത്തിലും സാമ്പത്തിക മാനേജ്മെന്റിലും കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നതാണ്. അർഹമായ നികുതി ക്രെഡിറ്റുകൾ സമയബന്ധിതമായി പ്രയോജനപ്പെടുത്തുന്നതിലൂടെ അനാവശ്യ സാമ്പത്തിക നഷ്ടം ഒഴിവാക്കാനും സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സാധിക്കും.
