ദുബായ്: ആഗോള ഇസ്ലാമിക് ബാങ്കിംഗ് മേഖലയിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി ദുബായ് ഇസ്ലാമിക് ബാങ്കും (ഡിഐബി) എമിറേറ്റ്സ് എൻബിഡിയും സുപ്രധാന ഓഹരി ഏറ്റെടുക്കൽ കരാറിൽ ഒപ്പുവച്ചു. കരാർ പ്രകാരം എമിറേറ്റ്സ് എൻബിഡിയുടെ അനുബന്ധ സ്ഥാപനമായ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിന്റെ മുഴുവൻ ഓഹരികളും ദുബായ് ഇസ്ലാമിക് ബാങ്ക് ഏറ്റെടുക്കും. യുഎഇയുടെ ബാങ്കിംഗ് മേഖലയുടെ വളർച്ചയ്ക്കും ആഗോള ഇസ്ലാമിക് ധനകാര്യ രംഗത്ത് ദുബായിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ ഇടപാട് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
പണത്തിന് പകരം ഓഹരികൾ കൈമാറുന്ന രീതിയിലാണ് ഏറ്റെടുക്കൽ നടപ്പാക്കുന്നത്. ഇടപാടിന്റെ ഭാഗമായി ദുബായ് ഇസ്ലാമിക് ബാങ്ക് പുതിയ സാധാരണ ഓഹരികൾ പുറത്തിറക്കി എമിറേറ്റ്സ് എൻബിഡിക്ക് നൽകും. ഇരു ബാങ്കുകളുടെയും ഡയറക്ടർ ബോർഡുകൾ ഇടപാടിന് അംഗീകാരം നൽകിയിട്ടുണ്ട്. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ എമിറേറ്റ്സ് എൻബിഡി ദുബായ് ഇസ്ലാമിക് ബാങ്കിലെ സുപ്രധാന തന്ത്രപരമായ ഓഹരി ഉടമയായി മാറും.
2026 സെപ്റ്റംബർ 30 വരെയുള്ള സാമ്പത്തിക കണക്കുകൾ പ്രകാരം, ഏറ്റെടുക്കലിനുശേഷം സംയോജിത ബാങ്കിംഗ് ഗ്രൂപ്പിന്റെ മൊത്തം ആസ്തി ഏകദേശം 585 ബില്യൺ ദിർഹമായി (58,500 കോടി ദിർഹം) ഉയരും. ഇതോടെ യുഎഇയിലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കിംഗ് ഗ്രൂപ്പായും ലോകത്തിലെ രണ്ടാമത്തെ വലിയ ഇസ്ലാമിക് ബാങ്കിംഗ് ഗ്രൂപ്പായും സ്ഥാപനം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോർപ്പറേറ്റ്, റീട്ടെയിൽ ബാങ്കിംഗ് മേഖലകളിൽ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിനൊപ്പം വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ നൽകാൻ ശേഷിയുള്ള ബാങ്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുകയാണ് ഏറ്റെടുക്കലിന്റെ പ്രധാന ലക്ഷ്യം. കോർപ്പറേറ്റ് ബാങ്കിംഗ്, വൻകിട പദ്ധതികൾക്കുള്ള ധനസഹായം തുടങ്ങിയ മേഖലകളിൽ ദുബായ് ഇസ്ലാമിക് ബാങ്കിനുള്ള കരുത്തും റീട്ടെയിൽ ബാങ്കിംഗ്, നിക്ഷേപ സമാഹരണം, ഉപഭോക്തൃ സേവനം തുടങ്ങിയ മേഖലകളിൽ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിനുള്ള വൈദഗ്ധ്യവും സംയോജിപ്പിക്കുന്നതിലൂടെ വിപണിയിലെ മത്സരക്ഷമത വർധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ.
ബാങ്കിംഗ് സേവനങ്ങളുടെ ആധുനികവത്കരണം, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വികസനം, ഉപഭോക്തൃ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ എന്നിവയ്ക്കായി കൂടുതൽ നിക്ഷേപം നടത്താൻ ഏറ്റെടുക്കൽ സഹായകമാകുമെന്ന് ബാങ്കുകൾ വ്യക്തമാക്കി. വ്യക്തിഗത ബാങ്കിംഗ് സേവനങ്ങൾ മുതൽ വൻകിട കോർപ്പറേറ്റ് ധനസഹായം വരെയുള്ള വിവിധ മേഖലകളിൽ കൂടുതൽ വിപുലമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ സാമ്പത്തിക ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനും സംയോജനം അവസരമൊരുക്കും.
ദുബായിയുടെയും യുഎഇയുടെയും സാമ്പത്തിക വികസനത്തിന് നിർണായകമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും വിവിധ വ്യവസായ സംരംഭങ്ങൾക്കും ധനസഹായം നൽകാനുള്ള ശേഷിയും ഇതിലൂടെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരീഅത്ത് തത്ത്വങ്ങൾക്ക് അനുസൃതമായ ബാങ്കിംഗ് സേവനങ്ങളുടെ വ്യാപനത്തിനും ഈ നീക്കം കരുത്തുപകരും.
ദുബായ് ഇസ്ലാമിക് ബാങ്കിനെ സംബന്ധിച്ചിടത്തോളം വിപുലമായ ഉപഭോക്തൃ അടിത്തറ, വൈവിധ്യമാർന്ന സാമ്പത്തിക ഉൽപ്പന്നങ്ങൾ, ശക്തമായ നിക്ഷേപ സമാഹരണ സംവിധാനം എന്നിവ ഭാവിയിലെ വളർച്ചയ്ക്ക് കൂടുതൽ വേഗം നൽകും. എമിറേറ്റ്സ് എൻബിഡിയുടെ ഓഹരി ഉടമകൾക്ക് സംയോജിത ബാങ്കിംഗ് ഗ്രൂപ്പിന്റെ ഭാവി വളർച്ചയിലും സാമ്പത്തിക മൂല്യവർധനയിലും പങ്കാളികളാകാനുള്ള അവസരവും ലഭിക്കും.
ഇരു ബാങ്കുകളുടെയും ശാഖാ ശൃംഖലകൾ, സാങ്കേതിക സംവിധാനങ്ങൾ, ഭരണപരമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കാര്യക്ഷമമായി സംയോജിപ്പിക്കുന്നതിലൂടെ പ്രവർത്തനച്ചെലവ് നിയന്ത്രിക്കാനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ ബാങ്കിംഗ് ഉൽപ്പന്നങ്ങളും അനുബന്ധ സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള അവസരങ്ങളും ഇതിലൂടെ വിപുലമാകും. എന്നാൽ, ഈ നേട്ടങ്ങൾ വിജയകരമായ പ്രവർത്തന സംയോജനത്തിലൂടെ ഘട്ടംഘട്ടമായായിരിക്കും സാക്ഷാത്കരിക്കപ്പെടുക.
ദുബായിയെ ആഗോള ഇസ്ലാമിക് ധനകാര്യ രംഗത്തെ പ്രമുഖ കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന അവസരമാണ് ഈ ഇടപാടെന്ന് എമിറേറ്റ്സ് എൻബിഡി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം അഭിപ്രായപ്പെട്ടു. വിപുലമായ സാമ്പത്തിക ശേഷിയും വളർച്ചാ സാധ്യതകളുമുള്ള മുൻനിര ഇസ്ലാമിക് ബാങ്കിംഗ് ഗ്രൂപ്പിന്റെ രൂപീകരണം ദുബായിയുടെ സാമ്പത്തിക അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇരു ബാങ്കുകളുടെയും ഡയറക്ടർ ബോർഡുകൾ അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഏറ്റെടുക്കൽ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. ബന്ധപ്പെട്ട സാമ്പത്തിക നിയന്ത്രണ അതോറിറ്റികളുടെയും ഓഹരി ഉടമകളുടെയും ആവശ്യമായ അംഗീകാരങ്ങൾ ലഭിക്കുന്നതിനും മറ്റ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും വിധേയമായിരിക്കും അന്തിമ ഓഹരി കൈമാറ്റം. എല്ലാ അനുമതികളും ലഭിക്കുന്നതോടെ യുഎഇയുടെ ഇസ്ലാമിക് ബാങ്കിംഗ് ചരിത്രത്തിലെ സുപ്രധാന കോർപ്പറേറ്റ് ഏറ്റെടുക്കലുകളിലൊന്നായി ഈ ഇടപാട് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
