വാഷിംഗ്ടൺ: പ്രപഞ്ചത്തിലെ അത്യപൂർവമായ ഒരു നക്ഷത്രലയനത്തിന് സാക്ഷ്യം വഹിച്ച് ജ്യോതിശാസ്ത്രലോകം. ഭൂമിയിൽ നിന്ന് ഏകദേശം 25 ലക്ഷം പ്രകാശവർഷം അകലെയുള്ള അയൽ ഗാലക്സിയായ ആൻഡ്രോമിഡയുടെ പ്രാന്തപ്രദേശത്ത് ഒരു ഭീമൻ നക്ഷത്രം അതിന്റെ സഹനക്ഷത്രത്തെ വിഴുങ്ങിയ സംഭവമാണ് ഗവേഷകർ നിരീക്ഷിച്ചത്. നക്ഷത്രങ്ങളുടെ പരിണാമത്തെക്കുറിച്ചും ദ്വിനക്ഷത്ര സംവിധാനങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്ന സുപ്രധാന കണ്ടെത്തലാണിത്.
‘ബാവോ’ (Bao) എന്ന് ഗവേഷകർ വിശേഷിപ്പിക്കുന്ന ഈ നക്ഷത്രലയനത്തിന്റെ ഔദ്യോഗിക തിരിച്ചറിയൽ നാമം AT 2025abao എന്നാണ്. സൂര്യന്റെ ഏഴു മടങ്ങ് പിണ്ഡവും 350 മടങ്ങ് വ്യാസവും 18,000 മടങ്ങ് പ്രകാശതീവ്രതയുമുള്ള ഒരു ചുവന്ന അതിഭീമൻ നക്ഷത്രമാണ് (Red Supergiant) തന്റെ ചെറിയ സഹനക്ഷത്രത്തെ വിഴുങ്ങിയത്. സൂര്യന്റെ ഏകദേശം 70 ശതമാനം പിണ്ഡമുള്ള സഹനക്ഷത്രം ഭീമൻ നക്ഷത്രത്തിന്റെ വാതകാവരണത്തിലേക്ക് പ്രവേശിക്കുകയും ക്രമേണ അതിന്റെ കേന്ദ്രഭാഗത്തേക്ക് പതിക്കുകയും ചെയ്തതായാണ് ഗവേഷകരുടെ നിഗമനം.
സ്ഫോടനത്തിന്റെ പ്രകാശതീവ്രത ഉച്ചസ്ഥായിയിലെത്തി 47 ദിവസത്തിനുശേഷം നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) സംഭവത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിച്ചു. ഒരു നക്ഷത്രലയനത്തെ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ വിശദമായ തുടർനിരീക്ഷണത്തിന് വിധേയമാക്കാൻ കഴിഞ്ഞത് ഗവേഷണരംഗത്തെ ശ്രദ്ധേയമായ നേട്ടമാണ്.
ഇത്തരത്തിലുള്ള നക്ഷത്രലയന പ്രക്രിയകൾ പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ സൈദ്ധാന്തികമായി പ്രവചിക്കപ്പെട്ടിരുന്നെങ്കിലും അവയുടെ വിവിധ ഘട്ടങ്ങൾ ഇത്രയും വിശദമായി നിരീക്ഷിക്കാൻ കഴിയുന്നത് അപൂർവമാണ്. അതീവ സംവേദനക്ഷമതയുള്ള ദൂരദർശിനികൾ ഉപയോഗിച്ച് ദീർഘകാലം നിരീക്ഷണം നടത്തിയാൽ മാത്രമേ ഇത്തരം പ്രതിഭാസങ്ങളുടെ പ്രാരംഭ സൂചനകൾ കണ്ടെത്താൻ സാധിക്കുകയുള്ളൂ.
2023 ഫെബ്രുവരിയിലാണ് വിവിധ ദൂരദർശിനികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ നക്ഷത്രത്തിന്റെ പ്രകാശതീവ്രതയിലുണ്ടായ അസാധാരണ വ്യതിയാനങ്ങൾ ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്.
മുൻകാല ജ്യോതിശാസ്ത്ര നിരീക്ഷണരേഖകൾ പരിശോധിച്ചപ്പോൾ 2018 വരെ നക്ഷത്രത്തിന്റെ പ്രകാശതീവ്രത ഏറെക്കുറെ സ്ഥിരമായിരുന്നുവെന്ന് കണ്ടെത്തി. എന്നാൽ, അതിനുശേഷം നക്ഷത്രത്തിന്റെ തെളിച്ചം ക്രമേണ വർധിക്കാൻ തുടങ്ങി. 2024 സെപ്റ്റംബറോടെ പ്രകാശതീവ്രത വർധിക്കുന്നതിനൊപ്പം നക്ഷത്രത്തിൽനിന്ന് വലിയ അളവിൽ പൊടിപടലങ്ങൾ പുറന്തള്ളപ്പെടുന്നതിന്റെ സൂചനകളും ലഭിച്ചു.
ഒടുവിൽ, 2025 ഒക്ടോബർ 17-ന് ജ്യോതിശാസ്ത്ര നിരീക്ഷണ സംവിധാനങ്ങൾ ശക്തമായ പ്രകാശസ്ഫോടനവും താപനിലയിലുണ്ടായ പെട്ടെന്നുള്ള വർധനവും രേഖപ്പെടുത്തി. ജെയിംസ് വെബ് ദൂരദർശിനിയിൽനിന്ന് ലഭിച്ച മധ്യ ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിലുള്ള വിവരങ്ങളും കമ്പ്യൂട്ടർ സിമുലേഷനുകളും സംയോജിപ്പിച്ചാണ് ഗവേഷകർ നക്ഷത്രലയനത്തിന്റെ വിവിധ ഘട്ടങ്ങൾ പുനർനിർമിച്ചത്. സ്ഫോടനത്തിനുമുമ്പ് ആയിരക്കണക്കിന് വർഷങ്ങളായി രണ്ടു നക്ഷത്രങ്ങളും പരസ്പരം പരിക്രമണം ചെയ്തിരുന്നതായാണ് ഗവേഷകരുടെ വിലയിരുത്തൽ.
‘ബിഗ് ബാവോ’ (Big Bao) എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രാഥമിക നക്ഷത്രത്തിന് സൂര്യന്റെ ഏഴു മടങ്ങ് പിണ്ഡവും 350 മടങ്ങ് വ്യാസവും 18,000 മടങ്ങ് പ്രകാശതീവ്രതയുമുണ്ടായിരുന്നു. ‘ലിറ്റിൽ ബാവോ’ (Little Bao) എന്നറിയപ്പെടുന്ന ചെറിയ സഹനക്ഷത്രത്തിന് സൂര്യന്റെ ഏകദേശം 70 ശതമാനം പിണ്ഡവും 30 ശതമാനത്തോളം പ്രകാശതീവ്രതയുമുണ്ടായിരുന്നതായി കമ്പ്യൂട്ടർ മാതൃകകളുടെ അടിസ്ഥാനത്തിൽ ഗവേഷകർ കണക്കാക്കുന്നു.
നക്ഷത്രപരിണാമത്തിന്റെ ഭാഗമായി ബിഗ് ബാവോയുടെ പുറംപാളികൾ വികസിച്ചതോടെ ലിറ്റിൽ ബാവോ അതിന്റെ വാതകാവരണവുമായി സമ്പർക്കത്തിലായി. തുടർന്ന് ചെറിയ നക്ഷത്രം ഭീമൻ നക്ഷത്രത്തിന്റെ പുറംപാളികൾക്കുള്ളിലൂടെ പരിക്രമണം ചെയ്യാൻ തുടങ്ങി.
ഈ പ്രക്രിയയിൽ ഭീമൻ നക്ഷത്രത്തിന്റെ വാതകാവരണത്തിലെ ഒരു ഭാഗം ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെട്ടു. വാതകവും പൊടിപടലങ്ങളും വ്യാപിക്കുകയും പരിക്രമണ ഊർജത്തിന്റെ ഒരു ഭാഗം താപമായി മാറുകയും ചെയ്തതോടെ നക്ഷത്രസംവിധാനത്തിന്റെ പ്രകാശത്തിൽ ഗണ്യമായ മാറ്റങ്ങളുണ്ടായി. ജ്യോതിശാസ്ത്രത്തിൽ ഈ പ്രതിഭാസം ‘പൊതു ആവരണ പരിണാമം’ (Common Envelope Evolution) എന്നാണ് അറിയപ്പെടുന്നത്. ദ്വിനക്ഷത്ര സംവിധാനങ്ങളുടെ പരിണാമത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന സങ്കീർണമായ പ്രക്രിയയാണിത്.
ഭീമൻ നക്ഷത്രത്തിന്റെ വാതകാവരണത്തിനുള്ളിലൂടെ സഞ്ചരിച്ച ചെറിയ നക്ഷത്രത്തിന് വാതകത്തിന്റെ പ്രതിരോധംമൂലം പരിക്രമണ ഊർജവും കോണീയ സംവേഗവും നഷ്ടപ്പെടാൻ തുടങ്ങി. ഇതോടെ അതിന്റെ പരിക്രമണപഥം ക്രമേണ ചുരുങ്ങുകയും ഭീമൻ നക്ഷത്രത്തിന്റെ കേന്ദ്രഭാഗത്തേക്ക് സർപ്പിളാകൃതിയിൽ നീങ്ങുകയും ചെയ്തു.
ചില ദ്വിനക്ഷത്ര സംവിധാനങ്ങളിൽ ആയിരക്കണക്കിന് പരിക്രമണങ്ങളിലൂടെ സംഭവിക്കാവുന്ന ലയനപ്രക്രിയ ഇവിടെ വെറും ഏഴു പരിക്രമണങ്ങൾക്കുള്ളിൽ പൂർത്തിയായെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അതായത്, ഭീമൻ നക്ഷത്രത്തിന്റെ വാതകാവരണവുമായി സമ്പർക്കത്തിലേർപ്പെട്ട് ഏകദേശം ഏഴു വർഷത്തിനുള്ളിൽ ചെറിയ നക്ഷത്രം അതിൽ ലയിച്ചു.
ഒടുവിൽ ലിറ്റിൽ ബാവോ ഭീമൻ നക്ഷത്രത്തിന്റെ കേന്ദ്രഭാഗത്തേക്ക് പതിച്ചതോടെ അതിശക്തമായ ഊർജവിമോചനമുണ്ടായി. ഒരു നക്ഷത്രത്തിന്റെ ആന്തരികഭാഗത്തുണ്ടായ സ്ഫോടനത്തിന് സമാനമായ പ്രതിഭാസമായിരുന്നു ഇത്. സ്ഫോടനത്തിന്റെ ഫലമായി സൂര്യന്റെ പിണ്ഡത്തിന്റെ 10 മുതൽ 20 ശതമാനം വരെ വരുന്ന നക്ഷത്രദ്രവ്യം ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെട്ടതായും ഗവേഷകർ കണക്കാക്കുന്നു.
ദ്വിനക്ഷത്ര സംവിധാനങ്ങളിൽ പൊതു ആവരണ പരിണാമം എത്ര വേഗത്തിൽ സംഭവിക്കുമെന്നും അതിന്റെ ഫലമായി എത്രത്തോളം ഊർജവും നക്ഷത്രദ്രവ്യവും പുറത്തുവിടപ്പെടുമെന്നും മനസ്സിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
തമോഗർത്തങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ, ഗുരുത്വതരംഗങ്ങൾ എന്നിവയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും പൊതു ആവരണ പരിണാമത്തെക്കുറിച്ചുള്ള അറിവിന് വലിയ പ്രാധാന്യമുണ്ട്. ഇതുവരെ പ്രധാനമായും സൈദ്ധാന്തിക മാതൃകകളെയും കമ്പ്യൂട്ടർ സിമുലേഷനുകളെയും ആശ്രയിച്ച് വിശദീകരിച്ചിരുന്ന നക്ഷത്രലയന പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ നിരീക്ഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠിക്കാൻ കഴിഞ്ഞത് ആധുനിക ജ്യോതിശാസ്ത്രത്തിലെ സുപ്രധാന മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
