മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈത്താങ്ങുമായി എം.എ. യൂസഫലിയും ജോയ് ആലുക്കാസും; ചികിത്സയ്ക്കായി മൂന്ന് കോടി രൂപ നൽകും

കോഴിക്കോട്: അപൂർവ രോഗബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ഒരു നാടൊന്നാകെ കൈകോർക്കുമ്പോൾ,  വലിയ സഹായ ഹസ്തവുമായി പ്രമുഖ വ്യവസായികളായ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ജോയ് ആലുക്കാസും രംഗത്ത്.  കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് ലുലു ഗ്രൂപ്പ് രണ്ട് കോടി രൂപയും ജോയ് ആലുക്കാസ് ഒരു കോടി രൂപയും നൽകും. ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് കുടുംബത്തിനും ചികിത്സാ സഹായക്കമ്മിറ്റിക്കും ആശ്വാസമേകുന്ന പ്രഖ്യാപനം.

50 കോടി രൂപയെന്ന വലിയ ലക്ഷ്യത്തിലേക്ക് രാപ്പകലില്ലാതെ പരിശ്രമിക്കുന്ന ചികിത്സാ സഹായക്കമ്മിറ്റിക്ക് ഇരുവരുടെയും സാമ്പത്തിക സഹായം വലിയ പ്രതീക്ഷയാണ് നൽകുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്ന എം.എ. യൂസഫലിയുടെയും ജോയ് ആലുക്കാസിന്റെയും ഇടപെടൽ ധനസമാഹരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരും. ശനിയാഴ്ച കുട്ടികളുടെ വീട്ടിലെത്തി ലുലു ഗ്രൂപ്പിന്റെ സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ച് കൈമാറുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ് അറിയിച്ചു.

കോഴിക്കോട് കല്ലുരുട്ടി പൂവത്തിരിച്ചാൽ സ്വദേശികളായ അരുൺ–ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നീ മൂന്ന് കുട്ടികളുടെ ചികിത്സയ്ക്കായാണ് ധനസമാഹരണം നടത്തുന്നത്. ഒറ്റ പ്രസവത്തിൽ ജനിച്ച മൂവർക്കും ഒന്നേമുക്കാൽ വയസ്സ് മാത്രമാണ് പ്രായം.

ഒരു കുട്ടിയുടെ ചികിത്സയ്ക്കായി ഏകദേശം 16.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്ന് കുട്ടികളുടെയും ചികിത്സയ്ക്കായി ആകെ 50 കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. കുടുംബത്തിന് ഒറ്റയ്ക്ക് താങ്ങാനാവാത്ത ഈ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് നാടൊന്നാകെ രംഗത്തിറങ്ങിയിരിക്കുകയാണ്.

ചികിത്സാ സഹായക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ധനസമാഹരണത്തിലൂടെ ഇതുവരെ 33.05 കോടി രൂപയാണ് കണ്ടെത്തിയത്. വിവിധ മേഖലകളിൽ നിന്നുള്ള സുമനസ്സുകളുടെ സഹകരണത്തോടെയാണ് ഇത്രയും വലിയ തുക സമാഹരിക്കാനായത്.

യൂസഫലിയുടെയും ജോയ് ആലുക്കാസിന്റെയും പ്രഖ്യാപിത സഹായമായ മൂന്ന് കോടി രൂപ കൂടി ലഭിക്കുന്നതോടെ ചികിത്സാ സഹായനിധി 36.05 കോടി രൂപയിലെത്തും. ലക്ഷ്യത്തിലെത്താൻ ഇനിയും 13.95 കോടി രൂപ കണ്ടെത്തേണ്ടിവരും.

ഡിസംബർ മൂന്നിനകം കുട്ടികളുടെ ചികിത്സയ്ക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കേണ്ടതിനാൽ ശേഷിക്കുന്ന തുക എത്രയും വേഗം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ചികിത്സാ സഹായക്കമ്മിറ്റി. സമയപരിധി അടുത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ വ്യക്തികളും സ്ഥാപനങ്ങളും സഹായവുമായി രംഗത്തെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.

മൂന്ന് കുരുന്നുകൾക്കും ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ജനകീയ ധനസമാഹരണ യജ്ഞം മുന്നോട്ടുപോകുന്നത്. ചെറുതും വലുതുമായ ഓരോ സംഭാവനയും ഈ കുടുംബത്തിന് വിലപ്പെട്ടതാണ്.

സംഭാവന നൽകുന്നതിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • അക്കൗണ്ട് ഉടമയുടെ പേര്: അരുൺ പി.ഡി.

  • അക്കൗണ്ട് നമ്പർ: 21360100162505

  • ബാങ്ക്: ഫെഡറൽ ബാങ്ക്, ഓമശ്ശേരി ശാഖ

  • ഐ.എഫ്.എസ്.സി. കോഡ്: FDRL0002136

Leave a Comment

More News