ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹർജി. കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ തമിഴ്നാട് മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ ഏതെങ്കിലും അംഗങ്ങളോ നിർദേശം നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
തിരുപ്പരൻകുണ്ഡ്രം കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി തേടി നേരത്തേ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരിൽ ഒരാളായ രാമ രവികുമാറാണ് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.
നവംബർ 20ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് മനഃപൂർവം ലംഘിച്ചുവെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥരും ക്ഷേത്ര ഭരണസമിതി അംഗങ്ങളും ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
കോടതി ഉത്തരവ് നടപ്പാക്കുന്നതിലുണ്ടായ വീഴ്ച മാത്രമല്ല, ഉത്തരവ് മനഃപൂർവം അവഗണിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഉത്തരവ് നടപ്പാക്കാതിരിക്കാൻ കാരണമായ സർക്കാർതല തീരുമാനങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കാൻ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നിർദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
തീരുമാനമെടുക്കൽ പ്രക്രിയയിൽ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പങ്കുണ്ടെങ്കിൽ അതുസംബന്ധിച്ച വിവരങ്ങളും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകളിലെ കുറിപ്പുകൾ, യോഗങ്ങളുടെ നടപടിക്കുറിപ്പുകൾ, രഹസ്യാന്വേഷണ റിപ്പോർട്ടുകൾ, രാഷ്ട്രീയ ഭരണനേതൃത്വവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ഇലക്ട്രോണിക് ആശയവിനിമയങ്ങൾ എന്നിവ സംരക്ഷിക്കാനും കോടതിയിൽ ഹാജരാക്കാനും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി ഉത്തരവ് ലംഘിച്ചതിന്റെ ഉത്തരവാദിത്തം അത് നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും ഉത്തരവ് പാലിക്കാതിരിക്കാനുള്ള നിർദേശം ഏതുതലത്തിൽ നിന്നാണ് ഉണ്ടായതെന്ന് കണ്ടെത്തണമെന്നും ഹർജിക്കാരൻ വാദിച്ചു.
1994ലെ ‘മുഹമ്മദ് അസ്ലം എന്ന ഭുരെ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ കേസിലെ സുപ്രീം കോടതി വിധിയും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യക്തിപരമായ ഉത്തരവാദിത്തം തെളിയിക്കപ്പെട്ടാൽ മുഖ്യമന്ത്രിക്കെതിരെയും കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാനാകുമെന്നാണ് ഹർജിക്കാരന്റെ വാദം.
നവംബർ 20ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച്, നവംബർ 24ലെ കാർത്തിക ദീപോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഭരണകൂടം അധികാരപ്പെടുത്തിയ പരിമിതമായ അംഗസംഘം മുഖേന ദീപം തെളിയിക്കാൻ അനുമതി നൽകിയിരുന്നു.
എന്നാൽ, മധുര ജില്ലാ കളക്ടറും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനും മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾക്കു വിരുദ്ധമായി ഉത്സവദിനത്തിൽ ദീപത്തൂണിൽ വിളക്ക് തെളിയിച്ചില്ലെന്നാണ് ഹർജിയിലെ ആരോപണം.
ദീപത്തൂണിനു പകരം പതിവായി ദീപം തെളിയിക്കുന്ന സ്ഥലത്തുതന്നെ വിളക്ക് കൊളുത്താൻ ക്ഷേത്ര ട്രസ്റ്റി ബോർഡ് ഏകകണ്ഠമായി തീരുമാനിച്ചതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. മതപരമായ ആചാരങ്ങൾ, ആഗമശാസ്ത്ര വ്യവസ്ഥകൾ, മതവിദഗ്ധരുടെയും പ്രാദേശിക പണ്ഡിതരുടെയും അഭിപ്രായങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ക്ഷേത്ര ഭരണസമിതി തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ചതെന്ന് ഹർജിയിൽ പറയുന്നു.
അതേസമയം, സുപ്രീം കോടതി ഉത്തരവിനുശേഷം ദീപത്തൂണിൽ വിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾ അഭിപ്രായമൊന്നും നൽകിയിട്ടില്ലെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രാദേശിക പണ്ഡിതർ വ്യക്തമാക്കിയതായും ഹർജിക്കാരൻ അവകാശപ്പെട്ടു. ക്ഷേത്ര ട്രസ്റ്റി ബോർഡിന് ഒരു പ്രമേയത്തിലൂടെ സുപ്രീം കോടതി ഉത്തരവിനെ മറികടക്കാനാവില്ലെന്നും അത്തരമൊരു നടപടി ജുഡീഷ്യറിയുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നതാണെന്നും ഹർജിയിൽ വാദിക്കുന്നു.
തമിഴ്നാട് ഹിന്ദുമത ധർമ്മസ്ഥാപന വകുപ്പ് (എച്ച്ആർ ആൻഡ് സിഇ) കമ്മീഷണർ ടി.ജി. വിനയ്, മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണ, പൊലീസ് കമ്മീഷണർ എസ്. രാജേന്ദ്രൻ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഇനിഗോ വിജയൻ, വകുപ്പ് ജോയിന്റ് കമ്മീഷണർ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ, അഞ്ച് ക്ഷേത്ര ട്രസ്റ്റികൾ എന്നിവർക്കെതിരെയാണ് കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതി ഉത്തരവ് പാലിക്കാതിരിക്കാൻ അനുമതി നൽകിയവർക്കും നിർദേശം നൽകിയവർക്കും മനഃപൂർവം പ്രേരിപ്പിച്ചവർക്കുമെതിരെ സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
ഉത്തരവാദികളായവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനൊപ്പം തിരുപ്പരൻകുണ്ഡ്രം കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നതിന് ഏഴ് ദിവസത്തിനകം പുതിയ തീയതി നിശ്ചയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിനായി ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം സുപ്രീം കോടതിക്കുള്ള പ്രത്യേക അധികാരം വിനിയോഗിക്കണമെന്നാണ് രാമ രവികുമാറിന്റെ അഭ്യർത്ഥന.
നിയമപരമായ നടപടികളിലൂടെ നേടിയെടുക്കാൻ കഴിയാത്തത് കോടതി ഉത്തരവുകൾ ധിക്കരിക്കുന്നതിലൂടെ നേടിയെടുക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കരുതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ പി. വള്ളിയപ്പൻ തയ്യാറാക്കിയ കോടതിയലക്ഷ്യ ഹർജി അഭിഭാഷകൻ ജി. ബാലാജി മുഖേനയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
