വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്ന കുട്ടികളുടെ ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് വീണ്ടും നിയമപരമായ തിരിച്ചടി. ജന്മാവകാശ പൗരത്വത്തിന് അർഹരായവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നത് മറ്റൊരു ഫെഡറൽ കോടതി കൂടി തടഞ്ഞു. പൗരത്വ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപിന്റെ ആദ്യ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചതിനെത്തുടർന്ന് ഓഗസ്റ്റിൽ പുറപ്പെടുവിച്ച പുതിയ ഉത്തരവിനെതിരെയാണ് കോടതി നടപടി.
പുതിയ എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഫലമായി പൗരത്വം നിഷേധിക്കപ്പെടാൻ സാധ്യതയുള്ള കുട്ടികൾക്കുവേണ്ടി സമർപ്പിച്ച കൂട്ട ഹർജിയിലാണ് വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ജില്ലാ കോടതി ജഡ്ജി ക്രിസ്റ്റഫർ കൂപ്പർ പ്രാഥമിക വിലക്കുത്തരവ് പുറപ്പെടുവിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ നിയന്ത്രണ നയങ്ങളിലെ സുപ്രധാന നീക്കങ്ങളിലൊന്നിനാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്. സെപ്റ്റംബറിൽ മെരിലാൻഡിലെ മറ്റൊരു ഫെഡറൽ ജഡ്ജിയും ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞിരുന്നു. പുതിയ പൗരത്വ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരണമെങ്കിൽ ഭരണകൂടത്തിന് ഇരു കോടതി ഉത്തരവുകളും മറികടക്കേണ്ടിവരും.
കേസിലെ നിയമപരമായ വസ്തുതകൾ വ്യക്തമാണെന്ന് ജഡ്ജി ക്രിസ്റ്റഫർ കൂപ്പർ ചൂണ്ടിക്കാട്ടി. അമേരിക്കൻ നിയമങ്ങളുടെ അധികാര പരിധിയിൽ വരാത്ത വളരെ പരിമിതമായ വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾ ഒഴികെ, രാജ്യത്ത് ജനിക്കുന്ന എല്ലാ കുട്ടികൾക്കും അമേരിക്കൻ പൗരത്വത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി രണ്ടു തവണ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്മാവകാശ പൗരത്വം രാജ്യത്തെ നിലവിലുള്ള നിയമത്തിന്റെ ഭാഗമാണെന്ന യാഥാർഥ്യം ട്രംപ് അംഗീകരിക്കണമെന്ന് ഹർജിക്കാരെ പ്രതിനിധീകരിക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (എസിഎൽയു) അഭിഭാഷക കോഡി വോഫ്സി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 1898-ലും ഈ വർഷം ആദ്യവും ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ സുപ്രീം കോടതി നിരസിച്ചിട്ടുണ്ടെന്നും മൂന്നാമത്തെ ശ്രമവും വിജയിക്കില്ലെന്നും വോഫ്സി അഭിപ്രായപ്പെട്ടു.
അതേസമയം, ഫെഡറൽ കോടതിയുടെ വിധിക്കെതിരെ വൈറ്റ് ഹൗസ് രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. മുൻ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ച ജഡ്ജി ട്രംപിന്റെ നയപരിപാടികളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ലോറൻ ബിസ് ആരോപിച്ചു.പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് സുപ്രീം കോടതിയുടെ മുൻവിധികളോടും നിയമപരമായ വ്യാഖ്യാനങ്ങളോടും യോജിക്കുന്നതാണെന്നും വൈറ്റ് ഹൗസ് അവകാശപ്പെട്ടു.
അമേരിക്കൻ പൗരന്മാരോ നിയമാനുസൃത സ്ഥിരതാമസക്കാരോ (ഗ്രീൻ കാർഡ് ഉടമകൾ) അല്ലാത്ത മാതാപിതാക്കളുടെ കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കുന്നതിനായി 2025-ലാണ് ട്രംപ് ആദ്യമായി എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ നീക്കം ജൂണിൽ സുപ്രീം കോടതി നിരസിച്ചതിനെത്തുടർന്നാണ് പുതിയ ഉത്തരവുമായി ട്രംപ് രംഗത്തെത്തിയത്.
അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥ പ്രകാരം, അമേരിക്കയിൽ ജനിക്കുകയും രാജ്യത്തിന്റെ നിയമപരമായ അധികാരപരിധിക്ക് വിധേയരായിരിക്കുകയും ചെയ്യുന്നവർക്ക് സ്വാഭാവികമായി അമേരിക്കൻ പൗരത്വം ലഭിക്കും. ട്രംപിന്റെ ആദ്യ എക്സിക്യൂട്ടീവ് ഉത്തരവ് ഈ ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തൽ.
സുപ്രീം കോടതി വിധിക്കു പിന്നാലെ ‘ബർത്ത് ടൂറിസം’ അഥവാ പ്രസവത്തിനായുള്ള വിദേശയാത്രകൾ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കുമെന്ന വ്യവസ്ഥ പ്രയോജനപ്പെടുത്തുന്നതിനായി വിദേശ വനിതകൾ പ്രസവത്തിനായി അമേരിക്കയിലെത്തുന്ന രീതിയാണ് ബർത്ത് ടൂറിസം എന്നറിയപ്പെടുന്നത്.
വിദേശ സർക്കാരുകൾക്കോ അന്താരാഷ്ട്ര സംഘടനകൾക്കോ വേണ്ടി പ്രവർത്തിക്കുന്നവരും എന്നാൽ നയതന്ത്ര പരിരക്ഷയില്ലാത്തവരുമായ മാതാപിതാക്കളുടെ കുട്ടികളെയും ശത്രുരാജ്യ പൗരന്മാരായി (Alien Enemies) നിയമപരമായി വർഗീകരിക്കപ്പെട്ടവരുടെ കുട്ടികളെയും പുതിയ ഉത്തരവിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, അമേരിക്കയിൽ ജനിക്കുകയും രാജ്യത്തെ നിയമങ്ങൾക്ക് വിധേയരായിരിക്കുകയും ചെയ്യുന്ന കുട്ടികളുടെ ജന്മാവകാശ പൗരത്വത്തിൽ പുതിയ ഒഴിവാക്കലുകൾ ഏർപ്പെടുത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് സുപ്രീം കോടതി ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജഡ്ജി കൂപ്പർ ചൂണ്ടിക്കാട്ടി.
1898-ലെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് വോങ് കിം ആർക്ക്’ കേസിലെ സുപ്രീം കോടതി വിധിയും ജഡ്ജി കൂപ്പർ പരാമർശിച്ചു. അമേരിക്കൻ ജന്മാവകാശ പൗരത്വത്തിന്റെ നിയമപരമായ അടിത്തറയായി കണക്കാക്കപ്പെടുന്ന ഈ ചരിത്രവിധി ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥയെ വിശദമായി വ്യാഖ്യാനിക്കുന്നതാണ്. മാതാപിതാക്കളുടെ കുടിയേറ്റ പദവി മാത്രം അടിസ്ഥാനമാക്കി അമേരിക്കയിൽ ജനിക്കുന്ന കുട്ടികളുടെ പൗരത്വം നിഷേധിക്കാനാവില്ലെന്ന തത്ത്വമാണ് ഈ വിധിയിലൂടെ ശക്തിപ്പെട്ടത്.
ജഡ്ജി കൂപ്പർ പുറപ്പെടുവിച്ച പ്രാഥമിക വിലക്കുത്തരവ് പ്രകാരം, കൂട്ടഹർജിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്കെതിരെ ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നതിൽനിന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്), സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ എന്നിവയെ വിലക്കിയിട്ടുണ്ട്. ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തുടർച്ചയായ ശ്രമങ്ങൾക്കെതിരായ നിയമപോരാട്ടത്തിൽ സുപ്രധാന വഴിത്തിരിവാണ് പുതിയ കോടതി വിധി.
