ഓട്ടോ, ടാക്‌സി, ബസ് നിരക്ക് വര്‍ധനവിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ, ടാക്‌സി, ബസ് നിരക്ക് മേയ് ഒന്നിന് നിലവില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിരക്ക് വര്‍ധനയ്ക്കുള്ള ശിപാര്‍ശ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധന പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു. ബസ് മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 രൂപയാകും, ഓട്ടോയ്ക്ക് മിനിമം 25 രൂപയില്‍ നിന്ന് 30 രൂപയാകും. ടാക്‌സികള്‍ക്ക് അഞ്ച് കിലോമീറ്ററിന് മിനിമം 200 രൂപയാകും. 1500 സിസിക്ക് മുകളിലുള്ളവയ്ക്ക് മിനിമം നിരക്ക് 222 രൂപയാകും. ബസ് നിരക്ക് ഒരു കിലോമീറ്ററിന് ഒരു രൂപയാകും. ഫെയര്‍ സ്‌റ്റേജ് രണ്ടര കിലോമീറ്റര്‍ ആയിരിക്കും. ഉയര്‍ന്ന ക്ലാസുകളില്‍ പുതിയ ഫെയര്‍ സ്‌റ്റേജ് വരും.

സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

പാലക്കാട്: ദേശീയപാതയില്‍ കണ്ണന്നൂരില്‍ സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. കണ്ണാടി സ്വദേശി ചെല്ലയാണ് മരിച്ചത്. അപകടത്തിനു ശേഷം സിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിട്ടു.  

പി.ശശിയുടെ നിയമനം ഐക്യകണേ്ഠന; പി.ജയരാജനെ തള്ളി തള്ളി ഇ.പി ജയരാജന്‍

തിരുവനന്തപുരം: പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ശശിയുടെ നിയമനത്തില്‍ വിമര്‍ശനം ഉന്നയിച്ച പി.ജയരാജനെ തള്ളിയാണ് കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കൂടിയായ ഇ.പി ജയരാജന്‍ രംഗത്തെത്തിയത്. ശശിക്ക് അയോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പി.ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിയഇല്‍ അഭിപ്രായ ഭിന്നതയില്ല. അച്ചടക്ക നടപടി ഒരാളുടെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനല്ല. തെറ്റുകള്‍ തിരുത്തി പാര്‍ട്ടിക്ക് ഒപ്പം വരാനാണ് നടപടിയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. പി.ശശിയെ മുഖ്യമന്ത്രിയൂടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെ സിപിഎം സംസ്ഥാന സമിതിയില്‍ പി.ജയരാജന്‍ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്നും അതിനുതകുന്ന പല റിപ്പോര്‍ട്ടുകളും തന്റെ പക്കലുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും സെക്രട്ടേറിയറ്റ് തീരുമാനം പുനഃപരിശോധിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.  

തലശേരി അതിരൂപത അധ്യക്ഷനായി മാര്‍ ജോസഫ് പാംപ്ലാനി ചുമതലയേറ്റു

തലശേരി: തലശേരി അതിരൂപതയ്ക്ക് പുതിയ ഇടയന്‍. അതിരൂപതയുടെ അധ്യക്ഷനായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അതിരുപതയുടെ ആര്‍ച്ച് ബിഷപ് ആയി നിയമിച്ചുകൊണ്ടുള്ള സിറോ മലബാര്‍ സഭയുടെ നിയമന പത്രിക അതിരൂപത ചാന്‍സലര്‍ ചടങ്ങില്‍ വായിച്ചൂ. നിയമന പത്രിക കര്‍ദിനാള്‍, മാര്‍ പാപ്ലാനിക്ക് കൈമാറി. സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് കൃത്യമായ ഉത്തരമില്ല. കെ.റെയിലിന് ഒരു പാട് അനിശ്ചിതത്വങ്ങള്‍ അവശേഷിക്കുന്നുണ്ട്. കയ്യേറ്റം പോലെ കെ റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ല. വികസനത്തിന് സഭ എതിരല്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരുപാട് ഭാവാത്മകമായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.  

ഹജ്ജ് ക്വാട്ടയില്‍ ഇന്ത്യയില്‍ നിന്നും 79,237 പേര്‍ക്ക് അവസരം

റിയാദ്: ഹജ്ജ് ക്വാട്ടയില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 79,237 തീര്‍ഥാടകര്‍ക്ക് അവസരം ലഭിച്ചു. സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന് ലഭിച്ചതാണ് വിവരം. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇതനുസരിച്ച് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിനു അകത്തു നിന്നും പുറത്തു നിന്നുമായി ഈ വര്‍ഷം 10 ലക്ഷം തീര്‍ഥടകര്‍ക്ക് ഹജ്ജിന് അവസരമുണ്ടാകും. എട്ടര ലക്ഷം തീര്‍ഥാടകരും വിദേശ രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.  

അബുദാബിയില്‍ വാടക നിരക്കില്‍ വന്‍ വര്‍ധനവ്

അബുദാബി: കെട്ടിടങ്ങളുടെ വാടക നിരക്കില്‍ അബുദാബിയില്‍ വന്‍ വര്‍ധനവ്. 20 മുതല്‍ 35 ശതമാനം വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഫ്ലാറ്റുകള്‍ക്കും വില്ലകള്‍ക്കും ആവശ്യക്കാരേറിയതാണ് നിരക്ക് വര്‍ധനയ്ക്കുള്ള പ്രധാന കാരണം. താമസക്കാര്‍ക്കുള്ള ഇടങ്ങളില്‍ ഫ്ലാറ്റുകള്‍ക്കും കടമുറികള്‍ക്കുമാണ് ഡിമാന്റ്. അബുദാബി കോര്‍ണിഷ് ഏരിയയിലെ ശരാശരി വാടക 7.2 ശതമാനം ഉയര്‍ന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടുംബങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന മുസഫ മേഖലയില്‍, നിലവില്‍ താമസിക്കുന്നവര്‍ക്ക് കരാര്‍ പുതുക്കുമ്പോള്‍ വാടക കുറച്ചു നല്‍കാന്‍ ഫ്ലാറ്റ് ഉടമകള്‍ തയാറാവാത്തതും പ്രതിസന്ധി മൂര്‍ച്ഛിച്ചിരിക്കുകയാണ്.

നാട്ടിലേക്ക് പണമയക്കുന്നതിനു സൗദി പരിധി ഏര്‍പ്പെടുത്തി

റിയാദ്: ഓണ്‍ലൈന്‍ വഴി വിദേശത്തേക്ക് പണം അയയ്ക്കുന്നതിനുള്ള പരിധി സൗദി അറേബ്യ പുനര്‍നിര്‍ണയിച്ചു. ഇതനുസരിച്ച് ഒരു ദിവസം പരമാവധി 60,000 റിയാലായി കുറച്ചു. സെന്‍ട്രല്‍ ബാങ്കാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. വ്യക്തികളുടെയും വ്യക്തിഗത സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്കുള്ള പണമിടപാടുകള്‍ക്കാണ് ഈ പരിധി ബാധകമാകുക. ബാങ്കിംഗ് രംഗത്ത് നടന്നുവരുന്ന ആവര്‍ത്തിച്ചുള്ള തട്ടിപ്പുകള്‍ കണക്കിലെടുത്താണ് തീരുമാനമെങ്കിലും നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.  

ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് സ്മാര്‍ട്ട് തിയറി ടെസ്റ്റ്

ഷാര്‍ജ : ഡ്രൈവിംഗ് സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്തയാണ് ഷാര്‍ജയില്‍ നിന്നും വരുന്നത്. ഡ്രൈവിംഗില്‍ മികച്ച സേവനം നല്‍കുന്നതിനായി ഷാര്‍ജ പോലീസ് സ്മാര്‍ട്ട് തിയറി ടെസ്റ്റിനു തുടക്കം കുറിച്ചു. എന്റോള്‍ ചെയ്ത താമസക്കാര്‍ക്ക് ഷാര്‍ജയില്‍ എവിടെ നിന്നും ഓണ്‍ലൈനായി തിയറി ടെസ്റ്റില്‍ പങ്കെടുക്കാം. തിയറി ടെസ്റ്റിന് ഹാജരാകാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് കസ്റ്റമര്‍ സെന്ററുകളോ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടോ സന്ദര്‍ശിക്കാതെ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ ഓണ്‍ലൈനായിട്ടോ ടെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്. സ്മാര്‍ട്ട് തിയറി ടെസ്റ്റ്സ് സേവനം രാജ്യത്തെ ലൈസന്‍സിംഗ് വകുപ്പുകളില്‍ ആദ്യത്തേതാണെന്ന് ഷാര്‍ജ പോലീസിലെ വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്സ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലഫ്. കേണല്‍ റാഷിദ് അഹമ്മദ് അല്‍ ഫര്‍ദാന്‍ പറഞ്ഞു  

സിപിഎം കമ്മറ്റികളില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറി- ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. പല ജില്ലകളിലും ഇപ്പോള്‍ സി.പി.എം വിഭാഗീയത ജാതി-മത അടിസ്ഥാനത്തിലാണ്. വര്‍ഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോള്‍ സി.പി.എം കീഴ്ഘടകകങ്ങളെ നിയന്ത്രിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു. മത സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പലരുമാണ് ഇപ്പോള്‍ സി.പി.എം സഹയാത്രികരായിട്ടുള്ളത്. ഇവര്‍ മുഖേനയാണ് സി.പി.എം വര്‍ഗ്ഗീയ പ്രീണന നയം നടപ്പാക്കുന്നത്. ആരാധനാലയങ്ങളുടെ ഭരണസമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സി.പി.എമ്മിന് തിരിച്ചടിയായിട്ടുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സി.പി.എംന്റെ ഔദ്യോഗിക നയം വ്യക്തമല്ല. ഇക്കാര്യത്തില്‍ എം.വി ഗോവിന്ദന്റെ അഭിപ്രായം പാര്‍ട്ടി നയമാണോയെന്ന് വ്യക്തമാക്കണം. പ്രണയിക്കുന്നവരെ മതപരിവര്‍ത്തനം നടത്തിയ ശേഷം വിവാഹംകഴിച്ച നിരവധി ഡി.വൈ.എഫ്.ഐക്കാര്‍ കേരളത്തിലുണ്ട്. ഇവരെ ആരെയും പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചെറിയാന്‍…

ആരോഗ്യനില മെച്ചപ്പെട്ടു, നടന്‍ ശ്രീനിവാസന്‍ ആശുപത്രി വിട്ടു

കൊച്ചി: ഹൃദയസംബന്ധമായ പ്രശ്‌നങ്ങളേ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ ആശുപത്രി വിട്ടു. മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഹൃദയത്തിനും ആകെ ആരോഗ്യത്തിനും കാര്യമായ പുരോഗതിയുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. മാര്‍ച്ച് 30-നാണ്. നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. പിറ്റേന്നുതന്നെ അദ്ദേഹത്തെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഈ മാസം പന്ത്രണ്ടിനാണ് വെന്റിലേറ്റര്‍ നീക്കം ചെയ്തത്. കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു അദ്ദേഹം.