നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിയും കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍. അന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോള്‍ ചെന്നൈയില്‍ ആണെന്നാണ് കാവ്യ മറുപടി നല്‍കിയത്. അടുത്തയാഴ്ച നാട്ടില്‍ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.

കേരളത്തില്‍ 291 പേര്‍ക്ക് കോവിഡ്; ആകെ മരണം 68,264 ആയി

കേരളത്തില്‍ 291 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസത്തില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള ഒരു മരണവും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,264 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 323 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 39,…

ഏതെങ്കിലും കേസില്‍ പ്രതിയാക്കി അകത്തിടണം; എസ്.ഐയുടെ നെഞ്ചത്ത് ചവിട്ട് യുവാവിന്റെ ആക്രോശം

പത്തനംതിട്ട: ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം. ഗ്രേഡ് എസ്‌ഐയുടെ നെഞ്ചത്ത് ചവിട്ടി പരിക്കേല്‍പ്പിച്ച പ്രതി സ്റ്റേഷനിലെ ഫര്‍ണീച്ചറുകളും സ്‌കാനറും ബെഞ്ചും തകര്‍ത്തു. ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് അക്രമം കാട്ടിയത്.തന്നെ ഏതെങ്കിലും കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി ആദ്യം പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഇയാളെ ശാസിച്ച് പോലീസ് പറഞ്ഞയച്ചു. ഇതിനിടെ, ഇയാള്‍ സ്വകാര്യ ബസിനു നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇതോടെ പ്രതി പോലീസ് സ്റ്റേഷനില്‍ വ്യാപക നാശനഷ്ടമാണ് വരുത്തിയത്. ഇതു തടയാനെത്തിയപ്പോഴാണ് ഗ്രേഡ് എസ്‌ഐയുടെ നെഞ്ചത്ത് ചവിട്ടേറ്റത്. കഞ്ചാവ് ലഹരിയിലാണ് ഷാജി തോമസ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ സംശയം. സ്റ്റേഷനില്‍ 25,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

പാലായില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കോട്ടയം: പാലാ പൊന്‍കുന്നം റോഡില്‍ പൈകയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. അടിമാലി സ്വദേശി മണി (65), ബൈസണ്‍വാലി സ്വദേശി ഷംല എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. കാറുകള്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

കോട്ടയം മംഗളം എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ മൂന്ന്‌ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കോട്ടയം: കോട്ടയം മംഗളം എന്‍ജിനീയറിംഗ് കോളജില്‍നിന്ന് കര്‍ണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രയ്ക്കു പോയ സംഘത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്‍ഡിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റജി,  എറണാകുളം ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോജ്‌ എന്നിവരാണ് കടലിലെ തിരയില്‍പെട്ട് മരിച്ചത്. അപകടത്തില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന  ആന്റണി ഷിനോജിനായി ഏറെ നേരം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് വിദ്യാര്‍ഥികള്‍ കോളജില്‍ നിന്ന് രണ്ട് ബസുകളിലായി ടൂറിന് പുറപ്പെട്ടത്.  

എംഎല്‍എയുടെ പരാതി: ഹോട്ടലില്‍ അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു

ആലപ്പുഴ: എംഎല്‍എ പി.പി. ചിത്തരഞ്ജന്റെ പരാതിക്ക് പിന്നാലെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് 10 രൂപയാക്കിയതായും ഹോട്ടല്‍ ഉടമ അറിയിച്ചു. പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ ചിത്തരഞ്ജന്‍ എംഎല്‍എയോട് അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും കൂടി 184 രൂപയാണ് ഹോട്ടല്‍ ഉടമ ഈടാക്കിയത്. ഇതേത്തുടര്‍ന്ന് അമിത വില ഈടാക്കിയെന്ന് കാണിച്ച് ചിത്തരഞ്ജന്‍ ഹോട്ടലിനെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണുരാജിന് പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ ജില്ലയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന നടന്നിരുന്നു.

ജസ്റ്റീസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വച്ചുതാമസിപ്പിച്ചത് ഗുരുതരവീഴ്ച: ദേശീയ വനിത കമ്മീഷന്‍

തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് ദേശീയ വനിത കമ്മീഷന്‍. പരാതിക്കാരിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാതെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് വച്ചുതാമസിപ്പിച്ചത് ഗുരുതര വീഴ്ചയാണ്. കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ മൂന്നു മാസത്തിനകം തുടര്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും. എല്ലാ സിനിമ പ്രൊഡക്ഷന്‍ കമ്പനികളിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.  

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിയോട് കൂടിയ കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് ഞായറാഴ്ച വരെ ഇടി മിന്നലോട് കൂടിയ മഴ പ്രവചിച്ചിരിക്കുന്നത്. നാളെ ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യയാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. മറ്റന്നാള്‍ അഞ്ച് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് മഴക്ക് സാധ്യത.

സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി തോമസ്; പുറത്താക്കാനുള്ള അധികാരം എഐസിസിക്ക്

കൊച്ചി: പാര്‍ട്ടി വിലക്ക് മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. എറണാകുളത്തെ വസതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വച്ചു യെച്ചൂരിയെ കണ്ടപ്പോഴാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കുന്ന കാര്യം തന്നോടു പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതായതുകൊണ്ടാണ് സംസാരിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ തനിക്ക് അനുമതി ലഭിച്ചില്ലെന്നു കെ.വി. തോമസ് പറഞ്ഞു.താന്‍ നൂലില്‍ കെട്ടി വന്നയാളല്ല. കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ് താന്‍. പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നു തന്നെ ഭീഷണിപ്പെടുത്തി. അതു ശരിയാണോയെന്നും തോമസ് ചോദിച്ചു. താന്‍ കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. കെ.വി.തോമസിനെയും ശശി തരൂരിനെയുമാണ് സിപിഎം പാര്‍ട്ടി…

സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് എം.വി ജയരാജന്‍; ദുഃഖിക്കേണ്ടിവരില്ലെന്ന് എം.എ ബേബി

കണ്ണുര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. സെമിനാറിലേക്ക് വിലക്കിയത് കോണ്‍ഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണ്. പാര്‍ട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ബാക്കി കാര്യങ്ങള്‍ പറയേണ്ടത് അദ്ദേഹമാണ്. ആര്‍.എസ്.എസ് മനസ്സുള്ളവരാണ് കെ.വി തോമസിനെ വിലക്കുന്നത്. നെഹ്‌റുവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് കെ.വി തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാമെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം, സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.വി തോമസിന് ദുഃഖിക്കേണ്ടിവരില്ലെന്ന് സിപിഎം പി.ബി അംഗം എം.എ ബേബി. സിപിഎമ്മുമായി സഹകരിച്ചവരുടെ മുന്‍കാല അനുഭവങ്ങള്‍ അറിവുള്ളതാണല്ലോ. ടി.കെ ഹംസയുടെയും കെ.ടി ജലീലിന്റെയും അനില്‍കുമാറിന്റെയും കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബേബിയുടെ പ്രതികരണം. കോണ്‍ഗ്രസിലെ പുരോഗമന ചിന്താഗതിയുള്ളവരെയാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. നെഹ്‌റുവിയന്‍…