കെ റെയില്‍ മോശം പദ്ധതി; കേരളത്തെ പിളര്‍ക്കും: ഇ.ശ്രീധരന്‍

തൃശൂര്‍: കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെയും കുട്ടികളെയും വീട്ടുകാരെയും ഉപദ്രവിക്കുന്നതും പോലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിക്കുന്നതും തെറ്റായ കാര്യമാണെന്ന് ഇ.ശ്രീധരന്‍. കെ റെയിലിനെതിരെ തൃശൂര്‍ കുന്ദംകുളത്ത് ബിജെപി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മര്‍ക്കട മുഷ്ടി കാണിക്കുന്നു. ആ സീറ്റില്‍ ഇരിക്കുന്ന ആര്‍ക്കും മര്‍ക്കട മുഷ്ടി പാടില്ല. സില്‍വര്‍ലൈന്‍ ഏറ്റവും മോശമായ പദ്ധതിയാണ്. അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും. അര്‍ത്തി മതിലുകള്‍ കേരളത്തെ പിളര്‍ക്കും. കെ റെയില്‍ നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പ് സാമൂഹികാഘാത പഠനം നടത്തണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. സാമൂഹികാഘാത പഠനം നടത്തുന്നതിന് കല്ലിടലിന്റെ ആവശ്യമില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

വയനാട് ജനകീയ ഹോട്ടലിലെ കിണറ്റില്‍ സോപ്പ്‌പൊടി കലര്‍ത്തിയ സമീപത്തെ ഹോട്ടലുടമ അറസ്റ്റില്‍

വയനാട്: ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയയാള്‍ പിടിയില്‍ വയനാട് പനമരം വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മൂട്ടി(58) ആണ് അറസ്റ്റിലായത്.<വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിന് സമീപത്തെ ഹോട്ടലിന്റെ ഉടമയാണ് മമ്മൂട്ടി. ജനകീയ ഹോട്ടലില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമായതിന് പിന്നാലെ മമ്മൂട്ടിയുടെ ഹോട്ടലില്‍ കച്ചവടം കുറഞ്ഞിരുന്നു. ഇതിന് പ്രതികാരമായാണ് പ്രതി ജനകീയ ഹോട്ടലുകാര്‍ വെള്ളം എടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയത്. ബുധനാഴ്ച രാവിലെ പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞു പൊങ്ങുകയും സോപ്പുപൊടിയുടെ മണം അനുഭവപ്പെടുകയുമായിരുന്നു. വെള്ളം പതഞ്ഞ് പൊന്തിയതോടെ വിഷം കലര്‍ത്തിയതാണോയെന്ന ആശങ്കയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന് വെള്ളം പരിശോധിച്ചപ്പോഴാണ് സോപ്പുപൊടി കലര്‍ത്തിയതാണെന്ന് തിരിച്ചറിഞ്ഞത്.

അനുമതി കൂടാതെ മുല്ലപ്പെരിയാര്‍ ഡാമില്‍ കടന്നു; റിട്ട. പോലീസുകാര്‍ അടക്കം നാലു പേര്‍ക്കെതിരെ കേസ്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാവീഴചയുണ്ടായ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. വനംവകുപ്പിന്റേതാണ് നടപടി. അനുമതിയില്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. ഇവരെ കടത്തിവിട്ട വനപാലകര്‍ക്കെതിരെയും നടപടിയുണ്ടാകും. ഞായറാഴ്ചയാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ നാല് പേര്‍ ഡാമിലെത്തിയത്. കേരള പോലീസില്‍ നിന്നും വിരമിച്ച എസ്‌ഐമാരായ റഹീം, അബ്ദുള്‍ സലാം, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ ജോണ്‍ വര്‍ഗീസ്, മകന്‍ വര്‍ഗീസ് ജോണ്‍ എന്നിവരാണ് ഇവിടെയെത്തിയത്. തമിഴ്‌നാടിന്റെ ബോട്ടിലായിരുന്നു യാത്ര. ഇവര്‍ എത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ജിഡിയില്‍ എഴുതിയിരുന്നില്ല. വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ എത്തിയത് പോലീസുകാര്‍ ഡിവൈഎസ്പിയെയും അറിയിച്ചിരുന്നില്ല.<br> <br> ഡിവൈഎസ്പി അറിഞ്ഞതിന് ശേഷമാണ് കേസെടുത്തത്. സംഭവത്തെ കുറിച്ച് ഡിവൈഎസ്പി, എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡാമില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കണം എന്നാണ് നിയമം.

രാത്രി കടയടച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെട്ടേറ്റ വനിത വസ്ത്രശാലയുടമ മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരശാല നടത്തുന്ന യുവവനിത വെട്ടേറ്റു മരിച്ചു. ഏറിയാട് സ്വദേശിനി റിന്‍സി (30) ആണ് മരിച്ചത്. ഇന്നലെ രാത്രി കടയടച്ച ശേഷം മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് വെട്ടേറ്റത്. കടയിലെ മുന്‍ ജീവനക്കാരനായ റിയാസ് ആണ് ആക്രമിച്ചത്. റിന്‍സിയ്ക്ക് 30 തവണ വെട്ടേറ്റിരുന്നു. കടയില്‍ ജീവനക്കാരനായിരിക്കേ റിയാസ് റിന്‍സിയെ പല തവണ ശല്യപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളെ പിരിച്ചുവിട്ടു. റിയാസിന്റെ ശല്യത്തെ കുറിച്ച് റിന്‍സി ഭര്‍ത്താവിനോടും കുടുംബത്തോടും പറഞ്ഞിരുന്നു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് റിന്‍സിക്ക് വെട്ടേറ്റത്. ഉടനെ കൊടുങ്ങല്ലൂരുള്ള ആശുപത്രിയിലും തുടര്‍ന്ന വിദഗ്ധ ചികിത്സയ്ക്ക് തൃശൂരുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. രാവിലെ 8.30 ഓടെ മരണമടയുകയായിരുന്നു. റിന്‍സിക്ക് പത്തും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.

അഞ്ചേരി ബേബി വധക്കേസ്: എം.എം മണിയടക്കം മൂന്നു പ്രതികള്‍ക്കും വിടുതല്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം മണി അടക്കം മൂന്നു പ്രതികളും കുറ്റവിമുക്തര്‍. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. 1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു അഞ്ചേരി ബേബി. തൊഴില്‍ തര്‍ക്കം പറഞ്ഞു തീര്‍ക്കാനെന്ന വിധം വിളിച്ചുവരുത്തി മണത്തോട്ടിലെ ഏലക്കാട്ടില്‍ ഒളിച്ചിരുന്നാണ് എതിരാളികള്‍ ബേബിലെ വെടിവച്ചത്. 2012 മേയ് 25ന് തൊടുപുഴ മണക്കാട് എം.എം മണി നടത്തിയ പ്രസ്താവനയാണ് കേസ് പുനരന്വേഷിക്കാന്‍ ഇടയാക്കിയത്. അഞ്ചേരി ബേബിക്കൊപ്പം മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരെയും കൊലപ്പെടുത്തിയെന്നായിരുന്നു മണിയുടെ വണ്‍, ടു, ത്രീ.. പ്രസംഗം. ഇതിന്‍ പ്രകാരം എം.എം. മണി, ജില്ലാ കമ്മിറ്റി അംഗം എ.കെ. ദാമോദരന്‍,…

കുവൈറ്റില്‍ നാലാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി

കുവൈറ്റ് സിറ്റി : ലോകത്താകെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ കോവിഡ് 19 വാക്‌സിന്റെ നാലാമത്തെ ഡോസ് നല്‍കാന്‍ കുവൈറ്റിന് പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മുന്നാം ഡോസ് നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും രാജ്യത്തെ എല്ലാവരോടും മൂന്നാം ഡോസ് സ്വീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നേരത്തെ ഗള്‍ഫ് രാജ്യമായ ബഹ്‌റിന്‍ അടക്കം നിരവധി രാജ്യങ്ങളില്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി നാലാം ഡോസ് വിതരണം ചെയ്തിരുന്നു. രാജ്യത്തെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കുമാണ് പ്രധാനമായും നാലാം ഡോസ് വിതരണം ചെയ്യുന്നത്. സലിം കോട്ടയില്‍  

കാര്‍ നന്നാക്കുന്നതിനിടെ ബോണറ്റില്‍ നിന്നും യുവാവിന്റെ തലയിലേക്ക് തീ പടര്‍ന്നു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ കാര്‍ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയ്ക്കു തീപിടിച്ചു. കാറിന്റെ ബോണറ്റിനുള്ളില്‍നിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. മനസ്സാന്നിധ്യം കൊണ്ടാണ് യുവാവ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. കാറിന്റെ ബോണറ്റ് തുറന്ന് കാറിന്റെ റിപ്പയറിങ്ങിലായിരുന്നു യുവാവ്. തീയാളിയത് പെട്ടെന്നായിരുന്നു. യുവാവിന്റെ തലയിലേതീ പടര്‍ന്നു. പരിഭ്രമിക്കാതെ, കൈകൊണ്ടു തന്നെ തീയണയ്ക്കാന്‍ ശ്രമിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. തൊട്ടടുത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്വയം രക്ഷ നേടിയിരുന്നു.

മരുന്നുകള്‍ സ്‌റ്റോക്ക് ചെയ്യുന്നതില്‍ വീഴ്ച; മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനത്തില്‍ കാരുണ്യ ഡിപ്പോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാരുണ്യാ ഫാര്‍മസിയില്‍ മരുന്നുകള്‍ സ്‌റ്റോക്ക ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ഡിപ്പോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍. വ്യാഴാഴ്ച രാത്രി ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്, മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ രോഗിയുടെ പരാതിയെ തുടര്‍ന്ന് കാരുണ്യ ഫാര്‍മസി സന്ദര്‍ശിച്ചിരുന്നു. ആ രോഗിയുടെ കുറിപ്പിലുണ്ടായിരുന്ന ഒരു മരുന്നും കാരുണ്യാ ഫാര്‍മസിയിലില്ലായിരുന്നു. തുടര്‍ന്ന് മന്ത്രി ഫാര്‍മസിയ്ക്കകത്ത് കയറി കമ്പ്യൂട്ടറിലെ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എല്‍.നോട് നിര്‍ദേശവും നല്‍കി. ഇതേ തുടര്‍ന്നാണ് അടിയന്തരമായി ഡിപ്പോ മാനേജറെ സസ്‌പെന്‍ഡ് ചെയ്തത്. മറ്റ് മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന കാരുണ്യാ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊടുങ്ങല്ലൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമയായ യുവതിയെ മുന്‍ ജീവനക്കാരന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

  തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഷോപ് ഉടമയായ യുവതിക്ക് വെട്ടേറ്റു. എറിയാട് സ്വദേശി റിന്‍സിയ്ക്ക് ആണ് വെട്ടേറ്റത്. റിന്‍സിയുടെ കടയിലെ മുന്‍ ജീവനക്കാരനാണ് ആക്രമിച്ചത്. ഇതിനുശേഷം ഇയാള്‍ രക്ഷപ്പെട്ടു. രാത്രി കടയടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുന്‌പോഴായിരുന്നു അക്രമം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റിന്‍സിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാവോയിസ്റ്റ് രൂപേഷിനെതിരായ യു.എ.പി.എ, രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യു.എ.പി.എ കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കുറ്റ്യാടി, വളയം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത യുഎപിഎ ഉള്‍പ്പെടെയുള്ള മൂന്നു കേസുകളാണ് റദ്ദാക്കിയത്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവയ്ക്കുകയായിരുന്നു. തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ 2019 സെപ്റ്റംബര്‍ 20നു സിംഗിള്‍ ബെഞ്ച് ഈ കുറ്റങ്ങള്‍ റദ്ദാക്കിയിരുന്നു. യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്താനും രാജ്യദ്രോഹക്കുറ്റം ചുമത്താനും പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ അധികൃതര്‍ കാലതാമസം വരുത്തിയതു ചൂണ്ടിക്കാട്ടിയാണ് കുറ്റങ്ങള്‍ റദ്ദാക്കിയത്.