മിനിമം ചാര്‍ജ് 12 രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് കൂട്ടണമെന്നും മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകള്‍ സമരം ചെയ്യുന്നത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കണമെന്നും ആവശ്യമുണ്ട്. ഈ മാസം 31ന് ഉള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.  

നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: യെമന്‍പൗരനെ കൊലപ്പെടുത്തിയ കേസില്‍, യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന് യെമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് 2016 മുതല്‍ യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നിമിഷപ്രിയയുടെ ബന്ധുക്കള്‍ക്കോ അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യെമനിലേക്ക് പോകാന്‍ കഴിയുന്നില്ല. അതിനാല്‍ തന്നെ യെമന്‍പൗരന്റെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബ്ലഡ് മണി സ്വീകരിക്കാമെന്ന് യെമന്‍ പൗരന്റെ ബന്ധുക്കള്‍ അറിയിച്ചാലും, ആ പണം നിലവില്‍ കൈമാറാന്‍…

ഉക്രൈനില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനസൗകര്യം ഒരുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഉക്രൈനിലെ യുദ്ധമുഖത്തുനിന്ന് ഇന്ത്യയിലേക്ക് ഓപ്പറേഷന്‍ ഗംഗയിലൂടെ മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ഇരുപത്തിനായിരത്തില്‍ അധികം മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഈവിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ദേശീയ മെഡിക്കല്‍ കമ്മിഷനോടും നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുച്ഛേദ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാനുള്ള അവകാശമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുദ്ധമുഖത്തുനിന്ന് വരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള ഇളവ് അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. അഭിഭാഷകന്‍ ജോസ് എബ്രഹാം മുഖേനയാണ് പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി മാര്‍ച്ച് 21 ന് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചേക്കും.

അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റുതുലച്ച പെട്ടിതൂക്കി വേണുഗോപാല്‍: കെ.സിക്കെതിരെ പോസ്റ്ററുകള്‍

കണ്ണൂര്‍: അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍. ശ്രീകണ്ഠാപുരം, എരിവേശി തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസിന്റേത് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേണുഗോപാലിന്റെ അടുത്ത അനുയായി ആയ ഇരിക്കൂര്‍ എം..എല്‍.എ. സജീവ് ജോസഫിന്റെ ഓഫീസ് പരിസരത്തും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ചുമരിലുമാണ് പ്രധാനമായും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ചെമ്പേരി, പയ്യാവൂര്‍ തുടങ്ങിയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിരൂക്ഷമായ ഭാഷയാണ് പോസ്റ്ററുകളിലുള്ളത്. അഞ്ചുസംസ്ഥാനങ്ങള്‍ വിറ്റുതുലച്ചു, പെട്ടിതൂക്കി വേണുഗോപാല്‍ ഒഴിവാകൂ തുടങ്ങിയ പരാമര്‍ശങ്ങള്‍ കൂടി പോസ്റ്ററിലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കണ്ണൂര്‍ സ്വദേശിയാണ് വേണുഗോപാല്‍.

ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന കേസ്: മുത്തശ്ശി അറസ്റ്റില്‍; പിടിയിലായതോടെ അക്രമാസക്തം, വിവസ്ത്രയാകാനും ശ്രമം; അമ്മയും മകനും റൗഡി ലിസ്റ്റില്‍ പെട്ടവര്‍; കാമുകന് മകനേക്കാള്‍ പ്രായക്കുറവ്

തിരുവനന്തപുരം: കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ മുത്തശ്ശിയുടെ കാമുകന്‍ ഹോട്ടല്‍ മുറിയില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശ്ശി അറസ്റ്റില്‍. തിരുവനന്തപുരം ബീമാപള്ളിയില്‍ നിന്നാണ് മുത്തശ്ശി സിപ്‌സിയെ പിടികൂടിയത്. പോലീസിന്റെ പിടിയിലായതിന്റെ പിന്നാലെ തന്റെ തനത് ‘കലാപരിപാടികള്‍’ സിപ്സി പുറത്തെടുത്തു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപ്സി വിവസ്ത്രയാകാന്‍ ശ്രമിക്കുകയും പോലീസുകാര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. ഏറെ പണിപ്പെട്ടാണ് പോലീസുകാര്‍ ഇവരെ ശാന്തയാക്കിയത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ സിപ്സി തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയത്. പോലീസിന് രഹസ്യവിവരം ലഭിച്ചതോടെയാണ് ഇവിടെവെച്ച് സിപ്‌സിയെ കസ്റ്റഡിയിലെടുത്തത്. മിനി എന്ന സുഹൃത്ത് ബീമാപള്ളി ഭാഗത്തുണ്ടെന്നും ഇവര്‍വഴി ഒളിവില്‍ കഴിയാനുള്ള സൗകര്യം ലഭിക്കുമെന്ന് കരുതിയാണ് തിരുവനന്തപുരത്ത് എത്തിയതെന്നുമാണ് സിപ്സി പോലീസിന് നല്‍കിയ മൊഴി. സിപ്സിക്ക് മയക്കുമരുന്ന് ഇടപാടുകളിലടക്കം പങ്കുള്ളതിനാല്‍, ഇവരുടെ സുഹൃത്ത് ആരാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മിനി ആരാണെന്ന്…

ആറ് ജില്ലകളില്‍ ചൂടുകൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ചൂടുകൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൂടു കൂടുക. മാര്‍ച്ച് 12, 13 തീയതികളില്‍ ഉയര്‍ന്ന താപനില, സാധാരണയില്‍ നിന്ന് 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഒന്നര വയസ്സുകാരിയെ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കികൊന്ന കേസ്: മുത്തശ്ശിക്കും പിതാവിനുമെതിരെ കേസ്; മുത്തശ്ശി ആള്‍മാറാട്ടത്തിനും വിദഗ്ധ

കൊച്ചി: ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ കാമുകന്‍ ഹോട്ടല്‍മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്ന കേസില്‍ കുട്ടിയുടെ മുത്തശ്ശിക്കും പിതാവിനുമെതിരെ കേസ്. ബാലനീതി നിയമപ്രകാരമാണ് കേസ്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവരെ ഇന്നു തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. അങ്കമാലി പാറക്കടവ് കോടുശേരി സജീവിന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടത്. കേസില്‍ മുത്തശ്ശി സിപ്സിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിസൂസയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. അതേസമയം, മുത്തശ്ശിയും പിതാവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറയുന്നു. മുന്‍പ് കഞ്ചാവ് കടത്തിലും മുത്തശ്ശി ഇടപെട്ടിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി ജോണ്‍ ബിനോയിയുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. നീതുമോള്‍, കൊച്ചുത്രേസ്യ തുടങ്ങിയ പേരുകളിലാണ് ഇവര്‍ താമസിച്ചത്്

ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടുത്തം; 7 മരണം; 60 കുടിലുകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. ഡല്‍ഹിയിലെ ഗോകുല്‍പുരി ചേരിയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം. പുലര്‍ച്ചെ നാല് മണിയോടു കൂടി അഗ്‌നിശമന സേനയെത്തി തീ നിയന്ത്രിക്കുകയായിരുന്നു. തീപിടിത്തത്തില്‍ മരിച്ച ഏഴ് പേരില്‍ അഞ്ച് പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍. രണ്ടുപേര്‍ അടുത്ത വീട്ടിലെ കുട്ടികളാണ്. ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അതിനാല്‍ ഇവര്‍ക്ക് രക്ഷപെടാന്‍ സാധിച്ചില്ല. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ 60ലേറെ കുടിലുകള്‍ക്ക് തീപടര്‍ന്നു. 30ലേറെ കുടിലുകള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടമായതായി വടക്കു കിഴക്കന്‍ ഡല്‍ഹി അഡീഷണല്‍ ഡി.സി.പി പറഞ്ഞു.

കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈന്യം നാല് ഭീകരരെ വധിച്ചു; ഒരു ഭീകരനെ പിടികൂടി

ശ്രീനഗര്‍: കശ്മീരില്‍ സൈന്യം നാല് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. ഗന്ധര്‍ബാല്‍, ഹന്ദ്വാര, പുല്‍വാമ തുടങ്ങിയ മേഖലകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരവാദികളില്‍ ഒരാളെ ജീവനോടെ സൈന്യം പിടികൂടി. സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചനകളനുസരിച്ച് കൊല്ലപ്പെട്ടവര്‍ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നാല് പ്രദേശങ്ങളിലും പോലീസും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.

വിവാഹ മേക്കപ്പിനിടെ പീഢിപ്പിച്ചുവെന്ന ആരോപണം: കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിദേശത്തേക്ക് കടന്നതായി സംശയം

കൊച്ചി: പീഡന ആരോപണത്തില്‍ കേസെടുത്തതിന് പിന്നാലെ കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അനീസ് അന്‍സാരിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പരാതികള്‍ ഉയര്‍ന്നതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പിന്നാലെ ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് വിവരം. അനീസിന്റെ പാലാരിവട്ടത്തെ മേക്കപ്പ് സ്റ്റുഡിയോയില്‍ പോലീസ് പരിശോധന നടത്തി. വിവാഹ മേക്കപ്പിനിടെ ഇയാള്‍ മോശമായി പെരുമാറി എന്നായിരുന്നു യുവതികളുടെ പരാതി. കേരളത്തിനു പുറത്ത് താമസിക്കുന്ന മൂന്ന് യുവതികള്‍ സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന് ഇ-മെയിലില്‍ പരാതി നല്‍കുകയായിരുന്നു. അതില്‍ രണ്ട് പരാതികളിലാണ് കേസെടുത്തത്. മൂന്നാമത്തെ പരാതി വിശദമായി പരിശോധിച്ച ശേഷം കേസെടുക്കും.. ദുബായിലേക്ക് കടന്നുവെന്ന് സംശയിക്കുന്ന ഇയാളുടെ മൊബൈല്‍ സിച്ച് ഓഫാണ്. ഇയാളുടെ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയ്ക്ക് ശാഖകളുണ്ട്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇയാള്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്.