ഉക്രൈനില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനസൗകര്യം ഒരുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഉക്രൈനിലെ യുദ്ധമുഖത്തുനിന്ന് ഇന്ത്യയിലേക്ക് ഓപ്പറേഷന്‍ ഗംഗയിലൂടെ മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ഇരുപത്തിനായിരത്തില്‍ അധികം മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.

ഈവിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ദേശീയ മെഡിക്കല്‍ കമ്മിഷനോടും നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുച്ഛേദ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാനുള്ള അവകാശമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യുദ്ധമുഖത്തുനിന്ന് വരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള ഇളവ് അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. അഭിഭാഷകന്‍ ജോസ് എബ്രഹാം മുഖേനയാണ് പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി മാര്‍ച്ച് 21 ന് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചേക്കും.

Print Friendly, PDF & Email

Leave a Comment

More News