തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു

അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ സ്ത്രീകൾ പ്രതിഷേധിക്കുന്നു. (ഫോട്ടോ: ട്വിറ്റർ/@ZahraSRahimi)

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ ഗവർണറുടെ ഓഫീസിന് പുറത്ത് മൂന്ന് ഡസനോളം സ്ത്രീകൾ പ്രകടനം നടത്തി. പുതിയ സർക്കാരിൽ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് മുൻഗണന നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. ‘ലോയ ജിർഗ’ (ദേശീയ അസംബ്ലി), മന്ത്രിസഭ എന്നിവയുൾപ്പെടെ പുതിയ സർക്കാരിൽ സ്ത്രീകൾക്ക് രാഷ്ട്രീയ പങ്കാളിത്തം ലഭിക്കണമെന്ന് വ്യാഴാഴ്ച റാലിയുടെ സംഘാടകയായ ഫ്രിബ കബർജനി പറഞ്ഞു.

അഫ്ഗാനിസ്ഥാൻ സ്ത്രീകൾ കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് ഇന്നത്തെ അവസ്ഥ കൈവരിച്ചതെന്ന് കബര്‍ജനി പറഞ്ഞു. ലോകം ഞങ്ങളെ ശ്രദ്ധിക്കണമെന്നും ഞങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താലിബാൻ രാജ്യത്ത് അധികാരം ഏറ്റെടുത്തതിന് ശേഷം സ്ത്രീകൾ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായപ്പോൾ, ചില പ്രാദേശിക കുടുംബങ്ങൾ റാലിയിൽ പങ്കെടുക്കാൻ മറ്റ് സ്ത്രീകളെ അനുവദിച്ചില്ലെന്നും കബർജനി ആരോപിച്ചു.

“താലിബാൻ ടിവിയിൽ ധാരാളം ഗീര്‍‌വാണങ്ങളും പ്രസംഗങ്ങളും നടത്തുന്നുണ്ടെങ്കിലും പരസ്യമായി അവർ അധികാരം ദുരുപയോഗം ചെയ്യുകയാണ്. അവർ വീണ്ടും സ്ത്രീകളെ അടിക്കുന്നത് ഞങ്ങൾ കണ്ടു. സ്ത്രീകളെ അടിമകളായി കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്,” പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റൊരു സ്ത്രീ മറിയം അബ്രാംസ് പറഞ്ഞു.

സ്ത്രീകളുടെ ജോലി ചെയ്യാനുള്ള അവകാശത്തെക്കുറിച്ച് താലിബാൻ സർക്കാരിൽ നിന്ന് വ്യക്തമായ ഉത്തരം ലഭിക്കാത്തതിൽ നിരാശരായാണ് തെരുവിലിറങ്ങിയതെന്ന് മറിയം അബ്രാംസ് പറഞ്ഞു .

ജോലിക്ക് വരരുതെന്ന് തന്നോടും മറ്റ് സ്ത്രീകളോടും താലിബാന്‍ പറഞ്ഞിട്ടുണ്ടെന്ന് 24 കാരിയായ അബ്രാംസ് പറഞ്ഞു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരത്തിലെ അവരുടെ ഓഫീസുകളിൽ എത്തിയപ്പോഴാണ് അവരെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നും അബ്രാംസ് പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ വിശദീകരണം തേടാൻ താനും മറ്റ് ഹെറാത്തി സ്ത്രീകളും താലിബാൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുയോജ്യമായ ഉത്തരം ലഭിച്ചില്ലെന്ന് അബ്രാംസ് പറഞ്ഞു.

“എല്ലാ തലങ്ങളിലും താലിബാനുമായി ഇടപഴകാൻ ആഴ്ചകളോളം ശ്രമിച്ചതിന് ശേഷമാണ് സ്ത്രീകൾ അവരുടെ ശബ്ദം പരസ്യമായി പ്രകടിപ്പിക്കാന്‍ തീരുമാനിച്ചത്,” അബ്രാംസ് പറഞ്ഞു.

1996-2001 കാലഘട്ടത്തിലെ താലിബാന്റെ മുൻകാല ഭരണത്തെ പരാമർശിച്ചുകൊണ്ട്, സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും നിയന്ത്രണങ്ങളുണ്ടെന്ന് അവർ പറഞ്ഞു. “ഞങ്ങൾ അവരോട് സംസാരിക്കാൻ ശ്രമിച്ചു, പക്ഷേ 20 വർഷങ്ങൾക്ക് മുമ്പ് താലിബാൻ ഒന്നും കണ്ടില്ല. അവര്‍ക്ക് അന്നത്തേതില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ല.”

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാൻ ഏറ്റെടുത്തതിനു ശേഷം, താലിബാൻ നേതൃത്വം സ്ത്രീകൾക്ക് ജോലി ചെയ്യാനും വിദ്യാഭ്യാസം നേടാനും അനുവദിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

പോലീസ് മേധാവിയും ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്ടറും ഉൾപ്പെടെ നിരവധി താലിബാൻ നേതാക്കളോട് സ്ത്രീകൾ തുറന്നു സംസാരിച്ചതായി അവർ പറഞ്ഞു. “നിങ്ങൾ അധിനിവേശത്തിൽ നിന്ന് രക്ഷപ്പെട്ടു, നിങ്ങൾ ജനാധിപത്യം നശിപ്പിച്ചു, പക്ഷേ നിങ്ങൾ എന്ത് പകരം വയ്ക്കും, ഞങ്ങളുടെ പങ്ക് എന്തായിരിക്കും?” അബ്രാംസ് ചോദിച്ചു.

അഴിമതിക്കാരായ മുൻ സർക്കാരിന്റെ വിമർശനം താൻ അംഗീകരിക്കുന്നുവെന്നും എന്നാൽ താലിബാൻ നയിക്കുന്ന പുതിയ സംവിധാനം സ്ത്രീകൾക്ക് എന്തെല്ലാം നൽകുമെന്ന് അറിയണമെന്നും അബ്രാംസ് താലിബാന്‍ അധികൃതരോട് ചോദിക്കുന്നു.

മുതിർന്ന താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായിയുമായി അടുത്തിടെ നടത്തിയ ഒരു അഭിമുഖമാണ് തന്നെ തെരുവിലിറങ്ങാൻ നിർബന്ധിതയാക്കിയതെന്ന് അവര്‍ പറഞ്ഞു.

ഭാവിയിൽ താലിബാൻ നയിക്കുന്ന സർക്കാരിൽ സ്ത്രീകൾക്ക് സ്ഥാനമുണ്ടാകില്ലെന്ന് അടുത്തിടെ ബിബിസി പഷ്‌തോയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്റ്റാനിക്‌സായ് പറഞ്ഞിരുന്നു.

സ്ത്രീകളുടെ ആവശ്യങ്ങൾ സംബന്ധിച്ച്, അബ്രാംസ് പറഞ്ഞു, “ഞങ്ങൾ അവകാശങ്ങൾ മാത്രമാണ് ചോദിക്കുന്നത്’. സ്ത്രീകളില്ലാതെ സർക്കാർ ഒരിക്കലും നിലനിൽക്കില്ല.”

എന്നാല്‍, താലിബാൻ ഭരണകൂടത്തിലും ലോയ ജിർഗയിലും (ദേശീയ സമ്മേളനങ്ങൾ) സ്ത്രീകളുടെ തുല്യ പ്രാതിനിധ്യം അനുവദിക്കുകയാണെങ്കിൽ, താനും സഖ്യകക്ഷികളും അവരെ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു.

സ്ത്രീകൾ ജോലി ചെയ്യുന്നതിനെക്കുറിച്ച് താലിബാന്‍ സമ്മിശ്ര സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഓഗസ്റ്റ് അവസാനത്തിൽ, ഇസ്ലാമിക നിയമത്തിന്റെ പരിധിക്കുള്ളിൽ സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടുമെന്ന് താലിബാന്റെ മുഖ്യ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞിരുന്നു.

ഇസ്ലാമിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് സ്ത്രീകളെ പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുമെന്നും, അവർ സമൂഹത്തിൽ വളരെ സജീവമായിരിക്കുമെന്ന് മുജാഹിദ് പറഞ്ഞിരുന്നു.

സർക്കാരിനോടൊപ്പം ജോലി ചെയ്യുന്ന സ്ത്രീകൾ റോഡുകളിലും ഓഫീസുകളിലും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ വീട്ടിൽ തന്നെ തുടരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News